പ്രമുഖ റെസ്ലിംഗ് താരം ബജ്രംഗ് പൂനിയക്ക് ഇത്തവണത്തെ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം. റസ്ലിംഗ് രംഗത്തെ മികവിനും സ്ഥിരതയാർന്ന പ്രകടനത്തിലൂടെ രാജ്യത്തിന്റെ അഭിമാനമുയർത്തിയതിനുമാണ് പുരസ്കാരം.
ചൈനയിൽ വെച്ച് നടന്ന ഏഷ്യൻ സർക്യൂട്ട് ചാമ്പ്യൻഷിപ്പിൽ ആധികാരിക വിജയം നേടിയ പൂനിയ നിലവിൽ ലോക റാങ്കിംഗിൽ ഒന്നാമതാണ്. കഴിഞ്ഞ വർഷം ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ 65 കിലോഗ്രാം ഫ്രീസ്റ്റൈൽ ഇനത്തിൽ പൂനിയ സ്വർണ്ണമെഡൽ നേടിയിരുന്നു. കൂടാതെ ഗോൾഡ് കോസ്റ്റിൽ വെച്ച് നടന്ന കോമൺവെൽത്ത് ഗെയിംസിലും അദ്ദേഹം സ്വർണ്ണം നേടിയിരുന്നു.
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിക്കും ഭാരോദ്വഹന താരം മീരാബായ് ചാനുവിനുമായിരുന്നു കഴിഞ്ഞ വർഷത്തെ പുരസ്കാരം.
രാജ്യത്തെ കായികതാരങ്ങൾക്ക് നൽകുന്ന പരമോന്നത ബഹുമതിയാണ് രാജീവ് ഗാന്ധി ഖേൽരത്ന. 1992ൽ ചെസ് ഗ്രാൻഡ്മാസ്റ്റർ വിശ്വനാഥൻ ആനന്ദിനായിരുന്നു പ്രഥമ പുരസ്കാരം.
Discussion about this post