‘മാന്‍ വേഴ്സസ് വൈല്‍ഡ്’ പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സാഹസികസഞ്ചാരി ബെയര്‍ ഗ്രില്‍സും സഞ്ചരിച്ച ട്രെക്കിങ് റൂട്ട് വികസിപ്പിക്കാനും അതിലൂടെ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുമൊരുങ്ങി ഉത്തരാഖണ്ഡ് വിനോദ സഞ്ചാര വകുപ്പ്.
‘മോദി ട്രെയില്‍’ (മോദി പാത) എന്ന പേരിലാവും ഈ ട്രക്കിങ് റൂട്ട് വികസിപ്പിക്കുകയെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മാന്‍ വേഴ്സസ് വൈല്‍ഡ് എപ്പിസോഡില്‍ പ്രധാനമന്ത്രിയും ബെയര്‍ ഗ്രില്‍സും സന്ദര്‍ശിച്ച ട്രെക്കിങ് റൂട്ട് ‘മോദി പാത’യായി വികസിപ്പിക്കുമെന്നും ഇതിനെ ദേശീയോദ്യാനത്തിലെ പ്രത്യേക ആകര്‍ഷണമായി അവതരിപ്പിക്കുമെന്നും ഉത്തരാഖണ്ഡ് വിനോദസഞ്ചാര വകുപ്പു മന്ത്രി സത്പല്‍ മഹാരാജ് പറഞ്ഞു.
സാഹസികസഞ്ചാരി ബെയര്‍ ഗ്രില്‍സിനൊപ്പം മോദി പങ്കെടുത്ത മാന്‍ വേഴ്സസ് വൈല്‍ഡ് പരിപാടിയുടെ എപ്പിസോഡ് ഓഗസ്റ്റ് 12നാണ് സംപ്രേഷണം ചെയ്തത്.മികച്ച പ്രതികരണമായിരുന്നു പരിപാടിക്ക് ലഭിച്ചത്.പരിപാടിയുടെ മെയ്ക്കിംഗ് വീഡിയോയ്ക്കും വലിയ സ്വീകരണമാണ് ലഭിച്ചത്. ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിലാണ് എപ്പിസോഡ് ചിത്രീകരിച്ചിരിക്കുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ സര്‍വൈവല്‍ ഷോയാണ് മാന്‍ വേഴ്സസ് വൈല്‍ഡ്. 2006ലാണ് പരിപാടി ആദ്യമായി സംപ്രേഷണം ചെയ്തത്. പ്രകൃതിയിലേക്ക് ഒരു മനുഷ്യന് നടത്തുന്ന യാത്രയാണ് പരിപാടിയുടെ മുഖ്യ ആശയം. ആ യാത്രക്കിടെ നേരിടുന്ന പ്രതിസന്ധികളും അതേ സമയം കാടിന്റെ മനോഹാരിതയും ഒരു പോലെ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന പരിപാടിക്ക് ലോകമെമ്പാടും നിരവധി ആരാധാകരാണുള്ളത്.
Discussion about this post