തിരുവനന്തപുരം: ഒഡീഷ തീരത്ത് രൂപം കൊണ്ട ന്യൂനമർദ്ദം സംസ്ഥാനത്ത് കനത്ത മഴയ്ക്ക് കാരണമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴതുടരുമെന്നാണ് പ്രവചനം. ഉത്രാടം, തിരുവോണം ദിവസങ്ങളിലും സംസ്ഥാനത്ത് മഴയുണ്ടാകും.
സാമാന്യം വ്യാപകമായ തോതിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചത്. ഏഴു സെന്റിമീറ്റർ വരെ മഴ പെയ്തേക്കാമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ നിഗമനം.
ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരുന്നു. നാളെ ആറു ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച നാലു ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ കനത്തതോടെ മിക്ക അണക്കെട്ടുകളുടെയും ഷട്ടറുകൾ തുറന്നിരിക്കുകയാണ്. ബാണാസുര സാഗർ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ എല്ലാഷട്ടറുകളും തുറന്നിട്ടുണ്ട്. തിരുവനന്തപുരത്ത് നെയ്യാർ, അരുവിക്കര, പേപ്പാറ ഡാമുകളുടെ ഷട്ടറുകളും തുറന്നിരിക്കുകയാണ്.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് വന്നതോടെ സംസ്ഥാനത്തെ ഓണാഘോഷങ്ങൾ പ്രതിസന്ധിയിലാകാൻ സാദ്ധ്യതയുണ്ട്. മഴ ഭീഷണിയായതോടെ വഴിയോരക്കച്ചവടക്കാരും വ്യാപാരികളും ആശങ്കയിലാണ്.
Discussion about this post