ലൈംഗിക പീഡന പരാതിയിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ബിനോയ് കോടിയേരിയോട് മുംബൈ പൊലീസ് ആവശ്യപ്പെട്ടതായി സൂചന. അതിനിടെ അറസ്റ്റ് ഒഴിവാക്കാൻ ബിനോയ് മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായും വിവരങ്ങളുണ്ട്. കേസ് സിപിഎമ്മിനെതിരെ കോൺഗ്രസ് ആയുധമാക്കിയപ്പോൾ പാർട്ടിക്ക് ബന്ധമില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് സിപിഎം നേതാക്കൾ.
ബിനോയ് കോടിയേരിക്കെതിരായ പരാതിയിൽ അന്വേഷിക്കാൻ മുബൈ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തിനുള്ളിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ബിനോയിയോട് പൊലീസ് ആവശ്യപ്പെട്ടതായി വിവരമുണ്ട്. പരാതി നല്‍കിയ യുവതിയിൽ നിന്നും പൊലീസ് ഉടൻ മൊഴി രേഖപ്പെടുത്തും. യുവതിക്കൊപ്പം ബിനോയ് നിൽക്കുന്ന ചിത്രങ്ങളും ബാങ്ക് സ്റ്റേറ്റ്മെന്റുകളും പൊലീസ് പരിശോധിക്കും.
അതേസമയം യുവതിയുടെയും കുട്ടിയുടെയും ചെലവിനായി ബിനോയി 2010 മുതല്‍ 2015 വരെ 80,000 മുതല്‍ ഒരു ലക്ഷം രൂപ വരെ മാസം നല്‍കിയിരുന്നതായി ബാങ്ക് രേഖകള്‍ സൂചിപ്പിക്കുന്നു. യുവതിയുടെ എട്ടു വയസ്സുള്ള കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റില്‍ പിതാവിന്റെ കോളത്തില്‍ ബിനോയി കോടിയേരിയുടെ പേരാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് പൊലീസിനെ ഉദ്ധരിച്ച് പ്രമുഖ ദിനപ്പത്രമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ദുബായില്‍ ബാര്‍ ഡാന്‍സറായിരുന്ന ബീഹാര്‍ സ്വദേശിനിയാണ് ബിനോയി കോടിയേരിക്കെതിരെ ലൈംഗികാരോപണവുമായി രംഗത്തുവന്നത്. വിവാഹവാഗ്ദാനം നല്‍കി ബിനോയി വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നും, ആ ബന്ധത്തില്‍ എട്ടുവയസ്സുള്ള മകനുണ്ടെന്നുമാണ് യുവതി പരാതിയില്‍ പറയുന്നത്.
Discussion about this post