ഹൂസ്റ്റൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചരിത്ര സന്ദർശനത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ഹൂസ്റ്റണിൽ ഒരുക്കങ്ങൾ സജീവം. അമ്പതിനായിരത്തിൽ പരം ആളുകൾക്ക് ഇരിക്കാനുള്ള സംവിധാനമടക്കം എല്ലാ സജ്ജീകരണങ്ങളും തയ്യാറായി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് പങ്കെടുക്കുന്ന പരിപാടി ജനപങ്കാളിത്തം കൊണ്ടും അസൂത്രണ മികവ് കൊണ്ടും ശ്രദ്ധേയമാകുമെന്നാണ് വിലയിരുത്തൽ.
ഞായറാഴ്ച നടക്കുന്ന പരിപാടി സംഘടിപ്പിക്കുന്നത് ടെക്സാസിലെ ഇന്ത്യൻ സമൂഹമാണ്. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്ഘടനയായ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വാണിജ്യ സഹകരണത്തിന്റെ പുത്തൻ പ്രഖ്യാപനങ്ങൾക്ക് വേദി സാക്ഷ്യം വഹിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയിൽ നിന്ന് വ്യക്തമായിരുന്നു.
അമേരിക്കയിൽ ശക്തമായ മഴ രണ്ട് ദിവസമായി തുടരുകയാണെങ്കിലും പരിപാടിയുടെ വിജയത്തെ അത് ഒരു കാരണവശാലും ബാധിക്കില്ലെന്ന് സംഘാടകർ പറയുന്നു. അമേരിക്കയുടെ ചരിത്രത്തിൽ ഒരു ഇന്ത്യൻ പ്രധാനമന്ത്രിക്ക് ലഭിക്കുന്ന ഏറ്റവും വലിയ സ്വീകരണം ഏറ്റുവാങ്ങി ചരിത്രത്തിന്റെ ഭാഗമാകാൻ ഒരുങ്ങുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.
Discussion about this post