ഡൽഹി: ഭീകരവാദികൾക്ക് ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാൻ പാകിസ്ഥാൻ വ്യാപകമായി പരിശീലനം നൽകുന്നതായി റിപ്പോർട്ട്. പാക് അധീന കശ്മീരിൽ നിന്നും പരിശീലനം സിദ്ധിച്ച ഇരുന്നൂറോളം യുവാക്കളെയാണ് ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാൻ പാകിസ്ഥാൻ സജ്ജരാക്കി നിർത്തിയിരിക്കുന്നത്.
ജമ്മു കശ്മീരിൽ വ്യാപകമായി അക്രമം നടത്തുക, തീവ്രവാദികൾക്ക് സന്ദേശങ്ങൾ കൈമാറുക, കശ്മീരിൽ നിന്നും തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടരാകുന്ന യുവാക്കൾക്ക് പരിശീലനം നൽകുക തുടങ്ങിയ ആവശ്യങ്ങൾക്ക് ഇവരെ ഉപയോഗിക്കാനാണ് പാക് തീരുമാനം. പാകിസ്ഥാനികൾക്ക് പകരം പാക് അധീന കശ്മീരിൽ നിന്നുള്ള യുവാക്കളെ ഇത്തരം കൃത്യങ്ങൾക്ക് ഉപയോഗിക്കുന്നത് കശ്മീർ പ്രശ്നം ആഭ്യന്തര പ്രശ്നമാണെന്ന് ചിത്രീകരിക്കാനാണ്. ഈ ഭീകരന്മാർ കൊല്ലപ്പെട്ടാൽ ഇന്ത്യൻ സേന കശ്മീരി യുവാക്കളെ കൊല ചെയ്യുന്നു എന്ന് അന്താരാഷ്ട്ര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയും അതു വഴി വിഘടനവാദങ്ങൾക്ക് ആക്കം കൂട്ടുകയുമാണ് പാകിസ്ഥാന്റെ ലക്ഷ്യം. ഇന്ത്യയിലെ ചില സാമുദായിക- രാഷ്ട്രീയ പ്രസ്ഥാനങ്ങളും പാകിസ്ഥാനും ഭീകരവാദികളും സമരസപ്പെടുന്നത് ഈ ആശയത്തിലാണ്.
തീവ്രവാദികളെ നിരന്തരം ഇന്ത്യയിലേക്ക് കടത്തി വിടുകയും സ്വന്തം സൈനികരെ കൊണ്ട് അവർക്ക് സംരക്ഷണം ഒരുക്കുകയും ചെയ്യുന്നത് പാകിസ്ഥാന്റെ സ്ഥിരം നയമാണ്. നിയന്ത്രണ രേഖക്ക് സമീപം ലോഞ്ച് പാഡുകൾ തയ്യാറാക്കാൻ പാകിസ്ഥാൻ വീണ്ടും ശ്രമങ്ങൾ ആരംഭിച്ചതായും അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ജമ്മു കശ്മീരിൽ ഇന്ത്യ പിടിമുറുക്കിയത് അക്ഷരാർത്ഥത്തിൽ പാകിസ്ഥാന്റെ സമനില തെറ്റിച്ചിരിക്കുകയാണ്. അതിനാൽ ഏത് തരം പദ്ധതിയും അവർ ആസൂത്രണം ചെയ്തേക്കാം. എന്നാൽ നുഴഞ്ഞ് കയറാൻ വരുന്നവരെയും അവർക്ക് സംരക്ഷണം ഒരുക്കുന്നവരെയും അതിർത്തിയിൽ വെച്ച് തന്നെ വകവരുത്താൻ ഒരുങ്ങി നിൽക്കുകയാണ് ഇന്ത്യൻ സൈന്യം. ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിച്ച പാകിസ്ഥാൻ ബോർഡർ ആക്ഷൻ ടീമിലെ ഏഴ് പേരെ ഇന്ത്യൻ സൈന്യം വകവരുത്തിയിരുന്നു.
അതേസമയം ഇന്ത്യൻ സൈന്യവും കശ്മീരിലെ ജനങ്ങളും പരസ്പരം സഹകരണത്തോടെയാണ് നിലവിൽ മുന്നോട്ട് പോകുന്നത്. ഈദിന് മുന്നോടിയായി വെള്ളിയാഴ്ച പ്രാർത്ഥനകൾക്കായി കശ്മീരിലെ നിയന്ത്രണങ്ങളിൽ കേന്ദ്ര സർക്കാർ ഇളവ് അനുവദിച്ചു. ഇതോടെ പ്രദേശത്തെ പള്ളികളിൽ ഒത്ത് കൂടി പ്രാർത്ഥന നടത്താൻ വിശ്വാസികൾക്ക് സാധിച്ചിരുന്നു.
കശ്മീരിലെ ജനങ്ങൾക്ക് അത്യാവശ്യം വേണ്ടുന്ന വൈദ്യസഹായം നൽകുന്നതിന് വേണ്ടി സൈന്യം മെഡിക്കൽ ക്യാമ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്. അടിയന്തിര സാഹചര്യമുണ്ടായാൽ സൈന്യവുമായി ബന്ധപ്പെടാൻ കശ്മീർ പൗരന്മാർക്ക് സാറ്റ്ലൈറ്റ് ഫോണുകൾ വിതരണം ചെയ്യാനും സൈന്യം തയ്യാറാണെന്ന് ഉന്നത സൈനിക വൃത്തങ്ങൾ അറിയിച്ചു.
Discussion about this post