ആനയുടെ കൊമ്പില്‍ പിടിച്ചു നിന്ന് ഫോട്ടോ എടുത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി. ആന എഴുന്നെള്ളിപ്പുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അടങ്ങിയ ആന പരിപാലന നിയമങ്ങള്‍ ലംഘിച്ചെന്ന് കാണിച്ചാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. കഴക്കൂട്ടം സൈബര്‍ സിറ്റി അസിസ്റ്റന്റ് കമ്മിഷണറും ശ്രീകാര്യം പൊലീസ് സ്റ്റേഷനിലെ ക്രൈം എസ് ഐയുമാണ് പൊല്ലാപ്പിലായത്.
ചെല്ലമംഗലം ക്ഷേത്രത്തില്‍ ആനയൂട്ട് നടക്കവെ ക്രമസമാധാനപാലനത്തിന് എത്തിയ പൊലീസ് ഉദ്യോഗസ്ഥരാണ് ചിത്രമെടുത്ത് പുലിവാലു പിടിച്ചത്. എഴുന്നെള്ളിപ്പിനും പൊതുപരിപാടികള്‍ക്കും കൊണ്ടു വരുമ്പോള്‍ ആനയുടെ ശരീരത്തില്‍ ഒന്നാം പാപ്പന് മാത്രമേ സ്പര്‍ശിക്കാന്‍ പാടുള്ളൂവെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇത് നടപ്പാക്കേണ്ട പൊലീസുകാര്‍ തന്നെ ലംഘിച്ചെന്നാണ് പരാതി.
ത്യശൂര്‍ തിരുവമ്പാടി ഹെറിറ്റേജ് ആനിമല്‍ ടാസ്ക് ഫോഴ്സ് സെക്രട്ടറി വി.കെ. വെങ്കിടാചലമാണ് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും ആഭ്യന്തര സെക്രട്ടറിക്കും പരാതി നല്‍കിയത്. പൊലീസുകാര്‍ ആനയുടെ കൊമ്പില്‍ പിടിച്ചു നിന്ന ചിത്രം സമൂഹമാധ്യമത്തില്‍ ചിത്രം പങ്കുവച്ചെന്നും പരാതിയില്‍ സൂചിപ്പിക്കുന്നു.
Discussion about this post