പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായി ഗജേന്ദ്ര ചൗഹാനെ നിയമിച്ച നീക്കത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധത്തില്‍. വിവിധ ഭാഗങ്ങളില്‍ പ്രതിഷേധങ്ങള്‍ ഉയരുന്നതിനു പുറമേ വിഷയത്തില്‍ വാര്‍ത്താവിനിമയ വകുപ്പു മന്ത്രി അരുണ്‍ ജയ്റ്റ്ലിയും സഹമന്ത്രി രാജ്യവര്‍ദ്ധന്‍ സിങ് റാത്തോടും തമ്മിലുള്ള അഭിപ്രായ ഭിന്നതയും കേന്ദ്രത്തിന് തലവേദനയാകുകയാണ്.
ഗജേന്ദ്ര ചൗഹാന് ചെയര്മാന് സ്ഥാനത്തിന് ഏറ്റവും അനുയോജ്യനായ വ്യക്തി ആയിരുന്നില്ല എന്ന് അരുണ്‍ ജയ്റ്റ്ലി തന്നെ സമ്മതിച്ചിരുന്നതായി ഓസ്കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടി തന്റെ ട്വിറ്റര്‍ കുറിപ്പില്‍ വ്യക്തമാക്കി. ജൂലൈ മൂന്നിന് പൂനൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രതിനിധികളില്‍ ഒരാളായി കേന്ദ്രമന്ത്രിയെ സന്ദര്‍ശിച്ചപ്പോള്‍ ചൗഹാന് ചെയര്മാന് സ്ഥാനത്തിന് ഏറ്റവും അനുയോജ്യനായ വ്യക്തി ഏല്ല എന്നും സര്‍ക്കാരിന് തീരുമാനം റദ്ദാക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് എന്നും അറിയിച്ചു എന്നാണ് റസൂല്‍ പൂക്കുട്ടിയുടെ വാദം.
മുഴുവന്‍ സമയവും ഇന്‍സ്റ്റിറ്റ്യൂട്ടിനായി ചിലവഴിക്കാന്‍ സാധിക്കും എന്ന് സമ്മതം അറിയിച്ചതിനാലാണ് ചൗഹാനെ തെരഞ്ഞെടുക്കാന്‍ വാര്‍ത്താവിതരണ മന്ത്രാലയം തീരുമാനിക്കേണ്ടി വന്നത് എന്നും സര്‍ക്കാര്‍ വൃത്തങ്ങളും വ്യക്തമാക്കിയിരുന്നു.
ഗുല്സര്,ശ്യാം ബെനഗള്‍, അടൂര്‍ ഗോപാലകൃഷ്ണന് തുടങ്ങിയ പ്രമുഖരുടെ പേരടങ്ങിയ പട്ടികയ്ക്കു പുറമേ അമിതാഭ് ബച്ചന്, രജനീകാന്ത്, വിധു വിനോദ് ചോപ്ര, രാജ്കുമാര് ഹിരാനി എന്നിവരുടെ പേരുള്‍പ്പെടുത്തിയ ഒരു പ്രത്യേക പട്ടികയും മന്ത്രാലയം തയ്യാറാക്കിയിരുന്നു. എന്നാല്‍ പട്ടികയില്‍ നിന്നും ഹിരാനിയെ മാത്രം ഇന്‍സ്റ്റിറ്റ്യൂട്ട് സൊസൈറ്റിയില്‍ അംഗമായി നിയമിച്ചുകൊണ്ട് റാത്തോടിന്റെ ഓഫീസ് മറ്റു പേരുകള്‍ അവഗണിക്കുകയാണ് ചെയ്തത് എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്ക്കുന്ന വിവരം.
ഋഷി കപൂര്‍, അനുപം ഖേര്‍, പിയൂഷ് മിശ്ര, രണ്‍ബീര്‍ കപൂര്‍, നവാസുദ്ദീന്‍ സിദ്ദിഖി തൂടങ്ങിയ പ്രമുഖരും ചൗഹാന്റെ നിയമനത്തെ എതിര്‍ത്ത് രംഗത്തെത്തിയതോടെ വിഷയത്തില്‍ സര്ഡക്കാരിനു മേലുള്ള സമ്മര്‍ദ്ദം ഏറുകയാണ്. എന്നാല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട ഏതു വിഷയവും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണ് ഏങ്കിലും ചൗഹാനെ മാറ്റി മററൊരാളെ നിയമിക്കുന്നത് ഏറ്റവും ഒടുവിലത്തെ മാര്‍ഗ്ഗമായിരിക്കും എന്നാണ് കേന്ദ്ര നിലപാട്.
Discussion about this post