ഡല്‍ഹി: ബിജെപി കേന്ദ്രനേതൃത്വം പറഞ്ഞാല്‍ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ ഇരുപത്തിനാലു മണിക്കൂര്‍ കൊണ്ട് താഴെയിറക്കാനാവുമെന്ന് ബിജെപി നേതാവും മധ്യപ്രദേശ് നിയമസഭ പ്രതിപക്ഷ നേതാവുമായ ഗോപാല്‍ ഭാര്‍ഗവ.
നിയമസഭയില്‍ പ്രസംഗിക്കുന്നതിനിടെയാണ് ഗോപാല്‍ ഭാര്‍ഗവയാണ് സര്‍ക്കാരിനെ താഴെയിറക്കാനാവുമെന്ന് പ്രഖ്യാപിച്ചത്. ബിജെപി നേതൃത്വത്തിലെ ഒന്നാമനോ രണ്ടാമനോ പറഞ്ഞാല്‍ ഇരുപത്തിനാലു മണിക്കൂറിനകം സര്‍ക്കാരിനെ വീഴ്ത്തുമെന്ന് ഗോപാല്‍ ഭാര്‍ഗവ പറഞ്ഞു. പ്രസംഗിക്കാതെ ധൈര്യമുണ്ടെങ്കില്‍ ചെയ്തുകാണിക്കാനായിരുന്നു മുഖ്യമന്ത്രി കമല്‍നാഥിന്റെ വെല്ലുവിളി. പ്രസംഗിക്കാതെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍, പ്രതിപക്ഷ നേതാവിന്റെ വാക്കുകളോടു പ്രതികരിച്ചുകൊണ്ട് മുഖ്യമന്ത്രി കമല്‍നാഥ് പറഞ്ഞു.
230 അംഗ മധ്യപ്രദേശ് നിയമസഭയില്‍ 114 അംഗങ്ങളാണ് കോണ്‍ഗ്രസിനുള്ളത്. ബിജെപിക്ക് 109 അംഗങ്ങളുണ്ട്. നാലു സ്വതന്ത്രരുടെയും രണ്ട് എസ്പി അംഗങ്ങളുടെയും ഒരു ബിഎസ്പി അംഗത്തിന്റെയും പിന്തുണയോടെയാണ് കമല്‍നാഥ് ഭരണം നടത്തുന്നത്. ബിഎസ്പി അംഗങ്ങള്‍ കമല്‍നാഥിനോട് രസത്തിലല്ല. മാത്രവുമല്ല കോണ്‍ഗ്രസിനകത്ത് തന്നെ ഭിന്നത ശക്തമാണ്. ഈ സാഹചര്യത്തില്‍ ബിജെപി നേതാവിന്റെ വെല്ലുവിളി നിസാരമെന്ന് കരുതി തള്ളാന്‍ കോണ്‍ഗ്രസിനാകില്ല.
കര്‍ണാടകയിലേക്കാള്‍ വഷളാണ് മധ്യപ്രദേശിലെ സ്ഥിതിയെന്ന് കഴിഞ്ഞ ദിവസം ഗോപാല്‍ ഭാര്‍ഗവ അഭിപ്രായപ്പെട്ടിരുന്നു. യാതൊരു പ്രത്യയശാസ്ത്ര ഐക്യവുമില്ലാത്ത സഖ്യമാണ് സംസ്ഥാനം ഭരിക്കുന്നത് എന്നായിരുന്നു ഭാര്‍ഗവയുടെ കുറ്റപ്പെടുത്തല്‍. കര്‍ണാടകയിലെ കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ വീണതിനു പിന്നാലെയാണ്, നേരിയ ഭൂരിപക്ഷത്തിന് പാര്‍ട്ടി ഭരണം നടത്തുന്ന മധ്യപ്രദേശിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായത്.
Discussion about this post