(പെന്‍ഡ്രൈവ്) നന്ദികേശന്‍
അടുപ്പമുള്ളവര്‍ അകലുമ്പോഴും അകന്നിരുന്നവര്‍ അടുക്കുമ്പോഴും സൂക്ഷിക്കണം എന്നാണു പഴമൊഴി.എന്നു പറഞ്ഞു എല്ലാ അടുപ്പങ്ങളെയും അകല്‍ച്ചകളെയും അങ്ങനെ ഒറ്റ നുകത്തില്‍ കെട്ടി വയലിലിറക്കണ്ടാ..! ചില അടുപ്പങ്ങള്‍ നല്ലതിനാണ് എന്ന് തന്നെ വിശ്വസിക്കാം. ചുരുങ്ങിയത് അടുക്കുന്നവര്‍ക്കെങ്കിലും..!!
കെ.ആര്‍ ഗൗരിയമ്മയും പാര്‍ട്ടിയും തമ്മില്‍ ഒഴുമുറിയായിട്ട് ഏകദേശം ഏഴു പാര്‍ട്ടി കോണ്‍്ഗ്രസ് കാലം കഴിഞ്ഞു..രണ്ടു കൂട്ടര്‍ക്കും ഇപ്പോള്‍ ആരോഗ്യക്ഷയ കാലവുമാണ്..! ശേഷിയുണ്ടായിരുന്ന കാലത്ത് സാമാന്യം ഭേദമായിത്തന്നെ തമ്മില്‍ത്തല്ലിയാണ് ഒഴുമുറി മേടിച്ചത്..!! കേരളമുന്നണി പാരമ്പര്യം അനുസരിച്ച് ഒരാള്‍ എത്രയ്ക്കും എതിര്‍മുന്നണി വിരുദ്ധന്‍ ആണെങ്കിലും സ്വപക്ഷത്തു നിന്ന് ചവിട്ടു കൊണ്ട് തുടങ്ങിയാല്‍ ഏറ്റവും അടുത്ത വഞ്ചിയില്‍ കേറി അക്കരയ്ക്ക് പോകണം എന്നാണല്ലോ..? ഗൗരി സഖാവും പതിവ് തെറ്റിച്ചില്ല..!! ഒപ്പം വന്നവരേയും കൂട്ടി വഞ്ചി നേരെ എതിര്‍കടവില്‍..!! വഞ്ചി പുറപ്പെട്ട വിവരം നേരത്തെ അറിഞ്ഞത് കൊണ്ട് അവിടെ സ്വീകരണത്തിനും സത്കാരത്തിനും യാതൊരു പഞ്ഞവും ഉണ്ടായില്ല താനും..! അവിടെ അന്ന് അതിനുമുന്‍പേ അക്കരയില്‍ നിന്ന് ഇക്കരയ്ക്ക് തുഴഞ്ഞെത്തിയ രാഘവന്‍ സഖാവും ഉണ്ടായിരുന്നു…
അവശ സഖാക്കളുടെ വിഭാഗത്തിനു ആവശ്യത്തിനു കഞ്ഞിയും കമ്പിളിയും കസേരയും കൊടുത്ത് യു.ഡി.എഫ് അങ്ങനെ കലക്കവെള്ളമീന്‍കൃഷി ഭംഗിയാക്കി.. ദോഷം പറയരുതല്ലോ; 1996 ലും 2001 ലും ഗൗരിയമ്മയിലൂടെ അരൂര്‍ മണ്ഡലത്തില്‍ മേല്‍വിലാസം ഉണ്ടാക്കാന്‍ കോണ്‍ഗ്രസ്സിനു പറ്റി എന്നതും ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്. പക്ഷെ 2006 ആയപ്പോഴേയ്ക്കും കളി മാറി. ഗൗരിയമ്മയുടെ ഗതകാലപ്രൌഡി വിലയിരുത്തി വോട്ടു ചെയ്തിരുന്ന ആളുകളുടെ എണ്ണം കുറഞ്ഞു തുടങ്ങി… ആയുസ്സ് എല്ലാവര്‍ക്കും ദൈവം വാരിക്കൊടുക്കില്ലല്ലോ..?! അതുകൊണ്ട് പുതുനിര വോട്ടര്‍മ്മാര്‍ക്ക് പാരമ്പര്യത്തെക്കാള്‍ ഇഷ്ടപ്പെട്ടത് ചലനസംവേദനശേഷിയാണ് എന്ന് തോന്നിക്കുന്ന ഒരു ഫലമാണ് അന്ന് ഉണ്ടായത്. അരൂരുകാര്‍ക്ക് അബദ്ധം പറ്റിയതാണോ എന്നറിയാന്‍ 2011 ല്‍ കളംമാറി ചേര്‍ത്തലയില്‍ അങ്കത്തിനിറങ്ങി. അവിടെയും വോട്ടര്‍മാര്‍ ന്യൂജെന്‍ ആണ് എന്ന് ഫലം വന്നപ്പോള്‍ മനസ്സിലായി. ഒരൊറ്റ നിയമസഭാംഗം പോലുമില്ലാതെ സംപൂജ്യരായാണ് ഗൗരിയമ്മയുടെ പാര്‍ട്ടി യു.ഡി.എഫ് യോഗങ്ങളില്‍ പങ്കെടുത്തിരുന്നത്.. കഞ്ഞിവിളമ്പിന് പഴയ ബഹുമാനം ഇല്ല എന്ന് തോന്നിത്തുടങ്ങിയിട്ട് കുറച്ചു നാളായി..! പക്ഷെ മുന്നണി വിടാനുള്ള സാഹചര്യം ഒത്തുവന്നില്ല, ഇപ്പൊ പോവും എന്ന് പറഞ്ഞു പൂമുഖം വരെ നിരവധി തവണ വന്നു..പക്ഷെ ‘പോവല്ലേ’ എന്ന വിളി അകത്തു നിന്നോ ‘ഇറങ്ങി വരൂ’ എന്ന വിളി പുറത്തുനിന്നോ’ ഉണ്ടാവാഞ്ഞത് കൊണ്ട് അവിടെത്തന്നെ വൈയ്റ്റ് ചെയ്യുകയായിരുന്നു…!!
പാര്‍ട്ടിയും ഇപ്പോള്‍ സമാനമായ ഒരു വളര്‍ച്ച അനുഭവിച്ചു വരികയാണ്. 2006 ലെ തിരുവമ്പാടി ഉപതെരഞ്ഞെടുപ്പിന് ശേഷം മാന്യമായ ഒരു ജയം പറയാന്‍ പോലും ഇല്ലാത്ത അവസ്ഥയാണ്..! കേന്ദ്രത്തിലാണെങ്കില്‍ ഒരു ഇന്നോവ വിളിച്ചാല്‍ അതിലിരുന്ന് പാര്‍ലമെന്ററി യോഗവും ലോകസഭാ എം.പി മാരുടെ വിനോദയാത്രയും ഒരുമിച്ച് നടത്താം..!! സോളാര്‍, ബാര്‍, ടെക്സ്റ്റ് ബുക്ക് ചേരുവകളൊക്കെ ആവശ്യത്തിനു ചേര്‍ത്ത് വിളമ്പിയിട്ടും അരുവിക്കര സദ്യയില്‍ എതിര്‍ വിഭാഗത്തിന്റെ പന്തലിലായിരുന്നു ആളും അനക്കവും കൂടുതല്‍..!! ഇപ്പുറത്തെ പന്തലില്‍ വന്നു കയറും എന്ന് വിചാരിച്ച കുറേപേര്‍ ബി.ജെ.പി പന്തലില്‍ പോയി മൃഷ്ടാന്നം ഉണ്ടു എന്നും അറിഞ്ഞു..!! എന്തായാലും ഇനിയൊരു തെരഞ്ഞെടുപ്പ് തോല്‍വി കൂടി താങ്ങാനുള്ള ശേഷി പാര്‍ട്ടി കമ്മറ്റികള്‍ക്ക് ഇല്ല എന്നാണ് ഭാരവാഹികള്‍ ഒന്നടങ്കം പറയുന്നത്..!! ഈ അവസ്ഥയിലാണ് കുറച്ചുനേരം കൂടി ശ്വാസം നിലനിര്‍ത്താന്‍ എന്തുണ്ട് വഴി എന്നാലോചിച്ച് നേതൃത്വം തലപുകച്ചു തുടങ്ങിയത്.. പാര്‍ട്ടി വിട്ടവരെ കൈകാര്യം ചെയ്യാന്‍ മുന്‍ നേതൃത്വം കണ്ടുപിടിച്ച ഒഞ്ചിയം മോഡലിനോട് ഇപ്പോള്‍ ആര്‍ക്കും വലിയ താല്പര്യമില്ല..!! അങ്ങനെയാണ് പാര്‍ട്ടി വിട്ട പൂര്‍വസൂരികളെ തിരിച്ചു ചെങ്കൊടിപിടിപ്പിക്കാനുള്ള പദ്ധതി തയ്യാറായത്..!! തീരുമാനം എടുത്തയുടനെ എം.വി.ആര്‍ കളമൊഴിഞ്ഞു.. ഇനിയിപ്പോള്‍ അധികം പേര്‍ പുറത്തില്ല; അകത്തും..!! ആ നിലയ്ക്ക് വീഴാറായി നില്‍ക്കുന്ന രണ്ടുകൂട്ടര്‍ ഒരുമിയ്ക്കുന്നത് കൊണ്ട് പ്രത്യേകിച്ച് ഒരു ദോഷവുമില്ല. വീഴ്ചയായാലും വാഴ്ചയായാലും ഒരുമിച്ച് തന്നെയായിക്കോട്ടെ..! ഈ ഘര്‍വാപസി കൊണ്ട് ആര്‍ക്ക് എന്ത് പ്രയോജനം എന്ന് അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ്സിനു മുന്‍പ് അറിയാന്‍ പറ്റുമായിരിക്കും..!!!
Discussion about this post