ഡല്‍ഹി: ആംആദ്മി നേതാവ് അരവിന്ദ് കെജ്രിവാളിനെതിരെ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ ബേദി വക്കീല്‍ നോട്ടീസയച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്റെ ചിത്രം പതിച്ച പോസ്റ്ററുകള്‍ അനുവാദമില്ലാതെ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. പോസ്റ്ററുകള്‍ പൂര്‍ണ്ണമായും നീക്കം ചെയ്തുവെന്ന് കെജ്രിവാള് ഉറപ്പുവരുത്തണമെന്നും നോട്ടീസില്‍ ബേദി ആവശ്യപ്പെട്ടിട്ടുണ്ട്.
തന്നെ അവസരവാദിയെന്ന് മുദ്രകുത്തുന്ന പരസ്യമാണ് ബേദിയെ ചൊടിപ്പിച്ചത്. ദില്ലിയുടെ മുഖ്യമന്ത്രി എങ്ങനെയായിരിക്കണം എന്ന ചോദ്യം തലക്കെട്ടായി പോസ്റ്ററില്‍ നല്‍കിക്കൊണ്ട് കെജരിവാളിന്റെ ചിത്രത്തിനൊപ്പം ബേദിയുടെ ചിത്രവും പതിപ്പിച്ചിരിക്കുന്നതായാണ് പോസ്റ്ററുകള്‍. കെജ്രിവാളിന്റെ ചിത്രത്തിന് താഴെയായി ‘സത്യസന്ധ’നെന്നും ബേദിയുടെ ചിത്രത്തിന് താഴെയായി ‘അവസരവാദി’യെന്നും അച്ചടിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ നിരവധി ഓട്ടോറിക്ഷകളില്‍ ഇത്തരം പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്.
സമാനമായ പോസ്റ്ററുകള്‍ പതിച്ചതിന് ബിജെപി നേതാവ് ജഗദീഷ് മുഖി നേരത്തെ കെജ്രിവാളിന് വക്കീല്‍ നോട്ടീസയച്ചിരുന്നു. ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ബേദിയെ പ്രഖ്യാപിക്കുന്നതിനു മുമ്പായിരുന്നു അത്. ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം ബി.ജെ.പിയുടെ ഭാഗത്തു നിന്ന് കെജ്രിവാളിന് ലഭിക്കുന്ന നാലാമത്തെ വക്കീല്‍ നോട്ടീസാണിത്. നേരത്തെ ബി.ജെ.പി അദ്ധ്യക്ഷന്‍ സതീഷ് ഉപാദ്ധ്യായും തനിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച കെജ്രിവാളിനെതിരെ നിയമനടപടിക്ക് ഒരുങ്ങിയിരുന്നു.
Discussion about this post