1980ൽ ഔറംഗാബാദിലെ ആഹിർ ഗ്രാമത്തിലായിരുന്നു സുബേദാർ യോഗേന്ദ്ര സിംഗ് യാദവിന്റെ ജനനം. 1999ലെ കാർഗിൽ യുദ്ധത്തിൽ പ്രദർശിപ്പിച്ച അസാമാന്യമായ പോരാട്ടവീര്യത്തിന് രാഷ്ട്രത്തിന്റെ ആദരമായ പരമവീര ചക്രം പത്തൊൻപതാമത്തെ വയസ്സിൽ ഏറ്റുവാങ്ങുമ്പോൾ ആ ബഹുമതി സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സൈനികനായിരുന്നു അദ്ദേഹം.
കാർഗിൽ യുദ്ധത്തിൽ അതിശയിപ്പിക്കുന്ന ധീരതയാണ് യാദവ് പ്രകടിപ്പിച്ചത്. 16500 അടി ഉയരത്തിലുള്ള ടൈഗർ ഹിൽസിലെ മൂന്ന് ബങ്കറുകൾ തിരിച്ചു പിടിക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ദൗത്യം. വടത്തിന്റെ സഹായത്തോടെ പർവ്വതാരോഹണം നടത്തിയ അദ്ദേഹത്തിനു നേർക്ക് ഉയരങ്ങളിൽ നിന്ന് ശത്രു സൈന്യം നിറയൊഴിച്ചു. ചുമലിലും നാഭിയിലുമായി മൂന്ന് വെടിയുണ്ടകൾ യാദവിന് ഏറ്റു. ഗുരുതരമായി പരിക്കേറ്റുവെങ്കിലും അവശേഷിക്കുന്ന അറുപത് അടി കൂടി മുകളിലേക്ക് കയറിയ യാദവ് ആദ്യത്തെ ശത്രു ബങ്കറിലേക്ക് ഇഴഞ്ഞു കയറി ഗ്രനേഡ് പ്രയോഗിച്ചു. അവിശ്വസനീയമായ ആ ആക്രമണത്തിൽ നാല് പാക് സൈനികർ തത്ക്ഷണം മരിച്ചു. ഇതിൽ ആത്മവിശ്വാസം പതിന്മടങ്ങായി വർദ്ധിച്ച ഇന്ത്യൻ സൈന്യം മലമുകളിലേക്ക് കുതിച്ചെത്തുകയും ആക്രമണം അഴിച്ചു വിടുകയും ചെയ്തു.
അല്പസമയം വിശ്രമിച്ച ശേഷം യോഗേന്ദ്ര യാദവ് യുദ്ധം തുടർന്നു. രണ്ട് സഹ സൈനികരുടെ സഹായത്തോടെ അദ്ദേഹം രണ്ടാമത്തെ പാകിസ്ഥാൻ ബങ്കറും തകർത്തു. ശത്രുസൈനികരുമായി മുഷ്ടിയുദ്ധം നടത്തിയ യാദവ് നാല് പേരെക്കൂടി വകവരുത്തി. ഇന്ത്യൻ സൈന്യം സ്ഥലത്തേക്ക് ഇരമ്പിയെത്തിയെങ്കിലും അപ്പോഴേക്കും യാദവ് ഏറെക്കുറെ തന്റെ ദൗത്യം ഒറ്റയ്ക്ക് പൂർത്തീകരിച്ചിരുന്നു. തുടർന്ന് വന്ദേമാതരം മുഴക്കി മുന്നോട്ട് നീങ്ങിയ ഇന്ത്യൻ സേന കാർഗിൽ യുദ്ധത്തിലെ ഏറ്റവും ദുഷ്കരമെന്ന് വിശേഷിപ്പിക്കപ്പെട്ട ദൗത്യം നിമിഷങ്ങൾക്കുള്ളിൽ പൂർത്തീകരിച്ചു. ടൈഗർ ഹിൽസിൽ ത്രിവർണ്ണ പതാക പാറി.
തുടർന്ന് അതിർത്തിയിൽ നടന്ന പോരാട്ടങ്ങളിൽ യാദവിന് വീണ്ടും പരിക്കേറ്റു. പക്ഷേ അവയെയെല്ലാം അദ്ദേഹം അവിശ്വസനീയമായി തരണം ചെയ്തു.
കാർഗിൽ വിജയ ദിവസത്തിൽ ഇന്ത്യൻ പോരാട്ടവീര്യത്തിന്റെ അനുപമഗാഥയായി സുബേദാർ യോഗേന്ദ്ര സിംഗ് യാദവിന്റെ ധീരത തിളങ്ങി നിൽക്കുന്നു.
Discussion about this post