തൊടുപുഴ : കെഎസ്ഇബിയുടെ കൈവശമുള്ള ഭൂമി വൈദ്യുതി മന്ത്രി എം.എം. മണിയുടെ മരുമകന് പ്രസിഡന്റായ സഹകരണ ബാങ്കിനു ക്രമവിരുദ്ധമായി പാട്ടത്തിനു നല്‍കിയെന്ന് ആരോപണം. ഇടുക്കി ജില്ലയില്‍ പൊന്മുടി അണക്കെട്ടിനു സമീപം 21 ഏക്കര്‍ ഭൂമിയാണ് രാജക്കാട് സര്‍വ്വിസ് സഹകരണ ബാങ്കിന് കൈമാറിയത്. ഫെബ്രുവരി 28 നു ചേര്‍ന്ന കെഎസ്ഇബിയുടെ ഫുള്‍ ബോര്‍ഡ് യോഗത്തിലെ തീരുമാനപ്രകാരമാണ് നടപടി. മന്ത്രി എം.എം. മണി അധ്യക്ഷനായിരുന്ന യോഗങ്ങളിലായിരുന്നു സര്‍ക്കാര്‍ ഭൂമി പാട്ടത്തിനു നല്കുന്നതു സംബന്ധിച്ച തീരുമാനങ്ങള്‍ കൈക്കൊണ്ടത്.
കെഎസ്ഇബിക്കു കീഴിലുള്ള ഹൈഡല്‍ ടൂറിസത്തിന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് ഈ നടപടിയെന്നാണ് റിപ്പോര്‍ട്ട്.സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇത്തരം കേന്ദ്രങ്ങളുടെ പരിപാലനത്തിനായി സാമ്പത്തിക ഭദ്രതയുള്ള സഹകരണ സ്ഥാപനങ്ങളെ വിനോദസഞ്ചാര വികസനത്തില്‍ പങ്കാളികള്‍ ആക്കണമെന്നു കഴിഞ്ഞ വര്‍ഷം മേയ് 5 നു ചേര്‍ന്ന ഹൈഡല്‍ ടൂറിസത്തിന്റെ ഗവേണിങ് ബോഡി തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാജാക്കാട് സഹകരണ ബാങ്കിനു ഭൂമി കൈമാറാനുള്ള അണിയറ നീക്കങ്ങള്‍ ആരംഭിച്ചത്.
സിപിഎം നിയന്ത്രണത്തിലുള്ളതാണ് രാജാക്കാട് സര്‍വീസ് സഹകരണ ബാങ്ക്. സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി അംഗം കൂടിയായ വി.എ. കുഞ്ഞുമോനാണ് ബാങ്ക് പ്രസിഡന്റ്. മന്ത്രി എം.എം. മണിയുടെ മകളും രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റുമായ സതിയുടെ ഭര്‍ത്താവാണു കുഞ്ഞുമോന്. കെഎസ്ഇബിക്കു കീഴില്‍, വിനോദസഞ്ചാര സാധ്യതയുള്ള കേന്ദ്രങ്ങളുടെ സംരക്ഷണം ഹൈഡല്‍ ടൂറിസത്തിന്റെ നിയന്ത്രണത്തിലാണ്.
രാജാക്കാട് സര്‍വീസ് സഹകരണ ബാങ്കാണ് ഏറ്റവും കൂടുതല്‍ ലാഭവിഹിതം വാഗ്ദാനം ചെയ്തതെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം. വിവിധ സഹകരണ സ്ഥാപനങ്ങള്‍ ടെന്‍ഡര്‍ സമര്‍പ്പിച്ചു എന്നും ഇതു സംബന്ധിച്ച് പുറത്തുവിട്ട ഉത്തരവില്‍ പറയുന്നുണ്ട്. എന്നാല്‍ ടെന്‍ഡര്‍ സമര്‍പ്പിച്ചത് ഏതൊക്കെ സ്ഥാപനങ്ങള്‍ ആണെന്നോ ക്വോട്ട് ചെയ്ത തുക എത്രയാണെന്നോ ഉള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആകെ വരുമാനത്തിന്റെ 20 ശതമാനം ഹൈഡല്‍ ടൂറിസത്തിനു നല്‍കാമെന്നാണ് രാജാക്കാട് സഹകരണ ബാങ്കിന്റെ വാഗ്ദാനം. ടെന്‍ഡര്‍ ഈ സഹകരണ ബാങ്കിനു തന്നെ നല്കാന് തീരുമാനിച്ചത് മന്ത്രി കൂടി അധ്യക്ഷനായി പങ്കെടുത്ത ഫെബ്രുവരി രണ്ടിനു നടന്ന യോഗത്തിലായിരുന്നു.
അതേസമയം, മുന്‍ ഭരണസമിതിയുടെ കാലയളവിലാണ് ടെന്‍ഡര്‍ നടപടികളും മറ്റു തീരുമാനങ്ങളും ഉണ്ടായതെന്നും ഇതു സംബന്ധിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്നും ക്രമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും ബാങ്ക് പ്രസിഡന്റ് വി.എ. കുഞ്ഞുമോന് പ്രതികരിച്ചു
Discussion about this post