ലീഡ്സ്: രോഹിത് ശർമ്മ ഈ ലോകകപ്പിലെ അഞ്ചാം സെഞ്ചുറി നേടി. ഈ നേട്ടം കൈവരിക്കുന്ന ലോക ക്രിക്കറ്റിലെ ആദ്യ താരമാണ് രോഹിത് ശർമ്മ. 93 പന്തിലാണ് രോഹിത് സെഞ്ചുറി പൂർത്തിയാക്കിയത്. 14 ഫോറുകളും 2 പടുകൂറ്റൻ സിക്സറുകളും അടങ്ങുന്നതാണ് ഹിറ്റ്മാന്റെ ചരിത്ര സെഞ്ചുറി. നാല് സെഞ്ച്വറി നേടിയ ശ്രീലങ്കൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കുമാർ സംഗക്കാരയുടെ റെക്കോർഡാണ് രോഹിത് ശർമ്മ ഇതോടെ മറികടന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. 2015 ലോകകപ്പിലായിരുന്നു സംഗക്കാരയുടെ റെക്കോർഡ് പ്രകടനം.
സെഞ്ചുറി പ്രകടനത്തോടെ ഈ ലോകകപ്പിലെ റൺവേട്ടക്കാരുടെ പട്ടികയിലും രോഹിത് മുന്നിലെത്തി. 9 മത്സരങ്ങളിൽ നിന്നും 647 റൺസാണ് രോഹിത് ശർമ്മയുടെ സമ്പാദ്യം.
സെഞ്ചുറി നേടി ചരിത്രം കുറിച്ച രോഹിതിന്റെ ഇന്നിംഗ്സിന്റെ കരുത്തിൽ ഇന്ത്യ ശക്തമായ നിലയിൽ. 32ആമത്തെ ഓവറിൽ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 202 റൺസെടുത്തിട്ടുണ്ട്. ജയത്തിൽ നിന്നും കേവലം 63 റൺസിന്റെ മാത്രം ദൂരം. 103 റൺസുമായി രോഹിത് മടങ്ങി. 88 റൺസുമായി ലോകേഷ് രാഹുലും 7 റൺസുമായി നായകൻ വിരാട് കോഹ്ലിയും ബാറ്റ് ചെയ്യുന്നു.
Discussion about this post