ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന് സമൂഹമാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. കത്തോലിക്കാ സഭയുടെ ഏതാനും പള്ളികളിൽ വെള്ളിയാഴ്ച തിരുക്കർമങ്ങൾ പുനരാരംഭിക്കും. ഇതിനിടെ, ചൈനക്കാരായ 2 പേർ കൂടി മരിച്ചതോടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വിദേശികളുടെ എണ്ണം 42 ആയി ഉയർന്നു.
റമസാൻ മാസാരംഭത്തിനു മുൻപ് സൈനികവേഷത്തിൽ ഭീകരർ ആക്രമണം നടത്തുമെന്ന സൂചനകളെ തുടർന്ന് സുരക്ഷ അതിശക്തമാക്കിയിട്ടുണ്ട്. മേയ് 6നാണ് ഇവിടെ റമസാൻ ആരംഭിക്കുന്നത്. കൊളംബോയിലേക്കു സ്ഫോടകവസ്തുക്കളുമായി കണ്ടെയ്നർ ട്രക്കും വാനും നീങ്ങിയിട്ടുണ്ടെന്ന സൂചനകളെ തുടർന്നു നടത്തിയ അന്വേഷണത്തിൽ നോർത്ത് സെൻട്രൽ പ്രവിശ്യയിലെ സുങ്കവിളയിൽ വീടിനോടു ചേർന്നുള്ള പൂന്തോട്ടത്തിൽ നിന്ന് വാനും അതിലുണ്ടായിരുന്ന 3 പേരെയും പൊലീസ് പിടികൂടി. സ്കൂൾ പ്രിൻസിപ്പൽ, തമിഴ് അധ്യാപകൻ എന്നിവരടക്കം 106 പേർ നേരത്തെ അറസ്റ്റിലായിരുന്നു. ഭീകരരിൽ ചിലർ പിടിയിൽ പെടാതെ ഇപ്പോഴും ശ്രീലങ്കയിലുണ്ടെന്നു സൂചനയുണ്ട്. ഇവർ വീണ്ടും ആക്രമണത്തിനൊരുങ്ങുന്നതായി സംശയമുണ്ട്.
253 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനങ്ങളെ തുടർന്നാണ് തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതു തടയാൻ ഫെയ്സ്ബുക്ക്, വാട്സാപ്, യൂട്യൂബ് തുടങ്ങിയവയ്ക്ക് വിലക്കേർപ്പെടുത്തിയത്. വിലക്ക് നീക്കിയെങ്കിലും ഉത്തമബോധ്യത്തോടുകൂടി മാത്രമെ ഇവ ഉപയോഗപ്പെടുത്താവൂ എന്ന് സർക്കാർ വ്യക്തമാക്കി.
Discussion about this post