വോട്ടെടുപ്പു കഴിഞ്ഞതോടെ സര്‍ക്കാര്‍ ജനോപകാര തീരുമാനങ്ങളില്‍ മലക്കം മറിഞ്ഞു. വരുന്ന ഒന്നാം തീയതി ശമ്പളത്തിനൊപ്പം ഒരു വര്‍ഷത്തെ ക്ഷാമബത്ത (ഡിഎ) കുടിശികയടക്കം നല്കുമെന്നറിയിച്ചു തെരഞ്ഞെടുപ്പിനു മുന്‍പ് ഉത്തരവിറക്കി 5 ലക്ഷം സര്‍ക്കാര്‍ ജീവനക്കാരെ കയ്യിലെടുക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ ഇന്നലെ പൊടുന്നനെ നിലപാടു മാറ്റി. 5% ഡിഎ വര്‍ധന മാത്രമേ ഈ മാസത്തെ ശമ്പളത്തിനൊപ്പം നല്‍കിത്തുടങ്ങൂവെന്നും 16 മാസത്തെ കുടിശികത്തുക തല്ക്കാലമില്ലെന്നുമാണു പുതിയ ഉത്തരവ്.
കുടിശികയടക്കം ഡിഎ നല്കുമെന്നു ബജറ്റിലടക്കം വലിയ പ്രഖ്യാപനം നടത്തുകയും ഉത്തരവിറക്കുകയും ചെയ്തിട്ടു പെട്ടെന്നുള്ള പിന്മാറ്റം കബളിപ്പിക്കലായി. കുടിശികയായി 10,000 രൂപ മുതല്‍ 50,000 രൂപ വരെയാണു ജീവനക്കാര്‍ക്കു വരുന്ന ഒന്നാം തീയതി മുതല്‍ കിട്ടേണ്ടിയിരുന്നത്. തടഞ്ഞുവച്ചവര്‍ക്കും സാമൂഹിക സുരക്ഷാ പെന്ഷന് നല്‍കാനായിരുന്നു തെരഞ്ഞെടുപ്പിനു മുന്‍പുള്ള തീരുമാനം. ഇതിന്റെ വിതരണം ആരംഭിക്കുകയും ചെയ്തു. എന്നാല്‍, മുന്‍ഗണനാ റേഷന്‍ കാര്‍ഡില്‍പ്പെടാത്തവരെ അര്‍ഹരുടെ പട്ടികയില്‍ നിന്നു നീക്കാന്‍ നിര്‍ദേശിച്ചു വോട്ടെടുപ്പു കഴിഞ്ഞു രണ്ടാം നാള് ധനവകുപ്പ് ഉത്തരവിറക്കി. പുതിയ ഉത്തരവു പ്രകാരം വെള്ള റേഷന്‍ കാര്‍ഡുള്ളവരുടെ സാമ്പത്തിക ശേഷി പരിശോധിച്ച ശേഷമേ ഇനി സാമൂഹിക സുരക്ഷാ പെന്ഷന് നല്‍കൂ.
ഭര്‍ത്താവ് മരിക്കുകയോ 7 വര്‍ഷത്തിലധികമായി ഭര്‍ത്താവിനെ കാണാതാവുകയോ ആയ സ്ത്രീകള്‍ക്കു മാത്രമേ വിധവാ പെന്ഷന് നല്‍കൂ. പണമില്ലാത്തതിനാലാണു രണ്ടു തീരുമാനങ്ങളില്‍ നിന്നും പിന്നോട്ടു പോകുന്നതെന്നു സര്‍ക്കാര്‍ വ്യക്തമാക്കിയെങ്കിലും ചീഫ് സെക്രട്ടറിയുടെ ഓഫിസ് മോടിപിടിപ്പിക്കാന്‍ 60 ലക്ഷം രൂപയും ചുമരില്‍ പാനല്‍ ഘടിപ്പിക്കാന്‍ 6 ലക്ഷവും മുഖ്യമന്ത്രിയുടെ ഓഫിസ് ഇടനാഴി മനോഹരമാക്കാന്‍ 12 ലക്ഷവും അനുവദിച്ചു പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയതും ശ്രദ്ധേയം
Discussion about this post