പ്രണയം നടിച്ചു പ്രലോഭിപ്പിച്ച് നിർബന്ധിത മതപരിവർത്തനത്തിനു ഡൽഹിയിലെ ഒരു മലയാളി പെണ്‍കുട്ടികൂടി ഇരയായതായി റിപ്പോർട്ട്.ഡൽഹി ജീസസ് ആൻഡ് മേരി കോളജിലെ അവസാന വർഷ ഡിഗ്രി വിദ്യാർഥിനിയായ ക്രിസ്ത്യൻ പെൺകുട്ടിയാണ് ഏറ്റവും പുതിയ ഇര.
ഇരുപത്തൊന്നു വയസുള്ള പെണ്‍കുട്ടിയെ കാണാതായ സംഭവത്തെക്കുറിച്ച് ഡൽഹി പോലീസ്, കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം തുടങ്ങിയവർ നടത്തിയ അന്വേഷണത്തിൽ ഒരു മുസ്ലിം യുവാവിന്റെ പ്രലോഭനത്തിൽ കുട്ടിയെ അബുദാബി വഴി പശ്ചിമേഷ്യയിലെ ഏതോ രാജ്യത്തേക്ക് കടത്തിയതായി വിവരം ലഭിച്ചു. മുഹമ്മദ് സിദ്ദിഖി എന്നയാളാണ് പ്രണയം നടിച്ച് പെണ്‍കുട്ടിയെ കടത്തിയതെന്നു ഡൽഹി പോലീസ് വ്യക്തമാക്കി.
ഡൽഹിയിൽ താമസമാക്കിയ ക്രൈസ്തവ ദമ്പതികളുടെ രണ്ടു മക്കളിലൊരാളായ പെണ്‍കുട്ടി പതിവുപോലെ കഴിഞ്ഞ ബുധനാഴ്ച കോളജിലേക്കെന്നു പറഞ്ഞു വീട്ടിൽനിന്നിറങ്ങിയതാണ്. രാത്രിയായിട്ടും കാണാതായതോടെ എയിംസിൽ നഴ്സായ അമ്മയും സ്വകാര്യ സ്കൂളിൽ ജോലി ചെയ്യുന്ന പിതാവും ഇവരുടെ മകനും പരിഭ്രാന്തരായി. ഇടവകക്കാരും സുഹൃത്തുക്കളും ചേർന്ന് വ്യാപക അന്വേഷണം നടത്തിയെങ്കിലും വിവരം കിട്ടിയില്ല. വാട്സ്ആപ് ഗ്രൂപ്പുകളിലും കുട്ടിയുടെ ഫോട്ടോ സഹിതം വിവരം അറിയിച്ചിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകി.ഉന്നത നേതാക്കളും സഭാ നേതൃത്വവും ഇടപെട്ടതിനാൽ പോലീസ് ഉടൻതന്നെ അന്വേഷണം തുടങ്ങി.
പെണ്‍കുട്ടി രാജ്യം വിടാതിരിക്കാൻ വിമാനത്താവളങ്ങളിൽ മുന്നറിയിപ്പു നൽകി. പക്ഷേ പോലീസിൽ പരാതി കിട്ടുന്നതിനു മണിക്കൂറിനു മുന്‍പ് ഈ പെണ്‍കുട്ടി അബുദാബിയിലേക്ക് വിമാനം കയറിയിരുന്നു. പോലീസിന്റെ വിശദമായ അന്വേഷണത്തിലാണ് മുഹമ്മദ് സിദ്ദിഖി എന്നയാളെക്കുറിച്ചു വിവരം കിട്ടിയത്.
പതിവുപോലെ കോളജിലേക്കു പോയ മകളെ മാതാപിതാക്കൾ ഒരുതരത്തിലും സംശയിച്ചില്ല. പക്ഷേ സംഭവത്തിന്റെ പിന്നാമ്പുറത്തേക്ക് ചെന്നു പരിശോധിക്കുമ്പോ ഴാണ് അതീവ ആസൂത്രണത്തോടെയും മറ്റാരുടെയോ സഹായത്തോടെയുമാണ് പെണ്‍കുട്ടി രാജ്യം വിട്ടതായി കണ്ടെത്തിയത്.
മകളെ ആരോ തട്ടിക്കൊണ്ടുപോയി എന്നായിരുന്നു പിതാവിന്റെയും മാതാവിന്റെയും ഉറച്ച വിശ്വാസം. രാവിലെ വീട്ടിൽ നിന്നിറങ്ങിയശേഷം പെൺകുട്ടി മെട്രോ ട്രെയിനിൽ കയറി എവിടെയൊക്കെയോ കറങ്ങി. ആരെയൊക്കെ കണ്ടിരുന്നുവെന്ന് പോലീസ് അന്വേഷിച്ചു വരുകയാണ്.
രാജ്യം വിട്ടു പോകുന്നതിനു മുന്‍പ് അവസാനമായി അവൾ അമ്മയോടു സംസാരിച്ചു. ഉടൻ തന്നെ മൊബൈൽ ഫോണ്‍ ഓഫ് ചെയ്തു. സിം കാർഡും മാറ്റി. മൊബൈൽ ഫോണ്‍ തിരിച്ചറിയാനുള്ള നന്പർ പ്രിന്റ് ചെയ്തിട്ടുള്ള കവർ പോലും നശിപ്പിക്കുകയോ, കൂടെ എടുത്തുകൊണ്ടുപോകുകയോ ചെയ്തിരുന്നു.തെളിവുകൾ കിട്ടാവുന്ന ഡിജിറ്റൽ രേഖകൾ പോലും മുൻകൂട്ടി ഇല്ലാതാക്കാൻ ഈ പെണ്‍കുട്ടിക്ക് ആരോ കൃത്യമായ നിർദേശവും പരിശീലനവും നൽകിയിട്ടുണ്ടായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. രണ്ടു ദിവസം മുന്‍പേ വാട്സ്ആപ്പ് ഡിലീറ്റ് ചെയ്തു. സ്വന്തം ഇ-മെയിൽ അക്കൗണ്ടും റദ്ദാക്കി. ഫേസ്ബുക്, ഇൻസ്റ്റഗ്രാം എന്നിവയും അവസാനിപ്പിച്ച് ഡി-ആക്ടിവേറ്റ് ചെയ്തു.
പെണ്‍കുട്ടിക്ക് യുഎഇയിലേക്കു വീസയും വിമാന ടിക്കറ്റും പുറമേ നിന്നൊരാൾ സംഘടിപ്പിച്ചു നൽകിയ വിവരം പോലും മാതാപിതാക്കൾ അറിഞ്ഞില്ല. അവൾക്ക് സ്വന്തമായി പാസ്പോർട്ട് ഉണ്ടായിരുന്നു. സ്കൂൾ, കോളജ് സർട്ടിഫിക്കറ്റുകൾ അടക്കമുള്ള രേഖകളെല്ലാം കൊണ്ടുപോയി. വീട്ടിലെ സ്വർണാഭരണങ്ങളും എടുത്തു. വീട്ടുകാരെ അറിയിക്കാതെ സ്വന്തം ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 6,000 രൂപ പിൻവലിച്ചിരുന്നു. വീടുവിട്ടു പോകാൻ മുൻകൂട്ടി നിശ്ചയിച്ചതനുസരിച്ച് ആവശ്യമായ വസ്ത്രങ്ങളും ബാഗിൽ എടുത്തിരുന്നു. പാവപ്പെട്ടവർക്ക് നൽകാനായി കോളജിൽ വസ്ത്രശേഖരണം ഉണ്ടെന്നും അതിലേക്കു കൊടുക്കാനാണെന്നും പറഞ്ഞപ്പോൾ മാതാപിതാക്കൾ അപ്പാടെ വിശ്വസിച്ചു.
പെണ്‍കുട്ടിയെ കാണാതായശേഷം നടത്തിയ അന്വേഷണത്തിലാണ് അവളുടെ ഒരു ബുക്കിൽ ഇസ്ലാം മത പ്രാർഥനകളും മറ്റും എഴുതിയിരിക്കുന്നത് കണ്ടെത്തിയത്. ഇതോടെയാണ് പോലീസിന് ലൗ ജിഹാദിനെക്കുറിച്ചും റിക്രൂട്ട്മെന്റിനെക്കുറിച്ചും സൂചന കിട്ടിയത്. മുസ്ലിമിനെ കല്യാണം കഴിച്ചാൽ എന്താണു കുഴപ്പമെന്നു കൂട്ടുകാരികളോട് ചോദിച്ചിരുന്നുതായും സൂചന കിട്ടിയിട്ടുണ്ട്.
Discussion about this post