കോഴിക്കോട് : സി.പി.എമ്മിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് എഴുത്തുകാരി പി വത്സല. സിപിഎമ്മിന് വേണ്ടത് അടിമകളായ എഴുത്തുകാരെയാണെന്ന് പി വത്സല പറഞ്ഞു. അതിന് തന്നെ കിട്ടില്ല. മഞ്ചേരിയില്‍ ബാലഗോകുലം സംസ്ഥാന സമ്മേളനത്തില്‍ പ്രസംഗിച്ചതിനെതിരേ ചില സി.പി.എം.സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രതികരിച്ചതിന് മറുപടിയായാണ് പി വത്സലയുടെ പ്രതികരണം.
ബാലഗോകുലം സമ്മേളനത്തില്‍ കുട്ടികളുടെ പരിപാടി എന്ന നിലയ്ക്കാണു താന്‍ പങ്കെടുത്തത്. അവിടെ ചെന്നപ്പോള്‍ ധാരാളം രക്ഷിതാക്കള്‍ ഉണ്ടായിരുന്നു. കേട്ടുമടുത്ത ചില കാര്യങ്ങള്‍ പറയണമെന്നു തോന്നി. ഹിന്ദു എന്ന വാക്ക് പറയുന്നതുതന്നെ ചിലര്‍ക്ക് അലര്‍ജിയാണിവിടെയെന്നു പ്രസംഗത്തില്‍ താന്‍ പറഞ്ഞിട്ടുണ്ട്. അതില്‍ ഉറച്ചുനില്‍ക്കുന്നു. ഹിന്ദുവിനെക്കുറിച്ചു പറയുന്നവനെ ബി.ജെ.പിക്കാരനായി മുദ്രകുത്തുകയാണെന്നും ഒരു പ്രമുഖ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പി വത്സല പറഞ്ഞു.
പല പൊതുസമ്മേളനങ്ങളിലും താന്‍ സംബന്ധിച്ചിട്ടുണ്ട്. അതിലൊന്നുമാത്രമാണ് ബാലഗോകുലത്തിന്റേത്. വിവിധ മാനേജ്‌മെന്റുകള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാംസ്‌കാരിക സമ്മേളനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. അതിനുള്ള യോഗ്യതയും തനിക്കുണ്ട്. ആരുടെയും കാരുണ്യം കൊണ്ടല്ല താന്‍ എഴുത്തുകാരിയായത്. തനിക്കു ഒട്ടേറെ അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ട്. ഒന്നും സി.പി.എം.ഭരണത്തില്‍ നല്‍കിയതല്ല. എല്ലാം യു.ഡി.എഫ്. ഭരിക്കുമ്പോള്‍ ലഭിച്ചതാണ്. സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് ലഭിച്ചതും യു.ഡി.എഫ്. ഭരണത്തില്‍ ഇരിക്കുമ്പോഴാണ്. കേരള സാഹിത്യ അക്കാദമി ചെയര്‍മാനായത് സി.പി.ഐയുടെ നോമിനിയായാണ്. എസ്.പി.സി.എസില്‍ അംഗമായിരുന്നത് കോണ്‍ഗ്രസുകാരുടെ ശിപാര്‍ശയിലാണെന്നും വത്സല പറഞ്ഞു.
മതേതരം എന്നൊരു നിലപാട് ഇല്ലെന്നാണു തന്റെ അഭിപ്രായം. മതമില്ലാതെ മനുഷ്യനു സമൂഹത്തോട് ഇണങ്ങി ജീവിക്കാന്‍ കഴിയില്ല.
മതേതരത്വത്തിന്റെ മുഖംമൂടിയണിഞ്ഞവര്‍ മക്കളുടെ വിവാഹം വന്നാല്‍ ഇന്റര്‍നെറ്റിലും പത്രങ്ങളിലുമെല്ലാം പരസ്യം ചെയ്ത് സ്വന്തം മതക്കാരെയാണു കണ്ടുപിടിക്കുന്നത്. പ്രേമവിവാഹങ്ങള്‍ മാത്രമാണ് ഇതിനൊരപവാദം. തനിക്കു മതം വേണമെന്നു തോന്നിയിട്ടില്ല. തോന്നിയാല്‍ ഹിന്ദുമതത്തില്‍ ഉറച്ചുനില്‍ക്കും. താനൊരു ഹിന്ദുവാണ്. ഹിന്ദുവായി ജീവിക്കാന്‍ തനിക്ക് അര്‍ഹതയുണ്ടെന്നും പി വത്സല പറഞ്ഞു.
മോഡി അധികാരത്തില്‍ വരുന്നതുവരെ ഇന്ത്യന്‍ ഭരണരംഗം വന്‍ മാഫിയകളുടെ ശൃംഖലയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. മോഡി വന്നശേഷം അതു തകര്‍ക്കാനുള്ള ശ്രമമാണു നടക്കുന്നത്.അയല്‍ രാജ്യങ്ങളുമായുള്ള അകല്‍ച്ച അകറ്റി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാന്‍ മോഡിക്കു കഴിഞ്ഞുവെന്നും പി വത്സല പറഞ്ഞു.
Discussion about this post