തെലങ്കാന ഇന്റര്‍മീഡിയറ്റ് പരീക്ഷയിലെ കൂട്ടത്തോല്‍വിയെ തുടര്‍ന്ന് 19 കുട്ടികള്‍ ആത്മഹത്യ ചെയ്തു. അവസാനമായി മൂന്ന് കുട്ടികള്‍കൂടി ജീവനൊടുക്കിയതോടെയാണ് 24 മണിക്കൂറിനുള്ളില്‍ മരിച്ചവരുടെ എണ്ണം 19 ആയത്. കൃത്യമായ മൂല്യനിര്‍ണയം നടത്താത്തതാണ് അപ്രതീക്ഷിതമായ കൂട്ടത്തോല്‍വിക്ക് കാരണമെന്ന് ഒരുവിഭാഗം ആരോപിച്ചു.
ഉയര്‍ന്ന മാര്‍ക്കുള്ള കുട്ടികള്‍ പോലും തോറ്റതായാണ് കാണിക്കുന്നത്. 1000 മാര്‍ക്കുള്ളതില്‍ 900 ലഭിച്ച 11 വിദ്യാര്‍ഥികളും 850നും 900നും ഇടയില്‍ മാര്‍ക്ക് ലഭിച്ച 125 പേരും 750ന് മുകളില്‍ മാര്‍ക്കു ലഭിച്ച 2000 വിദ്യാര്‍ഥികളുമാണ് തോറ്റിരിക്കുന്നത്. ഇവരെല്ലാം ഒരു വിഷയത്തിന് മാത്രമാണ് തോറ്റിരിക്കുന്നത്. മുഴുവന്‍ പരീക്ഷയും എഴുതിയ ചില കുട്ടികള്‍ ചില വിഷയങ്ങളില്‍ ഹാജരായിട്ടില്ലെന്ന് പറഞ്ഞും തോല്‍പ്പിച്ചിട്ടുണ്ട്. ഇതിനിടെ തെലുങ്കില്‍ പൂജ്യം ലഭിച്ച വിദ്യാര്‍ഥിനി ഉത്തരക്കടലാസ് പുനര്‍മൂല്യനിര്‍ണയം ചെയ്തപ്പോള്‍ മാര്‍ക്ക് 99 ആയി.
തെലങ്കാനയില്‍ പരീക്ഷയില്‍ തോല്‍ക്കുന്ന കുട്ടികള്‍ ആത്മഹത്യ ചെയ്യുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചുവരുന്നതായി വിദഗ്ധര്‍ പറയുന്നു. 2018ല്‍ ആറ് കുട്ടികള്‍ ആത്മഹത്യ ചെയ്തിരുന്നു. തീകൊളുത്തിയും തൂങ്ങിയുമാണ് കൂടുതല്‍ പേരും ആത്മഹത്യ ചെയ്തിരിക്കുന്നത്.
പരീക്ഷയെഴുതിയ മൂന്ന് ലക്ഷം വിദ്യാര്‍ഥികളാണ് തോറ്റത്. കൂട്ടത്തോല്‍വിക്ക് പിന്നില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഇടപെടലുണ്ടെന്ന് ആരോപണമുണ്ട്.
Discussion about this post