ഡല്‍ഹി: പാക്കിസ്ഥാന് ഏറെ ഭയക്കുന്ന ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനാണ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍. അതിര്‍ത്തി കടന്നുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ അണുകിട പിഴക്കാതെയുള്ള മിന്നലാക്രമണത്തിന്റെ അണിയറ ശില്പിയും അജിത് ഡോവല്‍ ആയിരുന്നു. നേരത്തെ ഏറെ ആസൂത്രണത്തോടെ മ്യാന്മറില് നടത്തിയ അതിര്‍ത്തി കടന്നുള്ള ആക്രമണത്തിന്റെ കുറച്ച് കൂടെ ജാഗ്രത്തായ ആവിഷ്ക്കരണമായിരുന്നു സര്‍ക്കിക്കല്‍ സ്ട്രൈക്കിന് പിന്നില്‍. മ്യാന്മറില് പരീക്ഷിച്ച് വിജയിച്ച തന്ത്രം വീണ്ടും നടപ്പിലാക്കുകയായിരുന്നു അജിത് ഡോവല്‍. സൈനീക നീക്കത്തിന്റെ ആദ്യാവസാനം അജിത് ഡോവലിന്റെ നീരീക്ഷണം ഉണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. പ്രതിരോധമന്ത്രാലയത്തിനും, സൈന്യത്തിനും പ്രധാനമന്ത്രിയ്ക്കും ഇടയില്‍ പരസ്പരം കോര്‍ക്കുന്ന കണ്ണിയായി വര്‍ത്തിക്കുകയും ചെയ്തു അജിത് ഡോവല്‍. സൈനിക നടപടിയുടെ തുടക്കം മുതല്‍ ഒടുക്കം വരെ കണ്ണിലെണ്ണയൊഴിച്ച് ഉറക്കമുപേക്ഷിച്ച് ഡോവല്‍ വിവരങ്ങള്‍ തത്സമയം വീക്ഷിച്ചു. ബലാക്കോട്ട് തിരിച്ചടിക്കും അജിത് ഡോവലിന്റെ അനുഭവ സമ്പത്ത് തുണയായി.
കശ്്മീരും ബലൂചിസ്ഥാനും പിഒകെയും പാത്തിസ്ഥാന്റെ നയതന്ത്ര ശക്തിയും നേരിട്ട് അറിയാവുന്ന അജിത് ഡോവലിന് കാര്യങ്ങള്‍ കുറച്ച് കൂടെ എളുപ്പമായിരുന്നു. ഭീകരരുടെ ക്യാമ്പുകളുമായി ബന്ധപ്പെടാതെ അവരെ നോവിക്കാതെ ഇരിക്കുന്ന പാക് സമീപനം മുതലെടുക്കാനായിരുന്നു ഡോവലിന്റെയും സൈന്യത്തിന്റെ തീരുമാനം. പിഒകെയിലെ ഭീകരക്യാമ്പുകളില്‍ സൈന്യം മിന്നല്‍ ആക്രമണം നടത്തിയതോടെ ഇന്ത്യന്‍ ആക്രമണത്തെ എങ്ങനെ അന്താരാഷ്ട്ര സമൂഹത്തില്‍ അവതരിപ്പിക്കണം എന്നറിയാതെ പാക്കിസ്ഥാന് കുഴങ്ങി. ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ചു എന്ന് സമ്മതിച്ചാല്‍ തങ്ങളുടെ നിയന്ത്രണത്തില്‍ രാജ്യത്ത് ഭീകരര്‍ പരിശീലനം നേടുന്നു എന്ന് സമ്മതിക്കലാകും. മറിച്ചാണെങ്കില്‍ അത് സൈനീക തിരിച്ചടി എന്ന നിലയില്‍ ഗൗവരവത്തോടെ സമീപിക്കേണ്ട സാഹചര്യം ഉണ്ടാകും. ഇത് രണ്ടാമത്തേത് പക്ഷേ പാക്കിസ്ഥാന് ഭീകരര്‍ക്കായി നിലകൊള്ളുന്നു എന്ന പ്രതീതി ഉണ്ടാക്കുകയും ചെയ്തു. ഫലത്തില്‍ വല്ലാത്തൊരു കുരുക്കില്‍ പാക്കിസ്ഥാനെ പെടുത്തുകയായിരുന്നു ‘ഇന്ത്യന്‍ സ്പൈ’ ചെയ്തത്.
ഇന്ത്യന്‍ ഹൈക്കമ്മീഷണറായി ഏഴുവര്‍ഷക്കാലം പാകിസ്ഥാനില്‍ പ്രവര്‍ത്തിച്ചത് ഡോവലിന് ഏറെ ഗുണം ചെയ്തു. 33 വര്‍ഷവും ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിലാണ് ജോലി ചെയ്തിരുന്നത്. പത്തുവര്‍ഷം ഐ.ബി.യുടെ ഓപ്പറേഷന് വിംഗിന്റെ തലവനുമായിരുന്നു ഈ മേഖലകളിലെ പ്രവര്‍ത്തന പരിചയമാണ് മ്യാന്മറില് നടന്ന മിന്നല്‍ ആക്രമണത്തില്‍ ഡോവല്‍ പുറത്തെടുത്തത്. മറ്റ് പലര്‍ക്കും ഉള്ള മുന്നറിയിപ്പ് എന്ന നിലയിലായിരുന്നു അജിത് ഡോവല്‍ ഈ ആക്രമണത്തെ പിന്നീട് വിശേഷിപ്പിച്ചത്. ആ വാക്കുകള്‍ ഇപ്പോഴത്തെ ആക്രമണത്തോടെ അന്വര്‍ത്ഥമാക്കുകയും ചെയ്തു അദ്ദേഹം.ഇന്ത്യ എല്‍ഒസി കടക്കില്ല എന്ന വിശ്വാസം പാക്കിസ്ഥാനുണ്ടായിരുന്നത് തകരുന്നതോടെ ആ രാജ്യം ആത്മവിശ്വാസത്തിന്റെ കാര്യത്തില്‍ ഏറെ പിന്നോട്ട് പോകുമെന്ന് ഡോവലിന് അറിയാമായിരുന്നു. തികച്ചും അപ്രതീക്ഷിതമായ തിരിച്ചടി പാക്കിസ്ഥാനെ അങ്കലാപ്പിലാക്കി. മറ്റ് രാജ്യങ്ങളില്‍ നിന്ന് യാതൊരു പിന്തുണയും വിഷയത്തില്‍ കിട്ടിയില്ല എന്നിടത്തും അജിത് ഡോവലിന്റെ നയതന്ത്ര ചാതുരിയുണ്ട്.
അഫ്ഗാനിസ്ഥാനുമായി അടുത്ത ബന്ധം പുലര്‍ത്തി കൊണ്ടുള്ള ഇന്ത്യന്‍ നീക്കങ്ങള്‍ക്ക് പിന്നില്‍ അജിത് ഡോവലിന്റെ ബുദ്ധിയായിരുന്നു. ബംഗ്ലാദേശിന്റെ പിന്തുണ നേടിയെടുക്കുന്നതിലും ഡോവലിന്റെ ഇടപെടലുകള്‍ ശക്തിയായി. പാക്കിസ്ഥാനിലെ തന്നെ പല ഗ്രൂപ്പുകളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് അജിത് ഡോവല്‍ എന്ന ആക്ഷേപം പാക്കിസ്ഥാന് പലതവണ മുന്നോട്ട് വച്ചിരുന്നു. ആ രാജ്യത്തിനകത്ത് തന്നെ ശക്തമായ സംവിധാനം ഉണ്ടാക്കിയെടുക്കാന്‍ ഇന്ത്യന്‍ ജെയിംസ് ബോണ്ടിന് കഴിഞ്ഞുവെന്ന ഭീതി പാക്കിസ്ഥാനുണ്ട്. ബലൂചിസ്ഥാന്‍ നേതാക്കളുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് അജിത് ഡോവല്‍. ബലൂചിസ്ഥാനെ പിന്തുണച്ച് കശ്മീരില്‍ ഇടപെടുന്ന പാക്കിസ്ഥാനെ പിന്നോട്ടടിക്കുക എന്ന തന്ത്രത്തിന് പിന്നിലും ഡോവലിന്റെ ബുദ്ധി തന്നെയാണ്. പിഒകെയില്‍ അവകാശവാദം ശക്തമാക്കിയുള്ള പ്രതിരോധം പാക്കിസ്ഥാനെ ദുര്‍ബലമാക്കുമെന്നും സൂപ്പര്‍ സ്പൈ കണക്ക് കൂട്ടി. ഫലത്തില്‍ എല്ലാ തലത്തിലും ശത്രുരാജ്യത്തെ വരിഞ്ഞ് കെട്ടിയാണ് അജിത് ഡോവല്‍ തന്ത്രം പണിഞ്ഞത്.
ഇന്ത്യയുടെ സൂപ്പര്‍ സ്പൈ ആയാണ് ഡോവല്‍ അറിയപ്പെടുന്നത്. സുവര്‍ണ ക്ഷേത്രത്തിലെ സൈനിക നടപടി, കാണ്ഡഹാര്‍ വിമാന റാഞ്ചല്‍, വടക്കുകിഴക്കന്‍ വിഘടനവാദികളെ ഇന്ത്യയുടെ ഭാഗത്തേക്ക് കൂറുമാറ്റിയത് തുടങ്ങി നിരവധി ദൗത്യങ്ങളില്‍ ഡോവലിന്റെ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. അപസര്‍പ്പക കഥകളേപ്പോലും വെല്ലുന്ന പ്രവര്‍ത്തനങ്ങളാണ് 71 കാരനായ ഈ സുരക്ഷാ ഉപദേഷ്ടാവ് തന്റെ മുന്‍കാലങ്ങളില്‍ നടത്തിയിട്ടുള്ളത്. സേനയിലെ ഐഎസ്ഐ സ്പെഷ്യലിസ്റ്റ് എന്നാണ് ഡോവലിനെ വിശേഷിപ്പിച്ചിരുന്നത്.1968ല്‍ കേരളാ കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഡോവല്‍ 2005 ല്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചിരുന്നു. യുപിഎ സര്‍ക്കാര്‍ അപ്രധാന തസ്തികകളില്‍ ഒതുക്കിയിരുന്ന ഏറ്റവും മികച്ച നയതന്ത്ര ഉദ്യോഗസ്ഥന് കൂടിയായ അജിത് ഡോവലിനെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് സ്ഥാനത്തേക്ക് കൊണ്ടു വന്ന നരേന്ദ്രമോദിയുടെ നീക്കം ഏറെ തന്ത്രപരമായാണ് വിലയിരുത്തപ്പെട്ടത്. രാജ്യം നേരിടുന്ന പ്രതിസന്ധി ഘട്ടങ്ങളില്‍ നരേന്ദ്രമോദി-അജിത് ഡോവല്‍ കൂട്ടുകെട്ട് വലിയ വിജയമാകുന്ന കാഴ്ചയ്ക്കും ലോകം സാക്ഷിയായി.
ദേശീയ സുരക്ഷ ഉപദേഷ്ടാവ് സ്ഥാനത്തേക്ക് തല്ക്കാലം മറ്റൊരു പേരും പരിഗണിക്കാനാവാത്ത വിധത്തില്‍ അജിത് ഡോവലിന്റെ സാന്നിധ്യം സുരക്ഷ നടപടികളില്‍ പ്രകടമാണ്. അഞ്ചു വര്‍ഷത്തേക്ക് കൂടി ദേശീയ സുരക്ഷ ഉപദേഷ്ടാവ് സ്ഥാനത്ത് അജിത് ഡോവല്‍ നിയമിക്കപ്പെടുമ്പോള്‍ ഉള്ളു കിടുങ്ങുക പാക്കിസ്ഥാനുള്പ്പെടുന്ന ശത്രുരാജ്യങ്ങള്‍ക്കും, ഭീകരര്‍ക്കുമാണ്. അടിച്ചാല്‍ തിരിച്ചടി എന്ന രീതിയിലുള്ള നയംമാറ്റത്തിന് മോദിയ്ക്ക് പിന്നിലെ ചാലക ശക്തി ഇന്ത്യന്‍ ജെയിംസ് ബോണ്ട് എന്ന് ശത്രുക്കള്‍ വരെ വിളിക്കുന്ന അജിത് ഡോവലാണ്. നയതന്ത്രതലത്തിലുള്ള നിര്‍ണായക നീക്കങ്ങള്‍ക്ക് പിന്നിലും ഈ മോദി വിശ്വസ്തന്റെ കരസ്പര്‍ശമുണ്ട്.
Discussion about this post