തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥിക്ക് കുത്തേറ്റ സംഭവത്തില്‍ എസ്എഫ്ഐയ്ക്കെതിരെ സംഘടിച്ച് വിദ്യാര്‍ത്ഥികള്‍. എസ്എഫ്ഐക്കാരടങ്ങുന്ന വിദ്യാര്‍ത്ഥികളാണ് എസ്എഫ്ഐ കോളേജ് യൂണിറ്റിനെതിരെ രംഗത്തെത്തിയത്. കുത്തേറ്റ വിദ്യാര്‍ത്ഥിയും അക്രമിച്ചവരും എസ്എഫ്ഐ പ്രവര്‍ത്തകരാണ്.
മൂന്നാം വര്‍ഷ ബി.എ.വിദ്യാര്‍ഥി അഖിലിനാണ് ഇന്ന് കുത്തേറ്റത്.അഖിലിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്യാന്റിനില്‍ ഇരുന്ന് പാട്ടുപാടിയതിനെ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കുത്തേറ്റതിന് പിന്നാലെ എസ്എഫ്ഐക്കെതിരെ മറ്റ് വിദ്യാര്‍ഥികള്‍ കോളജിനു മുന്നില്‍ പ്രതിഷേധവുമായി എത്തി. എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്ന് വിദ്യാര്‍ഥികളുടെ ആരോപണം. എസ്എഫ്ഐക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പോലും ക്യാമ്പസിനകത്ത് ചിലര്‍ സ്വാതന്ത്ര്യം അനുവദിക്കുന്നില്ലെന്നാണ് ആക്ഷേപം
ഇതിനിടെ സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ എസ്എഫ്ഐ നേതാക്കള്‍ ഇടപെട്ട് പുറത്താക്കി. എസ്എഫ്ഐയ്ക്കെതിരെ ഇതാദ്യമായാണ് കോളേജിനകത്ത് ഇത്ര വലിയ പ്രതിഷേധം ഉയര്‍ന്നത്. ഇത് പുറം ലോകം അറിയിക്കാതിരിക്കാനാണ് മാധ്യമങ്ങളെ പുറത്താക്കിയത് എന്നാണ് ആരോപണം.
കോളേജിന് പുറത്ത് പോകാന്‍ മാധ്യമപ്രവര്‍ത്തകരോട് പ്രിന്‍സിപ്പാളും ആവശ്യപ്പെട്ടു. വിശദീകരണം നല്കാന് പ്രിന്‍സിപ്പാള്‍ തയ്യാറായില്ല. പ്രവേശനം നടക്കുന്നതിനാല്‍ വിവരം അറിയില്ല എന്നാണ് പ്രിന്‍സിപ്പാള്‍ പറയുന്നത്. എസ്എഫ്ഐ നേതാക്കളാരും വിശദീകരണം നല്കാന് തയ്യാറായിട്ടില്ല.
എസ്എഫ്ഐ പ്രവര്ത്തകന് തന്നെയാണ് കുത്തേറ്റത്. ട്രാഫിക് പോലിസുകാരെ മര്‍ദ്ദിച്ച് കേസിലെ പ്രതികളായ എസ്എഫ്ഐ നേതാക്കള്‍ ഉള്‍പ്പടെ ഉള്ളവരാണ് അക്രമം നടത്തിയതെന്നാണ് ആരോപണം. മണിക്കൂറുകളോളമായി കോളേജില്‍ സംഘര്‍ഷം തുടരുകയാണ്.
Discussion about this post