ശബരിമലയില്‍ മണ്ഡലമകരവിളക്ക് കാലത്ത് ഭക്തരെ മര്‍ദിക്കുകയും വാഹനങ്ങള്‍ അടിച്ചു തകര്‍ക്കുകയും ചെയ്ത പോലീസുകാര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കണമെന്ന് ഹൈക്കോടതി.
ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ബാധ്യതയുള്ള പോലീസ് അത് തകര്‍ക്കുന്നത് ന്യായീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമലയില്‍ ഭക്തരെ മര്‍ദിക്കുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്ത പോലീസുകാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം.
തീര്‍ഥാടകരെ സഹായിക്കാനാണ് ശബരിമലയില്‍ പോലീസിനെ നിയോഗിക്കുന്നതെന്നും സ്തുത്യര്‍ഹ സേവനമാണ് സന്നിധാനത്ത് അവര്‍ നിര്‍വഹിക്കേണ്ടതെന്നും ഹൈക്കോടതി ഓര്‍മിപ്പിച്ചു.ശബരിമലയില്‍ ഏതാനും പേര് ചെയ്ത നടപടികള്‍ സേനയ്ക്ക് ചീത്തപ്പേരാണ് ഉണ്ടാക്കുന്നതെന്നും കോടതി ചുണ്ടിക്കാട്ടി. എന്നാല്‍, ശബരിമലയില്‍ അക്രമം നടത്തിയ എട്ട് പോലീസുകാരെ മാത്രമെ തിരിച്ചറിഞ്ഞുള്ളുവെന്നും അവര്‍ക്കെതിരേ നടപടി ആരംഭിച്ചെന്നും സര്‍ക്കാര്‍ കോടതിയെ വ്യക്തമാക്കി. പ്രശ്നമുണ്ടാക്കിയ ഉദ്യോസ്ഥര്‍ക്കെതിരേ നടപടിയെടുക്കുന്നതില്‍ അലംഭാവം പാടില്ലെന്നും ഉത്തരവാദിത്വം കാണിക്കണമെന്നും കോടതി ഓര്‍മിപ്പിച്ചു. ഇതേ തുടര്‍ന്ന് ഏതൊക്കെ പോലീസുകാരാണ് അതിക്രമം നടത്തിയതെന്നും സ്വീകരിച്ച നടപടിയും വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്കി.
Discussion about this post