സുനീഷ് വി ശശിധരൻ
ദേശീയതയെ അപമാനിക്കുന്നത് ബുദ്ധിജീവികളുടെ ലക്ഷണമാണെന്ന അബദ്ധ ധാരണ പേറുന്നവരുടെ ആരാധനാ മൂർത്തിയായിരുന്നു ഇതു വരെ അരുന്ധതി റോയി. എന്നാൽ സൈന്യത്തിനെതിരായ പരാമർശത്തിന്റെ പേരിൽ അവർ മാപ്പ് പറഞ്ഞപ്പോൾ ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയിലാണ് ഇപ്പോൾ ഈ വിഭാഗം ചിന്തകർ എത്തിപ്പെട്ടിരിക്കുന്നത്.
‘കശ്മീർ ഒരിക്കലും ഇന്ത്യയുടെ ഭാഗമായിരുന്നില്ല. അത് ചരിത്ര വസ്തുതയാണ്. ഇന്ത്യൻ സർക്കാർ പോലും അംഗീകരിച്ച കാര്യമാണിത്.’ അരുന്ധതി റോയിയുടെ വിവാദമായ പ്രസ്താവനകളിൽ ഒന്നാണിത്. ഈ പ്രസ്താവനക്കെതിരെ ജനരോഷം ശക്തമായിരുന്നു എങ്കിലും ബിജെപിയും സംഘപരിവാർ പ്രസ്ഥാനങ്ങളുമല്ലാതെ മറ്റാരും അതിനെ ചോദ്യം ചെയ്യാൻ തയ്യാറായിരുന്നില്ല. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അലമാരയിൽ ഈ വാക്കുകളെ ചില്ലിട്ട് വെക്കാൻ പതിവു പോലെ ഇടത് ബുദ്ധിജീവികൾ മത്സരിച്ചപ്പോൾ സമകാലിക ഇന്ത്യൻ രാഷ്ടീയത്തിന്റെ സൈദ്ധാന്തിക മേഖലയിലും ബൗദ്ധിക മേഖലയിലും എന്നോ അപ്രസക്തമായിപ്പോയ കോൺഗ്രസ്സ് അത് കേട്ടതായി പോലും ഭാവിച്ചില്ല.
രാഷ്ട്രപിതാവിനെ ജാതി ഭ്രാന്തനെന്ന് വിശേഷിപ്പിച്ചിട്ടും ഇന്ത്യയുടെ പൊതുധാരയിൽ സ്വതന്ത്രയായി വിഹരിക്കാൻ അരുന്ധതി റോയിയെ ഗാന്ധി ശിഷ്യന്മാരെന്ന് സ്വയം വിശേഷിപ്പിക്കുന്ന കോൺഗ്രസ്സുകാർ വിട്ടുകൊടുത്തപ്പോൾ അവിടെയും വേറിട്ടു നിന്നു ഒളിഞ്ഞും തെളിഞ്ഞും വർഗ്ഗീയവാദികളെന്ന അപവാദം ഇടത് മുഖ്യധാരാ മാദ്ധ്യമങ്ങൾ ചാർത്തിക്കൊടുത്ത സംഘപരിവാർ പ്രസ്ഥാനങ്ങളും ഭാരതീയ ജനതാ പാർട്ടിയും.
മാവോവാദികളെയും ഇടത് ഭീകരവാദികളെയും നിരന്തരം വെള്ളപൂശാൻ തുനിഞ്ഞ അരുന്ധതി റോയി അപ്പോഴും ബുക്കർ പുരസ്കാര ജേത്രി എന്ന സുരക്ഷിത ചട്ടക്കൂടിനുള്ളിൽ ഇരുന്നു കൊണ്ട് ഇന്ത്യൻ സൈന്യത്തേയും നിരവധി ബലിദാനികളെയും നോക്കി പല്ലിളിച്ചു. കാടുകളിലും സമതലങ്ങളിലും നഗരങ്ങളിലും പ്രതിരോധത്തിന്റെ കോട്ടകൾ തീർക്കുന്നവരാണ് അരുന്ധതി റോയിക്ക് മാവോവാദികൾ. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും തെരുവുകളിലും നിരപരാധികളുടെ ചോര കൊണ്ട് ആഘോഷിക്കുന്ന മാവോവാദികളെ പാർശ്വവത്കരിക്കപ്പെട്ട പോരാളികൾ എന്ന് പരസ്യമായി വിശേഷിപ്പിക്കണമെങ്കിൽ നമ്മൾ ഒന്നുകിൽ സമസ്ത മൂല്യങ്ങളെയും കൈവെടിയുന്ന പ്രാകൃതനാകണം. അല്ലെങ്കിൽ നമുക്ക് അരുന്ധതി റോയ് ആകാം.
മാവോവാദികളെ സൃഷ്ടിക്കുന്നത് പൊലീസ് മർദ്ദനങ്ങളും സർക്കാരുകളുമാണെന്ന് പരസ്യമായി പ്രസ്താവിച്ച് ദേശവിരുദ്ധരുടെ കൈയ്യടി വാങ്ങുമ്പോൾ ബുക്കർ പുരസ്കാരം നേടിയ മഹതിയായ എഴുത്തുകാരി എൺപതുകളിലെ മസാല ഭോജ്പുരി സിനിമകളുടെ തിരക്കഥാകൃത്തിനോളം ‘വലിപ്പം’ വെയ്ക്കുകായാണ്.
‘ഇന്ത്യ അർദ്ധരാത്രിമുതൽ അരനൂറ്റാണ്ട്’ എന്ന രാഷ്ട്രീയ ഗ്രന്ഥത്തിലൂടെ ഇന്ത്യൻ രാഷ്ട്രീയത്തെ നിശിതമായി വിമർശിക്കുമ്പോഴും ‘കലാപം’ എന്ന നോവലിലൂടെയും ‘ഭീഷണിയാകുന്ന ബന്ധനം’ എന്ന ഉപന്യാസത്തിലൂടെയും ഇന്ത്യൻ സാമൂഹ്യ ചട്ടക്കൂടുകളെയും കുടുബ ബന്ധങ്ങളുടെ പവിത്രതയെയും കടന്നാക്രമിച്ച് പരിഹസിക്കുമ്പോഴും ഒരെഴുത്തുകാരൻ എന്ന നിലയിൽ പാലിക്കേണ്ട മാന്യത, ഒരു ഭാരതീയൻ എന്ന നിലയിൽ പാലിക്കേണ്ട നിലവാരം ശശി തരൂർ പാലിക്കുന്നുണ്ട്. ഇവയോടൊക്കെ ആശയപരമായി വിയോജിപ്പുകൾ രേഖപ്പെടുത്തപ്പെടാറുമുണ്ട്. എന്നിട്ടും പ്രധാനമന്ത്രിയുടെ നയങ്ങളെ പ്രശംസിച്ചതിന്റെ പേരിൽ സാമൂഹ്യ മാദ്ധ്യമങ്ങളിലും ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഒറ്റപ്പെട്ട മേച്ചിൽപ്പുറങ്ങളിലും തൊട്ട് ലോക്കൽ പാർട്ടിക്കാരന്റെ അടുക്കളയിൽ പോലും വിമർശിക്കപ്പെടുന്ന ശശി തരൂരും അരുന്ധതി റോയിയും തമ്മിലുള്ള അകലമാണ് നിഷ്പക്ഷമതികളായ രാഷ്ട്രീയ നിരീക്ഷകർ അടയാളപ്പെടുത്തുന്നത്.
മലീമസമായ പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ ബൗദ്ധിക തലങ്ങളിൽ മാറ്റങ്ങൾ സംഭവിക്കുക തന്നെ ചെയ്യുന്നു. കശ്മീർ വിഷയത്തിലെ വിവാദ പരാമർശത്തിന്റെ പേരിൽ താൻ വീണ കുഴിയുടെ ആഴം രാഹുൽ ഗാന്ധി മനസ്സിലാക്കിയിരിക്കുന്നു. അഥവാ ഇന്ത്യൻ ജനത അത് അദ്ദേഹത്തിന് മനസ്സിലാക്കി കൊടുത്തിരിക്കുന്നു.
എന്നാൽ രണ്ട് വർഷങ്ങൾക്കപ്പുറം യു എന്നിന് കത്തെഴുതാൻ പാകിസ്ഥാന് ഊർജ്ജമായ അരുന്ധതി റോയിയുടെ വാക്കുകൾ ഇപ്പോഴും നമ്മെ നോക്കി പല്ലിളിക്കുന്നു. അധികമൊന്നും ശ്രദ്ധിക്കപ്പെടാതെ പോയ ‘ദി മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസ്സ്’ എന്ന നോവലിന്റെ പ്രകാശന വേളയിൽ പുസ്തകത്തിന് മൈലേജ് കിട്ടാൻ അവർ പറഞ്ഞ വാക്കുകൾ ഇപ്രകാരമായിരുന്നു; ‘ഇന്ത്യയിൽ ഇന്ന് എല്ലായിടത്തും ഭരണകൂട ഭീകരത നടമാടുകയാണ്, പ്രത്യേകിച്ച് കശ്മീരിൽ..’
ഈ വാക്കുകൾ ഏറ്റെടുത്ത് ഐക്യരാഷ്ട്ര സഭയിൽ കത്തിക്കയറാനുള്ള പാകിസ്ഥാൻ സ്ഥിരം പ്രതിനിധി മലീഹ ലോധിയുടെ വ്യഗ്രതയെ ആഗ്ന്രേയാസ്ത്ര സമാനമായ വാക്കുകളുമായി സുഷമ സ്വരാജ് നേരിട്ടപ്പോൾ കാലം മാറുന്നതിന്റെ സൂചന അരുന്ധതി റോയിക്ക് മനസ്സിലായിട്ടുണ്ടാകാം.
ഒരുപക്ഷേ ആ തിരിച്ചറിവിൽ നിന്നാകാം സൈന്യത്തിനെതിരെയും ഇന്ത്യയ്ക്കെതിരെയും പാകിസ്ഥാനെ അനുകൂലിച്ചുമുള്ള 2011ലെ പ്രസ്താവനയിൽ മാപ്പപേക്ഷിക്കാൻ അവർ തയ്യാറായത്.
‘ഇന്ത്യയെ പോലെ പാക്കിസ്ഥാൻ ജനങ്ങൾക്ക് നേരെ സൈന്യത്തെ വിന്യസിച്ചിട്ടില്ല‘ എന്ന പ്രസ്താവനക്ക് മാപ്പ് പറഞ്ഞ അരുന്ധതി റോയ് ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ തോന്നിയ ചിന്താശൂന്യമായ വിഡ്ഢിത്തമായി ആ പ്രസ്താവനയെ സ്വയം വിശേഷിപ്പിച്ചിരിക്കുകയാണ്.
ഇനിയും അവശേഷിക്കുന്ന അസംഖ്യം സമാന പ്രസ്താവനകൾ കാലത്തിന്റെ കണക്ക് പുസ്തകത്തിൽ വിശദീകരണം ആവശ്യപ്പെട്ട് കാത്തിരിക്കുമ്പോൾ ‘‘ഹേ ബുദ്ധിജീവികളെ! ഇന്ന് സൈന്യത്തോട് മാപ്പ് പറഞ്ഞിരിക്കുന്നത് കിരൺ ദേശായ്ക്കും ശശി തരൂരിനും ലഭിക്കാതെ പോയ പരിലാളനയും സ്വീകാര്യതയും ചില പ്രത്യേക കാരണങ്ങളുടെ പേരിൽ അനുവദിക്കപ്പെട്ട് കിട്ടിയിരിക്കുന്ന വിശ്വസാഹിത്യകാരിയാണ്.. നിങ്ങളുടെ സാക്ഷാൽ അരുന്ധതി റോയിയാണ്.’‘
Discussion about this post