തിരുവനന്തപുരം: ശബരിമലയില്‍ യുവതികളെ കയറ്റാനുള്ള ശ്രമം തിരിച്ചടിയായെന്ന് സിപിഎം തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്. ജനങ്ങളുടെ മനസ്സ് മനസ്സിലാക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടത് ഗൗരവകരമാണെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
സിപിഎമ്മിനെ തോല്‍പ്പിക്കാന്‍ യുഡിഎഫിന് ബിജെപി വോട്ട് മറിച്ചെങ്കിലും ബിജെപിയുടെ വോട്ട് ശതമാനം കൂടിയത് ആശങ്കയുയര്‍ത്തുന്നു. വനിതാ മതിലിനുശേഷം രണ്ട് യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചത് യുഡിഎഫും ബിജെപിയും ഉപയോഗപ്പെടുത്തിയെന്നും ഈ പ്രചാരണം അനുഭാവികള്‍ക്കിടയില്‍ വലിയ ആഘാതം സൃഷ്ടിച്ചുവെന്നും പാര്‍ട്ടി മുഖപത്രത്തില്‍ പ്രസിദ്ധീകരിച്ച തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കേന്ദ്രത്തില്‍ മതനിരപേക്ഷ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ഇടതുപക്ഷ സാന്നിധ്യം ശക്തിപ്പെടുത്തണമെന്ന മുദ്രാവാക്യത്തിന് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വിശ്വാസം നേടാന്‍ കഴിഞ്ഞില്ല. ബിജെപി കേന്ദ്രത്തില്‍ വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ഭയം മതനിരപേക്ഷ മനസ്സുകളില്‍ യുഡിഎഫിന് അനുകൂലമായി ചുവടു മാറ്റത്തിന് ഇടയാക്കി. ജനങ്ങള്‍ അകന്നതും പരമ്പരാഗത വോട്ടില്‍ ഒരുഭാഗത്തിന്റെ വിട്ടു പോകലും മനസ്സിലാക്കാന്‍ ആഴത്തിലുള്ള അവലോകനം ആവശ്യമാണെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
കേന്ദ്രകമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ട് ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗം ചര്‍ച്ചക്ക് ശേഷം അംഗീകരിച്ചു.
Discussion about this post