(എഡിറ്റോറിയല്‍)
ആഴ്ചകള്‍ നീണ്ട ആവേശപ്രചരണം, ആരോപണ പ്രത്യാരോപണങ്ങള്‍.. ജനകീയ ശക്തി തെളിയിച്ച റെക്കോഡ് പോളിംഗ്..ഒടുവില്‍ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നിരിക്കുന്നു. പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കെ.എസ് ശബരിനാഥ് എന്ന ജി കാര്‍ത്തികേയന്റെ മകനും, യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെ.എസ് ശബരിനാഥന് വിജയം. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന് വിശേഷിപ്പിച്ച തെരഞ്ഞെടുപ്പില്‍ യുഡിഎഫ് എന്ന ഭരണമുന്നണിയും പ്രത്യേകിച്ച് സര്‍ക്കാരിനെ നയിക്കുന്ന ഉമ്മന്‍ചാണ്ടിയും നേടിയത് നിര്‍ണായക വിജയം തന്നെയാണ്.
അഴിമതി ആരോപണങ്ങളാല്‍ വീര്‍പ്പുമുട്ടിയ സര്‍ക്കാരിന്റെ വിധിയെഴുത്തായി, ജനകീയ പ്രതികരണത്തിന്റെ ശക്തമായ പ്രതിഫലമായി മാറുമെന്ന് അരുവിക്കരയിലെ ഭൂരിപക്ഷവും, മലയാളികളും പ്രതീക്ഷ അര്‍പ്പിച്ചിരുന്ന ജനവിധി പക്ഷേ യുഡിഎഫ് വിജയത്തോടെ ഫലം കണ്ടില്ല എന്ന് പറയേണ്ടി വരും. ത്രികോണ മത്സരത്തിന്റെ ചൂടില്‍ ഭരണവിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കപ്പെട്ടത് തന്നെയാണ് അരുവിക്കരയില്‍ യുഡിഎഫിന് വിജയമൊരുക്കിയത്. ശക്തമായ പോളിംഗും, പുതിയ വോട്ടര്‍മാരുമുണ്ടായിട്ടും യുഡിഎഫിന് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് ലഭിച്ച വോട്ടിനൊപ്പമെത്താന്‍ കഴിഞ്ഞില്ലെന്നത് ശ്രദ്ധിക്കുക. ബിജെപിയും, ഇടത് മുന്നണിയും ഭരണവിരുദ്ധ വോട്ടുകള്‍ പകുത്തതിന്റെ പേരില്‍ ലഭിച്ച ആനുകൂല്യം മാത്രമാണ് ശബരിനാഥിന്റെ വിജയം. അത് യുഡിഎഫ് സര്‍ക്കാരിന് ലഭിച്ച അംഗീകാരമായൊക്കെ എണ്ണുന്നത് ശുദ്ധ തട്ടിപ്പാകും.
എന്തായാലും കോണ്‍ഗ്രസിനകത്ത് നിന്ന് തന്നെ ശക്തമായ വിമര്‍ശനം ഏറ്റുവാങ്ങുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് വലിയ ആശ്വാസമാകും അരുവിക്കരയിലെ തെരഞ്ഞെടുപ്പ് ഫലം. ഉമ്മന്‍ചാണ്ടി നേതൃത്വത്തില്‍ നിന്ന് മാറണം, മന്ത്രിസഭയില്‍ പാടെ അഴിച്ച് പണി വേണം എന്നെല്ലാം ആഗ്രഹിക്കുന്ന രമേശ് ചെന്നിത്തലയെ പോലുള്ള നേതാക്കള്‍ക്ക് പതിനായിരത്തില്‍ കൂടുതല്‍ വോട്ടിന്റെ ഭൂരിപക്ഷത്തിലുള്ള ശബരിനാഥിന്റെ വിജയം വലിയ സന്തോഷം പകരില്ല. നേതൃത്വമാറ്റം എന്ന ആവശ്യം ശക്തിയായി ഉയര്‍ത്താനാവില്ലെങ്കിലും, സമര്‍ദ്ദവുമായി മുന്നോട്ട് പോകാന്‍ തന്നെയാകും ചെന്നിത്തലയും സംഘവും ശ്രമിക്കുക
അരുവിക്കരയിലെ പരാജയം പക്ഷേ ഏറ്റവും വലിയ തിരിച്ചടിയാകുക ഇടത് മുന്നണിയ്ക്കാണ്. പ്രത്യേകിച്ചു പ്രധാന കക്ഷിയായ സിപിഎമ്മിന്. ഏഴായിരത്തോളം വോട്ടില്‍ നിന്ന് മുപ്പത്തിനാലായിരം വോട്ടുകള്‍ നേടിയ ബിജെപിയാണ് ഇനിയുള്ള നളുകളില്‍ യുഡിഎഫിനേക്കാള്‍ സിപിഎമ്മിന് വെല്ലുവിളിയാകുക. ഒ രാജഗോപാലിനെ സ്ഥാനാര്‍ത്ഥിയാക്കിയതോടെ ഇടത് മുന്നണി പ്രതിരോധത്തിലായ സാഹചര്യം ഇനി തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പുകളിലും, നിയമസഭ തെരഞ്ഞെടുപ്പിലും സിപിഎം നേരിടേണ്ടി വരും. പ്രതിപക്ഷ സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടത്തിനിടയില്‍ യുഡിഎഫ് സര്‍ക്കാരിനെ പ്രതിരോധിക്കുക എന്ന പ്രസിസന്ധിയാണ് ഇനിയുള്ള നാളുകളില്‍ ഇടത് മുന്നണിയെ കാത്തിരിക്കുന്നത്. അഴിമതി, വികസന വിരുദ്ധത എന്നി കാര്യങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ കഴിയാത്തതല്ല, ബിജെപിയുടെ സാന്നിധ്യമാണ് തിരിച്ചടിയായതെന്ന് സിപിഎം സമ്മതിക്കുന്നത് ഈ സാഹചര്യത്തിലാണ്. അരുവിക്കരയില്‍ ഒരു പ്രചരണയോഗത്തില്‍ പോലും പങ്കെടുക്കാതിരുന്ന പിണറായി വിജയന്‍ ബിജെപിയ്ക്കും, സംഘപരിവാറിനും എതിരായി ദേശാഭിമാനിയില്‍ ലേഖനം എഴുതിയതും, എന്‍എസ്എസ് വിഷയത്തില്‍ ബിെജപിയ്‌ക്കെതിരെ ആഞ്ഞടിച്ചതും വരാനിരിക്കുന്നത് ബിജെപി-സിപിഎം ‘പോരാട്ട’ നാളുകളെന്ന സൂചനയാണ് നല്‍കുന്നത്.
ബിജെപിയെ സംബന്ധിച്ച് കേരളത്തില്‍ ഇടത് പക്ഷത്തിന്റെ ബദലാവാനാണ് എളുപ്പമെന്ന് അവര്‍ തിരിച്ചറിഞ്ഞ് തുടങ്ങിയിട്ട് കുറെ നാളായി. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യത്തേക്കാള്‍ ഉപരി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുക്ത കേരളം എന്ന മുദ്രാവാക്യത്തിലാണ് കേരളത്തിലെ ബിജെപിയ്ക്ക് താല്‍പര്യം. വലിയ തോതില്‍ സിപിഎം അണികള്‍ ബിജെപിയിലേക്ക് എത്തുന്ന സാഹചര്യം ബിജെപിയെ ശക്തപ്പെടുത്തുമെന്നാണ് അവരുടെ കണക്ക് കൂട്ടല്‍. അരുവിക്കരയിലെ ത്രികോണമമത്സരം തങ്ങളാണ് ഇനി കേരളത്തിന്റെ ഭാവി പ്രസ്ഥാനം എന്ന ധാരണ ഉണ്ടാക്കാന്‍ ബിജെപിയ്ക്ക് കരുത്ത് നല്‍കും. ഫലത്തില്‍ അരുവിക്കരയില്‍ ജയിച്ചത് ബിജെപിയാണെന്ന് ഭാവിയെ കൂടി വിലയിരുത്തുമ്പോള്‍ പറയേണ്ടി വരും.
അഴിമതി ആരോപണങ്ങളാലും മറ്റും ഏറെ വിമര്‍ശനം നേരിട്ട സര്‍ക്കാരിനെതിരായ വികാരം ഭിന്നിപ്പിച്ചത് വഴി ത്രികോണമത്സരത്തിന്റെ ഗുണഭോക്താക്കളാകുകയാണ് യുഡിഎഫ്. അതുവഴി ജനകീയ പ്രതികരണത്തിന്റെ വലിയൊരു സാധ്യത കൂടി ജനങ്ങള്‍ക്ക് മുന്നില്‍ അടഞ്ഞുവെന്ന് പറയേണ്ടി വരും. യൂഡിഎഫ് ജയിച്ചതോടെ യഥാര്‍ത്ഥത്തില്‍ തോറ്റത് പ്രതികരണ ശക്തിയുള്ള ജനങ്ങളും, അവരുടെ നിലപാടുകളുമാണ്.
Discussion about this post