വിവിഐപികളുടെ വിദേശ യാത്രകൾക്കുള്ള ‘എയർ ഇന്ത്യ 1’ വിമാനങ്ങളിൽ ഘടിപ്പിക്കാനുള്ള മിസൈൽ പ്രതിരോധ സംവിധാനം അടുത്ത വർഷം എത്തുമെന്നു റിപ്പോർട്ട്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്ക്കുള്ള വിമാനങ്ങളിലാണ് സുരക്ഷയ്ക്ക് മുൻതൂക്കം കൊടുത്തുള്ള സംവിധാനം ഉപയോഗിക്കുന്നത്. എയർ ഇന്ത്യയുടെ രണ്ട് ദീർഘദൂര ബോയിങ് 777 വിമാനങ്ങളിലാണ് പ്രതിരോധ സംവിധാനം ഘടിപ്പിക്കുന്നത്. 2020 ജൂണോടെ അത്യാധുനിക സംവിധാനമുള്ള വിമാനത്തിൽ ഭരണത്തലവൻമാർ പറക്കുമെന്നാണ് ലഭിക്കുന്ന വിവരം.
മിസൈൽ പ്രതിരോധ സംവിധാനം ഘടിപ്പിക്കുന്നതോടെ യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ ‘എയർഫോഴ്സ് വണ്ണിനു’ തുല്യമാകും എയർ ഇന്ത്യ വണ്ണും.പറക്കുന്ന വൈറ്റ് ഹൗസ് എന്നാണ് യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയർഫോഴ്സ് 1 അറിയപ്പെടുന്നത്. . രണ്ടു നിലയുള്ള വിമാനത്തിന്റെ മുകളിലത്തെ നിലയിലാണു പ്രസിഡന്റ് യാത്ര ചെയ്യുക. വിമാനത്തിനുള്ളിൽനിന്നു തന്നെ രാജ്യത്തെ അഭിസംബോധന ചെയ്യാം. വിപുലമായ വാർത്താവിനിമയ സംവിധാനം. ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിൽസാ സൗകര്യങ്ങൾ. ആകാശത്തു വച്ചുതന്നെ ഇന്ധനം നിറയ്ക്കാം. എത്രനേരവും ആകാശത്തു തുടരാം. ആണവ സ്ഫോടനത്തിന്റെ ആഘാതത്തിൽപ്പോലും ക്ഷതമേൽക്കില്ല.
യുഎസ് സഹകരണത്തോടെ എയർ ഇന്ത്യ 1 ഉം സമാനരീതിയിൽ ആധുനികവൽക്കരിക്കാനാണ് ഇന്ത്യയുടെ നീക്കം. ലാർജ് എയർക്രാഫ്റ്റ് ഇൻഫ്രാറെഡ് കൗണ്ടർമെഷേഴ്സ് (LAIRCM), സെൽഫ് പ്രൊട്ടക്ഷൻ സ്യൂട്ട്സ് (SPS) എന്നീ പ്രതിരോധ സംവിധാനങ്ങളാണ് ഇന്ത്യ യുഎസിനോടു വാങ്ങുന്നത്. 1350 കോടി രൂപയാണ് (19 കോടി ഡോളർ) ഇവയുടെ വില. വിൽപനയ്ക്ക് യുഎസ് കോൺഗ്രസ് കഴിഞ്ഞ ഫെബ്രുവരിയിൽ അംഗീകാരം നൽകിയിരുന്നു. ഡാലസിലുള്ള ബോയിങ് കമ്പനിയുടെ ആസ്ഥാനത്താണ് മിസൈൽ പ്രതിരോധ സംവിധാനങ്ങൾ രൂപകൽപന ചെയ്യുന്നത്.
ആഡംബര സൗകര്യങ്ങൾ, പത്രസമ്മേളന മുറി, മെഡിക്കൽ സജ്ജീകരണങ്ങൾ എന്നിവയെല്ലാം പ്രത്യേകമായി ഉൾപ്പെടുത്തിയാണ് ബോയിങ് 777 എയർ ഇന്ത്യ 1 ൽ ഉൾപ്പെടുത്തുന്നത്. വൈഫൈ, മിസൈൽ പ്രതിരോധ സംവിധാനങ്ങൾ എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്. മറ്റൊരു പ്രത്യേകത ബോയിങ് 777നു തുടർച്ചയായി യുഎസ് വരെ പറക്കാനാകും എന്നതാണ്. പുതിയ വിമാനങ്ങൾ വാങ്ങുന്നതിനു കഴിഞ്ഞ വർഷത്തെ ബജറ്റിൽ 4469 കോടി രൂപ കേന്ദ്രസർക്കാർ വകയിരുത്തിയിരുന്നു.
Discussion about this post