കണ്ണൂര്‍: ആഴക്കടലില്‍ വന്‍ തരംഗങ്ങളുടെ ഉദ്ഭവം മൂലം തിരകള്‍ വലിയ തോതില്‍ ഉയരുന്ന സ്വെല്വേവ്സ് ഇന്ന് വിഴിഞ്ഞം മുതല്‍ കാസര്‍കോടു വരെയുള്ള തീരപ്രദേശത്ത് ആഞ്ഞടിക്കും. ഇന്നു രാത്രി 11 വരെ സമുദ്രനിരപ്പില്‍നിന്ന് 1.8 മീറ്റര്‍ മുതല്‍ 2.4 മീറ്റര്‍ വരെ തിരമാലകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കപ്പലുകള്‍ക്കും ബോട്ടുകള്‍ക്കും മീന്‍പിടിത്തക്കാര്‍ക്കും ഇതു സംബന്ധിച്ച ഹൈദരാബാദിലെ കേന്ദ്രസ്ഥാപനമായ ഇന്ത്യന്‍ നാഷനല്‍ സെന്റര്‍ ഫോര്‍ ഓഷന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കടലില്‍ സാധാരണയായി ഉണ്ടാകുന്ന തിരമാലകള്‍ തീരത്തുനിന്നു നൂറു കിലോമീറ്റര്‍ ചുറ്റളവില്‍ കാറ്റു വീശുന്നതുമൂലമാണ്. എന്നാല്‍ 4000 മുതല്‍ 5000 കിലോമീറ്റര്‍ അകലെ പുറംകടലില്‍, ചുഴലിക്കാറ്റുമൂലം വന്‍തോതില്‍ ഉത്തേജിതമാക്കപ്പെട്ട ഒരു മേഖലയില്‍നിന്നു മറ്റൊരു ഭാഗത്തേക്കു പ്രവഹിച്ചെത്തുന്ന തിരകളാണു സ്വെല്‍ വേവ്സ്. കൊല്ലത്തില്‍ പലതവണ ഇവ ഉണ്ടാകാറുണ്ട്. വേലിയേറ്റത്തോടനുബന്ധിച്ചായതിനാലാണ് ഇപ്പോള്‍ മുന്നറിയിപ്പു നല്‍കിയതെന്ന് വിദഗ്ധര്‍ പറയുന്നു.ഇവ സുനാമിയായി തെറ്റിദ്ധരിക്കേണ്ടെന്നും, ആശങ്കയുടെ ആവശ്യമില്ലെന്നും ഈ രംഗത്തുള്ളവര്‍ പറയുന്നു.
തിരകളുടെ ഉയരം രണ്ടു മീറ്ററോളമേ വരികയുള്ളൂവെങ്കിലും ശക്തി കൂടുതലാണ്. ഒന്നിനു പിറകെ ഒന്നായി എത്തുന്ന ഇവയ്ക്കു ബോട്ടുകളെ മറിച്ചിടാന്‍ കഴിയും. കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ട്. കടല്‍ പുറമേ ശാന്തമെന്നു തോന്നുമെങ്കിലും ഇത്തരം വന്‍തിരകള്‍ ബോട്ടുകളെ കബളിപ്പിക്കും. ്അതിനാല്‍ കപ്പലുകളും ബോട്ടുകളും ജാഗ്രത പുലര്‍ത്തണം.മീന്‍പിടുത്തക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മലപ്പുറം ജില്ലയിലും ആലപ്പുഴ ജില്ലയിലും ചില തീരമേഖലയില്‍ കഴിഞ്ഞ ദിവസം കടല്‍ ക്ഷോഭിച്ചിരുന്നു. പലയിടത്തും അസ്വാഭാവികമായ തിരയിളക്കവും തുടരുന്നുണ്ട്.
എറണാകുളം ജില്ലയിലെ തീരദേശങ്ങളായ ചെല്ലാനം, കണ്ണമാലി, കടമക്കുടി പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം ശക്തമായ വേലിയേറ്റം അനുഭവപ്പെട്ടു.
Discussion about this post