പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റേഡിയോ പരിപാടി മന് കി ബാത്തിനെ അനുകരിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബ്ലോഗിലൂടെയാണു യോഗി ആദിത്യനാഥ് തന്റെ ‘മൻ കി ബാത്ത്’ സംപ്രേഷണം ചെയ്തത്. ജനതകൾക്കുളള സന്ദേശം, ജാതിരഹിത ഇന്ത്യ എന്ന ശീർഷകത്തിലായിരുന്നു സന്ദേശം.
ഉത്തർപ്രദേശിൽ എസ്പി– ബിഎസ്പി സഖ്യം ജാതിരാഷ്ട്രീയം പയറ്റുകയാണെന്നും സഖ്യത്തിന്റെ പേരിലുള്ള കള്ളക്കളി ജനം തിരിച്ചറിയുമെന്നും പലതവണ വിമർശനം ഏറിഞ്ഞ യോഗി, തന്റെ മൻകി ബാത്തിലും കുറ്റപ്പെടുത്തൽ ആവർത്തിച്ചു. ദേശീയതയിലും വികസനത്തിലും ഊന്നിയുള്ള മോദിയുടെ കൂട്ടായ പരിശ്രമത്തിലൂടെ രാജ്യവികസനമെന്ന കാഴ്ചപ്പാട് ബിജെപിക്കു വൻ വിജയം നേടികൊടുത്തുവെന്നും യോഗി പറഞ്ഞു.
മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനെ കുറിച്ച് കാവ്യാത്മകമായ കുറിപ്പും ബ്ലോഗിൽ ചേർത്തിട്ടുണ്ട്. ജാതിയുടെയും മതത്തിന്റെയും പേരിൽ വൈദ്യുതിയും വെള്ളവും റോഡും നൽകിയിരുന്ന ഒരു കാലഘട്ടം ഇന്ത്യയിൽ ഉണ്ടായിരുന്നു. ഒരു കുടുംബത്തിൽ നിന്നുള്ളവരോ ഒരു സമുദായത്തിൽ നിന്നുള്ളവരോ സുപ്രധാന ചുമതലകൾ വഹിക്കുന്ന ആ കാലം കഴിഞ്ഞു. ജാതിരഹിത ഇന്ത്യയ്ക്കു തറക്കല്ലിട്ടതു നമ്മുടെ പ്രധാനമന്ത്രിയാണ്– യോഗി പറഞ്ഞു.
ജാതിരഹിത ഇന്ത്യ കെട്ടിപ്പടുക്കാനുള്ള മോദിയുടെ ശ്രമങ്ങളെ ശ്രീബുദ്ധനോടും നെൽസൻ മണ്ടേലയോടും എബ്രഹാം ലിങ്കനോടും മഹാത്മാ ഗാന്ധിയോടുമാണു യോഗി ആദിത്യനാഥ് ഉപമിച്ചത്.
Discussion about this post