ഈസ്റ്റർ സ്ഫോടന പരമ്പരക്കു പിന്നാലെ ശ്രീലങ്കയിൽ മുസ്ലിം സ്ഥാപനങ്ങൾക്കും പള്ളികൾക്കും നേരെയുള്ള അക്രമത്തിനിടെ ഒരാൾ കൊല്ലപ്പെട്ടു. അക്രമത്തിൽ പരിക്കേറ്റ 45കാരനാണ് പുട്ടലം ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്.
ജനക്കൂട്ടം ഇയാളെ ആയുധങ്ങൾ ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു. കലാപത്തിൽ കൊല്ലപ്പെടുന്ന ആദ്യ വ്യക്തിയാണ് ഇയാൾ. സംഭവത്തെ തുടർന്ന് പൊലീസ് പ്രദേശത്ത് കർഫ്യൂ വ്യാപിപ്പിച്ചു.
കഴിഞ്ഞദിവസം രാജ്യത്ത് ഫേസ്ബുക്ക്, വാട്സ്ആപ് അടക്കം സമൂഹമാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പടിഞ്ഞാറൻ ജില്ലയായ കുറുനെഗലയിൽ നിരവധി പള്ളികളും വീടുകളും സ്ഥാപനങ്ങളും തകർക്കപ്പെട്ടിരുന്നു.
അക്രമത്തിനു പിന്നിൽ പ്രവർത്തിച്ച യുവാക്കളുടെ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് സൈനിക വക്താവ് സുമിത് അട്ടപ്പട്ടു വ്യക്തമാക്കി. മുസ്ലിം ഭൂരിപക്ഷ പട്ടണമായ കിനിയാമയിലെ അബ്റാർ മസ്ജിദ് ഞായറാഴ്ച രാത്രി തകർക്കപ്പെട്ടു. ബുദ്ധസന്യാസിമാർ ഉൾപ്പെടെയുള്ളവരാണ് ആക്രമണത്തിന് നേതൃത്വം നൽകിയതെന്ന് പള്ളി ഭാരവാഹികൾ ആരോപിച്ചു.
പടിഞ്ഞാറൻ തീരപട്ടണമായ ചിലാവിലും ഞായറാഴ്ച സ്ഥാപനങ്ങൾക്ക് നേരെ ആക്രമണമുണ്ടായി. ഒരാളെ മർദിച്ച് മൃതപ്രായനാക്കുകയും ചെയ്തു. ഫേസ്ബുക്കിൽ ആരംഭിച്ച തർക്കമാണ് ഇവിടെ നിരത്തിലെ സംഘർഷമായി കലാശിച്ചത്
Discussion about this post