കോഴിക്കോട്: ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ളയെ വേദിയിലിരുത്തി കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തിനെതിരെ പരാതി പറഞ്ഞ സംവിധായകന് രഞ്ജിത്തിനെ ഫോണില്‍ വിളിച്ച് വകുപ്പ് മേധാവി. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് ബോര്‍ഡ് ഉറപ്പ് നല്കി.
മൃഗങ്ങളെ ഉപയോഗിച്ചുള്ള രംഗങ്ങളുള്ള ചിത്രങ്ങള്‍ പുറത്തിറക്കണമെങ്കില്‍ മൃഗക്ഷേമ സര്‍ട്ടിഫിക്കറ്റിനായി ലക്ഷങ്ങള്‍ കൈക്കൂലി നല്‍കേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്ന് രഞ്ജിത്ത് ആരോപിച്ചിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന് പിള്ള പങ്കെടുത്ത പരിപാടിയിലാിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഓഫീസിനെതിരെ സംവിധായകന് രഞ്ജിത്തിന്റെ പരസ്യപരാതി. ഇതിനെ പിറകെയാണ് മൃഗങ്ങളെ സിനിമയില്‍ ചിത്രീകരിക്കുന്നതിന്റെ നിരാക്ഷേപപത്രം(എന്‍.ഒ.സി) കിട്ടാന്‍ ഇനി കൈക്കൂലി നല്‍കേണ്ടി വരില്ലെന്ന് രഞ്ജിത്തിന് ഉറപ്പ് ലഭിച്ചത്.
മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് ഒരുക്കിയ ‘ഡ്രാമ’ എന്ന ചിത്രത്തിനാണ് ഈ ദുരനുഭവം ഉണ്ടായത്. സിനിമയില്‍ ചിത്രീകരിച്ച ലണ്ടനിലെ കുതിരയ്ക്കു വേണ്ടി തിരുവനന്തപുരത്തെ സെന്‍സര്‍ ബോര്‍ഡ് ആരോഗ്യ സാക്ഷ്യപത്രം ആവശ്യപ്പെട്ടു. സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചിട്ടും ഫരീദാബാദിലേക്ക് പറഞ്ഞയച്ചു. റിലീസ് തീയതി അടുത്തതിനാല്‍ പ്രിയപ്പെട്ട രംഗം കട്ട് ചെയ്ത് കളയേണ്ടി വന്നെന്നും രഞ്ജിത് വ്യക്തമാക്കി. ഗുഡ്നൈറ്റ് മോഹന്‍ എഴുതിയ പുസ്തകത്തിന്റെ കോഴിക്കോട്ടെ പ്രകാശന ചടങ്ങില്‍ വച്ചായിരുന്നു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തിനെതിരെ രഞ്ജിത്ത് ആരോപണം ഉന്നയിച്ചത്.
‘വലിയ സിനിമാ നിര്‍മാതാക്കളൊക്കെ ഇവിടെ സന്നിഹിതരാണ്. ഇവിടെ ഇത് പറയാന്‍ കാരണം, ശ്രീധരന്‍പിള്ള ചേട്ടനുണ്ട്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ ഭാഗമായ ഒരാള്‍. ഫരീദാബാദില്‍ അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് എന്നൊരു ഓഫീസ് ഉണ്ട്. മുമ്പ് അത് ചെന്നൈയില്‍ ആയിരുന്നു. സിനിമാ ചിത്രീകരണത്തിനായി ഉപയോഗിക്കുന്ന മൃഗങ്ങള്‍ക്ക് പരുക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് ബോധ്യപ്പെടുത്തുന്ന രേഖകള്‍ സമര്‍പ്പിച്ച് നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ് നേടേണ്ട ഓഫീസ് ആണ് ഇത്. ഫരീദാബാദില്‍ ഇപ്പോള്‍ നടക്കുന്നത് പിടിച്ചുപറി അല്ലെങ്കില്‍ പകല്‍ക്കൊള്ളയാണ്. നിങ്ങള്‍ എന്തുതരം പേപ്പറുകളുമായി പോയാലും അഞ്ച് ലക്ഷം മുതലാണ് കൈക്കൂലി. അത് വാങ്ങിയിട്ടേ സര്‍ട്ടിഫിക്കറ്റ് കൊടുക്കുകയുള്ളൂ.’-എന്നിങ്ങനെയായിരുന്നു രഞ്ജിത്തിന്റെ ആരോപണം.
സിനിമയില്‍ മൃഗങ്ങളെ ഉപയോഗിച്ചുള്ള രംഗങ്ങള്‍ ചിത്രീകരിച്ചാല്‍ ചിത്രീകരണത്തിനിടെ അവയ്ക്ക് പരിക്കൊന്നും പറ്റിയിട്ടില്ലെന്ന സാക്ഷ്യപത്രങ്ങളുടെ അടിസ്ഥാനത്തില്‍ ഫരീദാബാദിലെ മൃഗക്ഷേമ ബോര്‍ഡ് എന്‍.ഒ.സി നല്‍കിയാലെ സിനിമയ്ക്ക് പ്രദര്‍ശനാനുമതി ലഭിക്കൂ. എന്നാല്‍ സാക്ഷ്യപത്രം നല്കിയാലും 5 ലക്ഷം രൂപയ്ക്ക് മുകളില്‍ ബോര്‍ഡില്‍ ചിലര്‍ക്ക് കൈക്കൂലി കൊടുക്കണമെന്നായിരുന്നു് രഞ്ജിത്ത് ആരോപിച്ചത്. ഇതിനെ തുടര്‍ന്നാണ് മൃഗക്ഷേമ ബോര്‍ഡ് ചെയര്‍മാന്റെ സെക്രട്ടറി ഡോ.നീലം, രഞ്ജിത്തിനെ ഫോണില്‍ വിളിച്ച് ആവശ്യമായ ഉറപ്പുകള്‍ നല്‍കിയത്.
Discussion about this post