ജൂലൈ 15 ന് പുലർച്ചെ ലോകശ്രദ്ധ ഒന്നടങ്കം ഇന്ത്യയിലായിരിക്കും. കാരണം ബഹിരാകാശ ഗവേഷണ രംഗത്തെ ഏറ്റവും വലിയൊരു ദൗത്യമാണ് ഇന്ത്യയിൽ അന്ന് നടക്കുക.അന്ന് പുലർച്ചെ 2.51 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചാന്ദ്രയാൻ 2 പേടകം പറന്നുയരും.
1000 കോടിയോളം രൂപ ചെലവിടുന്ന ദൗത്യം വിജയിച്ചാൽ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമാകും ഇന്ത്യ.അതേസമയം അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും അസൂയയോടെയാണ് ഐഎസ്ആർഒയുടെ ഓരോ കുതിപ്പും നോക്കികാണുന്നത്.
ഇന്ത്യ ആകാംക്ഷാപൂർവം കാത്തിരിക്കുകയാണ്. ശ്രീഹരിക്കോട്ടയിലെ ലോഞ്ച്പാഡിൽ അഗ്നിപടർത്തി ജിഎസ്എൽവി റോക്കറ്റ് ചന്ദ്രയാൻ 2 ദൗത്യവുമായി പറന്നുപൊങ്ങുന്ന നിമിഷത്തിനായി.
ജിഎസ്എൽവി ശ്രേണിയിലെ ഏറ്റവും വികസിത റോക്കറ്റായ മാർക് ത്രീയാണ് ചന്ദ്രയാൻ വഹിക്കുന്നത്. നാലായിരം കിലോയിലധികം ഭാരവാഹകശേഷിയുള്ള റോക്കറ്റ് ഐഎസ്ആർഓയുടെ ഫാറ്റ്ബോയ് എന്നറിയപ്പെടുന്നു.
ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഓർബിറ്റർ ,ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന ലാൻഡർ എന്നിവയ്ക്കൊപ്പം പര്യവേഷണം നടത്തുന്ന റോവർ കൂടി ഉൾപ്പെടുന്നതാണു ചന്ദ്രയാൻ 2.ഐഎസ്ആർഒ ഇതുവരെ നടത്തിയിട്ടുള്ളതിൽ ഏറ്റവും സങ്കീർണമെന്നു വിശേഷിപ്പിക്കപ്പെടുന്ന ദൗത്യത്തിന്റെ ആകെ ഭാരം 3290 കിലോ. ശ്രീഹരിക്കോട്ടയിൽ നിന്നുള്ള വിക്ഷേപണത്തിനു ശേഷം ഓർബിറ്റർ ചന്ദ്രനു 100 കിലോമീറ്റർ മുകളിലുള്ള ഭ്രമണപഥത്തിലെത്തും. തുടർന്ന് റോവർ ഉൾപ്പെടെയുള്ള ‘വിക്രം’ ലാൻഡർ മൊഡ്യൂൾ വിട്ടുമാറി ചന്ദ്രോപരിതലത്തിലേക്കു പറന്നിറങ്ങും. സോഫ്റ്റ് ലാൻഡിങ് എന്ന് അറിയപ്പെടുന്ന പ്രക്രിയ.ചന്ദ്രനിൽ എത്തിയശേഷം ലാൻഡറിൽ നിന്നു റോവർ ഉപരിതലത്തിലേക്കിറങ്ങി പര്യവേക്ഷണം നടത്തും. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനു സമീപമാണ് ചന്ദ്രയാന്റെ ലാൻഡർ മൊഡ്യൂൾ പറന്നിറങ്ങുക. ചന്ദ്രന്റെ മധ്യരേഖയ്ക്കു നിന്ന് തെക്കോട്ട് ഇത്രയും ദൂരം മാറി ഒരു ദൗത്യം ഇറങ്ങുന്നത് അപൂർവമാണ്.
ചന്ദ്രയാൻ 2 ഇന്ത്യയെ സംബന്ധിച്ച് വലിയ ഒരു നാഴികക്കല്ലായിരിക്കും. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് രീതിയിൽ ലാൻഡർ ഇറക്കാനുള്ള സാങ്കേതികവിദ്യ ഇതുവരെ മൂന്നുരാജ്യങ്ങളെ സ്വായത്തമാക്കിയിട്ടുള്ളൂ.യുഎസ്, റഷ്യ, ചൈന. ചന്ദ്രയാൻ 2 ദൗത്യത്തിലൂടെ ഇന്ത്യ ഇക്കാര്യത്തിൽ നാലാം സ്ഥാനം നേടും.
Discussion about this post