കേന്ദ്രമോട്ടോര്‍ വാഹനനിയമത്തിലെ ഭേദഗതികള്‍ ഇന്ന് മുതല്‍ കര്‍ശനമായി നടപ്പാക്കും. റോഡ് സുരക്ഷാ കര്‍മ്മപദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ച കര്‍ശന പരിശോധന ചൊവ്വാഴ്ച തുടങ്ങുമെന്നും അധികൃതര്‍ അറിയിച്ചു.
വിവിധ നിയമലംഘനങ്ങള്‍ക്കുള്ള പിഴയില്‍ പത്തിരട്ടി വരെയാണ് വര്‍ധനവ്. ഹെല്‍മറ്റില്ലാതെ നിരത്തിലിറങ്ങിയാല്‍ പോലും കീശ കാലിയാകുമെന്നതാണ് വസ്തുത. ഹെല്‍മറ്റില്ലാത്തതിന് പൊലീസ് പിടിച്ചാല്‍ ഇതു നൂറു രൂപ കൊടുത്ത് ഊരാനാകുമായിരുന്നെങ്കില്‍ പുതുക്കിയ നിയമപ്രകാരം ആയിരം രൂപയാണ് പിഴ.
മദ്യപിച്ച് വാഹനമോടിച്ചാല്‍ ഇനി മുതല്‍ ചുരുങ്ങിയത് 5000 രുപയെങ്കിലും പിഴ നല്‍കേണ്ടിവരും. വീണ്ടും പിടിക്കപ്പെട്ടാല്‍ ശിക്ഷ വര്‍ധിക്കുമെന്നതാണ് മറ്റൊരു കാര്യം. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിച്ചതിന് പിടിക്കപ്പെട്ടാല്‍ 5000 രൂപ നഷ്ടമാകും. ഇതുവരെ ആയിരം രൂപയായിരുന്നു പിഴ. സീറ്റ് ബെല്‍റ്റിന്റെ കാര്യത്തില്‍ 100 ല്‍ നിന്ന് പിഴ 1000 ആയി മാറ്റിയിട്ടുണ്ട്.
പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം നിരത്തിലിറക്കിയില്‍ രക്ഷാകര്‍ത്താവ് 25,000 രൂപ പിഴയും മൂന്ന് വര്‍ഷം തടവ് ശിക്ഷയും അനുഭവിക്കേണ്ടി വരും. വാഹനമോടിയച്ചയാള്‍ക്ക് ലൈസന്‍സ് ലഭിക്കാന്‍ 25 വയസ്സ് വരെ കാത്തുനില്ക്കണം.
30 വര്‍ഷത്തിന് ശേഷമാണ് മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുന്നത്. ഓരോ വര്‍ഷവും ശരാശരി 45,000 അപകടങ്ങളും 4500 മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.2019 ഏപ്രില്‍ മുതല്‍ 14,076 അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഈ സാഹചര്യത്തില്‍ പിഴയും നിയമവും കര്‍ശനമാക്കേണ്ടത് അത്യാവശ്യമാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു
Discussion about this post