തൃശ്ശൂര്‍: സംഘപരിവാറിനെതിരായ പോരാട്ടത്തില്‍ ആര്‍എസഎസിനും, മുസ്ലിം ലീഗിനും ‘ തന്റേതായ നിര്‍വ്വചനം’നല്‍കി വി.ടി ബല്‍റാം എംഎല്‍എ. ബിജെപി/ആര്‍എസ്എസും മുസ്ലിംലീഗും തമ്മില്‍ കൃത്യമായ വ്യത്യാസമുണ്ടെന്ന് പറയുന്ന ബല്‍റാം മുസ്ലിം ലീഗ് ഒരു സാമുദായിക സംഘടനയാണെന്നുംസ ആര്‍എസ്എസ് ഹിന്ദു സംഘടന അല്ലെന്നും അഭിപ്രായപ്പെടുന്നു. ഹിന്ദുക്കള്‍ക്ക് പ്രയോജനകരമായ എല്ലാത്തിനെയും എതിര്‍ക്കുന്നവരാണ് ആര്‍എസ്എസ്. അത് ഉത്തരേന്ത്യന്‍ ബ്രാഹ്മണ സംഘടന മാത്രമാണ്. മുസ്ലിം ലീഗ് ഒരു മുസ്ലിം സംഘടന മാത്രമാണ്. ഒരു ഇസ്ലാമിസ്റ്റ് സംഘടന മാത്രമാണ്. മുസ്ലിം എന്നത് മതത്തിന്റെ പേരല്ല. ഒരു സമുദായത്തിന്റെ പേരാണ്. -ബല്‍റാം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
‘ഈ കാഴ്ചപ്പാടിലാണ് ബി.ജെ.പി/ആര്‍.എസ്.എസും മുസ്ലിം ലീഗും തമ്മില്‍ കൃത്യമായ വ്യത്യാസമുണ്ട് എന്ന് പറയാന്‍ കഴിയുന്നത്. ആര്‍ എസ് എസ് ഒരു വര്‍ഗ്ഗീയ സംഘടനയാണ്, മുസ്ലിം ലീഗ് ഒരു സാമുദായിക സംഘടനയും. ആര്‍ എസ് എസ് ഒരു ഹിന്ദു സംഘടന അല്ല, ഒരു ‘ഹിന്ദുത്വ’ സംഘടനയാണ്. അവരുടെ ഹിന്ദുത്വ എന്നത് ഒരു ഫാഷിസ്റ്റ് രാഷ്ട്രീയ ആശയമാണ്, അതിനപ്പുറം നാം തലമുറകളായി പരിചയിച്ച് പോരുന്ന ഇവിടത്തെ സാധാരണക്കാരുടെ ഹൈന്ദവ സംസ്‌ക്കാരവുമായി പേരുകൊണ്ടുള്ള സാമ്യം മാത്രമേ ആര്‍ എസ് എസിന്റെ ഹിന്ദുത്വക്ക് ഉള്ളൂ. ആദിവാസികള്‍, ദലിതര്‍, പിന്നാക്കക്കാര്‍ എന്നിങ്ങനെ ഹിന്ദുസമൂഹത്തില്‍ ഇന്ന് ഉള്‍പ്പെടുത്തപ്പെട്ടിരിക്കുന്ന (ഒരു കാലത്ത് അങ്ങനെ ഹിന്ദുവായി കണക്കാക്കപ്പെട്ടിരുന്നില്ലാത്ത) വ്യത്യസ്ത സമൂഹങ്ങളുടെ ഉന്നമനത്തിനായുള്ള ഒരു പോസിറ്റീവ് അജണ്ടയും ഇല്ലെന്ന് മാത്രമല്ല, ഭൂപരിഷ്‌ക്കരണം, സംവരണം തുടങ്ങി പിന്നാക്ക ഹിന്ദുക്കള്‍ക്ക് പ്രയോജനകരമായ എല്ലാത്തിനേയും എതിര്‍ക്കുന്ന ഒരു ഉത്തരേന്ത്യന്‍ ബ്രാഹ്മണ സംഘടന മാത്രമാണ് ആര്‍ എസ് എസ്.
അതേസമയം മുസ്ലിം ലീഗ് ഒരു മുസ്ലിം സംഘടന മാത്രമാണ്, ഒരു ഇസ്ലാമിസ്റ്റ് സംഘടന അല്ല. മുസ്ലിം എന്നത് ഒരു മതത്തിന്റെ പേരല്ല, ഒരു സമുദായത്തിന്റെ പേരാണ്. മതത്തിന്റെ പേര്‍ ഇസ്ലാം എന്നാണ്. രാഷ്ട്രീയ, സാമൂഹ്യ വിഷയങ്ങളെക്കുറിച്ച് അത്യാവശ്യം വായനയുള്ള ഏതൊരാള്‍ക്കും ഈ പദങ്ങള്‍ തമ്മിലുള്ള വ്യത്യാസം മനസ്സിലാവും. ഹിന്ദുക്കളുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദുത്വസംഘടനയായ ആര്‍ എസ് എസിനെ താരതമ്യപ്പെടുത്തേണ്ടത് ഇസ്ലാമിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിസ്റ്റ് സംഘടനകളായ എസ് ഡി പി ഐ, പി ഡി പി, ജമാ അത്തെ ഇസ്ലാമി എന്നിവയോടാണ്. എന്നാല്‍ മുസ്ലിം സംഘടനയായ മുസ്ലിം ലീഗ് താരതമ്യമര്‍ഹിക്കുന്നത് ദളിത്ബഹുജന്‍ സംഘടനയായ ബി.എസ്.പി, യാദവപിന്നാക്ക സംഘടനയായ സമാജ് വാദി പാര്‍ട്ടി എന്നിങ്ങനെയുള്ള പ്രാദേശിക സാമുദായിക രാഷ്ട്രീയ പാര്‍ട്ടികളോടും രാഷ്ട്രീയത്തില്‍ നേരിട്ടിടപെടാത്ത എന്‍ എസ് എസ്, എസ്.എന്‍.ഡി.പി, കെ.പി.എം.എസ് തുടങ്ങിയ മറ്റ് സാമുദായിക സംഘടനകളോടുമാണ്.’…
‘മുസ്ലിങ്ങള്‍ക്കിടയില്‍ മതസങ്കുചിതവാദത്തിന്റെ കാര്യമായ വേരോട്ടമുണ്ടാക്കാന്‍ ഇസ്ലാമിസ്റ്റ് സംഘടനകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ചും 1992 ഡിസംബര്‍ 6 നുശേഷമുള്ള ഇരവാദത്തിലൂന്നിയ പ്രചരണതന്ത്രങ്ങളിലൂടെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആശങ്കയും അരക്ഷിതബോധവും വളര്‍ത്തുന്ന കാര്യത്തില്‍ അവര്‍ വലിയൊരളവില്‍ വിജയിച്ചിരിക്കുന്നു. ഇവിടെയാണ് മുഖ്യധാരാ രാഷ്ട്രീയത്തിലിടപെടുന്ന മുസ്ലിം ലീഗ് പോലുള്ള മിതവാദ സംഘടനകളുടെ പ്രസക്തി’ ബല്‍റാം പറയുന്നു.
‘അധികാര രാഷ്ട്രീയം കയ്യാളുന്ന മറ്റ് ഏതൊരു രാഷ്ട്രീയ പാര്‍ട്ടിയിലുമെന്ന പോലെ അഴിമതി, സ്വജന പക്ഷപാതം, വരേണ്യ വര്‍ഗ്ഗ താത്പര്യം, ചില ഭരണാധികാരികളുടെ കാര്യക്ഷമതാക്കുറവ് എന്നിവയൊക്കെ ലീഗിനെതിരെയും ആര്‍ക്കും ഉന്നയിക്കാമെന്നും ബല്‍റാം വ്യക്തമാക്കുന്നു.
ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
തൃത്താല നിയോജകമണ്ഡലം ഒരു മുസ്ലിം ഭൂരിപക്ഷ പ്രദേശമല്ല. കുമ്മനം രാജശേഖരനും വെള്ളാപ്പള്ളിക്കുമൊക്കെ ശേഷം ഇപ്പോള്‍ കാനം സഖാവ് പോലും പറയുന്നത് കേരളത്തില്‍ ഭൂരിപക്ഷം ന്യൂനപക്ഷവും ന്യൂനപക്ഷം ഭൂരിപക്ഷവും ആയി മാറി എന്നാണ്. അതിന്റെ കൃത്യമായ കണക്ക് എനിക്കറിയില്ല. എന്നാലും ഏതാണ്ട് അമ്പത് ശതമാനത്തോടടുത്താണ് കേരളത്തില്‍ ഹിന്ദുക്കളുടെ എണ്ണം എന്നനുമാനിക്കപ്പെടുന്നു. എന്നാല്‍ പലരും കരുതുന്നതില്‍ നിന്ന് വ്യത്യസ്തമായി തൃത്താലയില്‍ ഹിന്ദുമത വിശ്വാസികളുടെ എണ്ണം അറുപത് ശതമാനമെങ്കിലുമാണ്. അതില്‍ത്തന്നെ സംഘ് പരിവാര്‍ ഹിന്ദുത്വയുടെ സ്വാഭാവിക ആരാധകരായ സവര്‍ണ്ണ ഹിന്ദുക്കളുടെ നല്ലൊരു ശതമാനമുണ്ട് താനും. നായക കഥാപാത്രങ്ങള്‍ക്ക് അതിമാനുഷത്വം കല്‍പ്പിക്കുന്ന മലയാളത്തിലെ വ്യാപാരവിജയം നേടിയ പല സിനിമകളിലും കടന്നുവരുന്ന ഫ്യൂഡല്‍, നാട്ടുപ്രമാണി സന്ദര്‍ഭങ്ങള്‍ പലതും ഈ പ്രദേശങ്ങളൊക്കെയായി ബന്ധപ്പെട്ടതാണ്. ഇതൊക്കെ മനസ്സില്‍ വെച്ചാണ് മൂന്നാം സിനാറിയോയുടെ ഭാഗമായി ഇപ്പോള്‍ പല ഓഡിറ്റിങ്ങും നടന്നുവരുന്നത്.
വ്യക്തിപരമായി ഞാനേതെങ്കിലുമൊരു പ്രത്യേക മതത്തിന്റെ വിശ്വാസിയല്ല, എം.എല്‍.എ. എന്ന നിലയില്‍ ഏതെങ്കിലും ഒരു മതത്തിന്റെ പ്രതിനിധിയുമല്ല. വിവിധ മതങ്ങളില്‍ നിന്ന് സാഹചര്യങ്ങള്‍ക്കനുസരിച്ച് ഉചിതമെന്ന് തോന്നുന്ന ആശയങ്ങള്‍ സ്വീകരിക്കുന്നതുകൊണ്ട് തെറ്റുണ്ടെന്ന് തോന്നുന്നില്ല. എന്നാല്‍ അതോടൊപ്പം കാലാനുസൃതമല്ലാത്തതും സമൂഹത്തെ പുറകോട്ടുനടത്തുന്നതുമായ ആശയങ്ങള്‍ മതങ്ങളുടെയും വിശ്വാസങ്ങളുടെയും സംസ്‌ക്കാരത്തിന്റെയുമൊക്കെപ്പേരില്‍ അടിച്ചേല്‍പ്പിക്കപ്പെടുമ്പോള്‍ അതിനെ തിരിച്ചറിഞ്ഞ് തിരസ്‌ക്കരിക്കാനുള്ള ജാഗ്രത കൈമോശം വരരുതെന്ന് മാത്രം. അതുകൊണ്ട് തന്നെ എന്റെ മത/സംസ്‌ക്കാര വിമര്‍ശ്ശനം വര്‍ഗ്ഗീയ വാദികളുടെ മട്ടില്‍ അന്യമത വിദ്വേഷത്തില്‍ നിന്നുള്ളതല്ല, മറിച്ച് സമകാലിക രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളെ പരമാവധി സ്വതന്ത്ര ചിന്തയോടെ നോക്കിക്കാണുന്ന ഒരു പൊതുപ്രവര്‍ത്തകന്റേതാണ്. ഏതായാലും എന്റെ നാട്ടിലെ ജനങ്ങളെ അവരുടെ ജാതി, മത വിശ്വാസങ്ങളുടെ അടിസ്ഥാനത്തില്‍ വേര്‍ത്തിരിച്ചുകാണുന്ന സമീപനം ഒരിക്കലും ഞാന്‍ പുലര്‍ത്തിയിട്ടില്ല. സമയാസമയങ്ങളിലുയര്‍ന്നുവരുന്ന വിവിധ രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിലുള്ള എന്റെ അഭിപ്രായങ്ങളുടെ രൂപീകരണത്തില്‍ തൃത്താലയിലെ ഈ റിലിജ്യസ് കമ്പോസിഷന്‍ ഒരിക്കലും ഒരു സ്വാധീനഘടകമായിരുന്നിട്ടുമില്ല.
ആരംഗീകരിച്ചാലും ഇല്ലെങ്കിലും ഇന്ത്യ എന്നത് ഒരു ബഹുമത സമൂഹമാണ്. മതം ഓരോ വ്യക്തിയുടേയും സ്വകാര്യതയാക്കി ചുരുക്കുകയും പൊതുവ്യവഹാരങ്ങളില്‍ നിന്ന് പരമാവധി ഒഴിച്ചുനിര്‍ത്തുകയും ചെയ്യുമ്പോഴും മതത്തിന്റേയും വിശ്വാസത്തിന്റേയും പേരിലൊക്കെയുള്ള എല്ലാത്തരം വ്യത്യസ്തതകളേയും ഉള്‍ക്കൊള്ളുക എന്നതാണു ഇന്ത്യക്ക് മുന്നിലുള്ള ശരിയായ വഴി. അവിടെയാണ് ഏതെങ്കിലും ഒരു മതത്തിന്റെ മാത്രം ആശയാദര്‍ശ്ശങ്ങളുടേയും പാരമ്പര്യത്തിന്റേയും സംസ്‌ക്കാരത്തിന്റേയുമൊക്കെ പേരുപറഞ്ഞുള്ള മതരാഷ്ട്രവാദങ്ങള്‍ അപകടകരമാവുന്നത്.
നമ്മുടെ രാജ്യത്തിന്റെ നൂറ്റാണ്ടുകളായുള്ള ചരിത്രമെടുത്ത് പരിശോധിച്ചാല്‍ ഇവിടെ വ്യത്യസ്ത സമുദായങ്ങള്‍ എങ്ങനെ ഉണ്ടായി എന്നും ജനാധിപത്യപൂര്‍വ്വകാലത്ത് അവര്‍ തമ്മിലുള്ള ഉച്ചനീചത്വങ്ങള്‍ എത്രത്തോളം കഠിനമായിരുന്നു എന്നും മനസ്സിലാക്കാന്‍ കഴിയും. അതുകൊണ്ടുതന്നെ ജനാധിപത്യകാലത്ത് ഇത്തരം ഉച്ചനീചത്ത്വങ്ങള്‍ പരമാവധി പരിഹരിക്കുന്നതിനുവേണ്ടി പണ്ടുതൊട്ടേ പിന്നാക്കാവസ്ഥ അനുഭവിക്കുന്ന വിഭാഗങ്ങളും സമുദായങ്ങളും സംഘടിക്കുന്നതും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇടപെടുന്നതും സര്‍ക്കാരുകള്‍ക്ക് മേല്‍ പോസിറ്റീവായ സമ്മര്‍ദ്ദങ്ങള്‍ ചെലുത്തുന്നതും സ്വാഭാവികമാണെന്ന് മാത്രമല്ല, ഒരു ഇന്‍ക്ലൂസിവ് ഡമോക്രസിയില്‍ വലിയൊരളവ് വരെ പ്രോത്സാഹിപ്പിക്കേണ്ടത് പോലുമാണ്.
ഈ കാഴ്ചപ്പാടിലാണ് ബി.ജെ.പി/ആര്‍.എസ്.എസും മുസ്ലിം ലീഗും തമ്മില്‍ കൃത്യമായ വ്യത്യാസമുണ്ട് എന്ന് പറയാന്‍ കഴിയുന്നത്. ആര്‍ എസ് എസ് ഒരു വര്‍ഗ്ഗീയ സംഘടനയാണ്, മുസ്ലിം ലീഗ് ഒരു സാമുദായിക സംഘടനയും. ആര്‍ എസ് എസ് ഒരു ഹിന്ദു സംഘടന അല്ല, ഒരു ‘ഹിന്ദുത്വ’ സംഘടനയാണ്. അവരുടെ ഹിന്ദുത്വ എന്നത് ഒരു ഫാഷിസ്റ്റ് രാഷ്ട്രീയ ആശയമാണ്, അതിനപ്പുറം നാം തലമുറകളായി പരിചയിച്ച് പോരുന്ന ഇവിടത്തെ സാധാരണക്കാരുടെ ഹൈന്ദവ സംസ്‌ക്കാരവുമായി പേരുകൊണ്ടുള്ള സാമ്യം മാത്രമേ ആര്‍ എസ് എസിന്റെ ഹിന്ദുത്വക്ക് ഉള്ളൂ. ആദിവാസികള്‍, ദലിതര്‍, പിന്നാക്കക്കാര്‍ എന്നിങ്ങനെ ഹിന്ദുസമൂഹത്തില്‍ ഇന്ന് ഉള്‍പ്പെടുത്തപ്പെട്ടിരിക്കുന്ന (ഒരു കാലത്ത് അങ്ങനെ ഹിന്ദുവായി കണക്കാക്കപ്പെട്ടിരുന്നില്ലാത്ത) വ്യത്യസ്ത സമൂഹങ്ങളുടെ ഉന്നമനത്തിനായുള്ള ഒരു പോസിറ്റീവ് അജണ്ടയും ഇല്ലെന്ന് മാത്രമല്ല, ഭൂപരിഷ്‌ക്കരണം, സംവരണം തുടങ്ങി പിന്നാക്ക ഹിന്ദുക്കള്‍ക്ക് പ്രയോജനകരമായ എല്ലാത്തിനേയും എതിര്‍ക്കുന്ന ഒരു ഉത്തരേന്ത്യന്‍ ബ്രാഹ്മണ സംഘടന മാത്രമാണ് ആര്‍ എസ് എസ്.
അതേസമയം മുസ്ലിം ലീഗ് ഒരു മുസ്ലിം സംഘടന മാത്രമാണ്, ഒരു ഇസ്ലാമിസ്റ്റ് സംഘടന അല്ല. മുസ്ലിം എന്നത് ഒരു മതത്തിന്റെ പേരല്ല, ഒരു സമുദായത്തിന്റെ പേരാണ്. മതത്തിന്റെ പേര്‍ ഇസ്ലാം എന്നാണ്. രാഷ്ട്രീയ, സാമൂഹ്യ വിഷയങ്ങളെക്കുറിച്ച് അത്യാവശ്യം വായനയുള്ള ഏതൊരാള്‍ക്കും ഈ പദങ്ങള്‍ തമ്മിലുള്ള വ്യത്യാസം മനസ്സിലാവും. ഹിന്ദുക്കളുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദുത്വസംഘടനയായ ആര്‍ എസ് എസിനെ താരതമ്യപ്പെടുത്തേണ്ടത് ഇസ്ലാമിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിസ്റ്റ് സംഘടനകളായ എസ് ഡി പി ഐ, പി ഡി പി, ജമാ അത്തെ ഇസ്ലാമി എന്നിവയോടാണ്. എന്നാല്‍ മുസ്ലിം സംഘടനയായ മുസ്ലിം ലീഗ് താരതമ്യമര്‍ഹിക്കുന്നത് ദളിത്ബഹുജന്‍ സംഘടനയായ ബി.എസ്.പി, യാദവപിന്നാക്ക സംഘടനയായ സമാജ് വാദി പാര്‍ട്ടി എന്നിങ്ങനെയുള്ള പ്രാദേശിക സാമുദായിക രാഷ്ട്രീയ പാര്‍ട്ടികളോടും രാഷ്ട്രീയത്തില്‍ നേരിട്ടിടപെടാത്ത എന്‍ എസ് എസ്, എസ്.എന്‍.ഡി.പി, കെ.പി.എം.എസ് തുടങ്ങിയ മറ്റ് സാമുദായിക സംഘടനകളോടുമാണ്.
ഞാന്‍ മനസ്സിലാക്കുന്നിടത്തോളം ഇന്ത്യയെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കുക എന്ന അജണ്ട ഒരു കാലത്തും കേരളത്തിലെ മുസ്ലീം ലീഗിനുണ്ടായിട്ടില്ല. നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയേയും നാട്ടിലെ ജനാധിപത്യ സംവിധാനത്തെയും പൂര്‍ണ്ണമായി അംഗീകരിച്ച്, അതില്‍നിന്ന് മാറിനില്‍ക്കാതെ ക്രിയാത്മകമായി ഇടപെട്ട്, ജനങ്ങളെ അഭിമുഖീകരിച്ച്, ഇതരമതസ്ഥരുടെ കൂടെ വോട്ട് വാങ്ങി ജനപ്രതിനിധികളെ സൃഷ്ടിച്ച്, കോണ്‍ഗ്രസ്, സി.പി.എം തുടങ്ങിയ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളോടൊപ്പം ചേര്‍ന്ന് സര്‍ക്കാരുകളില്‍ പങ്കാളിയായി, വ്യവസ്ഥാപിതമായി ലഭിക്കുന്ന ആ അധികാരപങ്കാളിത്തം തങ്ങളുടെ പ്രദേശത്തിന്റെ വികസനത്തിനും തങ്ങളുടെ സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതി അടക്കമുള്ള കാര്യങ്ങള്‍ക്കും വിനിയോഗിക്കുക എന്ന രാഷ്ട്രീയ പ്രവര്‍ത്തനമാണ് മുസ്ലിം ലീഗ് നിര്‍വ്വഹിക്കുന്നത്. അതോടൊപ്പം തങ്ങളുടെ സമുദായത്തിലുള്ളവര്‍ക്ക് മാത്രമല്ല സഹോദര സമുദായങ്ങളിലുള്ളവര്‍ക്കും കൂടി പ്രയോജനം ലഭിക്കുന്ന നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങളും ഒരു പാര്‍ട്ടി എന്ന നിലയില്‍ത്തന്നെ ലീഗ് ഏറ്റെടുക്കുന്നത് കാണാന്‍ കഴിയുന്നുണ്ട്.
മുസ്ലിങ്ങള്‍ക്കിടയില്‍ മതസങ്കുചിതവാദത്തിന്റെ കാര്യമായ വേരോട്ടമുണ്ടാക്കാന്‍ ഇസ്ലാമിസ്റ്റ് സംഘടനകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ചും 1992 ഡിസംബര്‍ 6 നുശേഷമുള്ള ഇരവാദത്തിലൂന്നിയ പ്രചരണതന്ത്രങ്ങളിലൂടെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആശങ്കയും അരക്ഷിതബോധവും വളര്‍ത്തുന്ന കാര്യത്തില്‍ അവര്‍ വലിയൊരളവില്‍ വിജയിച്ചിരിക്കുന്നു. ഇവിടെയാണ് മുഖ്യധാരാ രാഷ്ട്രീയത്തിലിടപെടുന്ന മുസ്ലിം ലീഗ് പോലുള്ള മിതവാദ സംഘടനകളുടെ പ്രസക്തി. മത വിഷയങ്ങളില്‍ മുസ്ലിം ലീഗിനു തീവ്രത പോരാ എന്നാണ് മറ്റ് സംഘടനകളുടെ പരാതി എന്നോര്‍ക്കണം. ബാബരി മസ്ജിദ് പൊളിച്ച സമയത്ത് മുസ്ലിം ലീഗ് തീവ്രമായി പ്രതികരിച്ചില്ല എന്ന് പരാതി പറഞ്ഞ് അതില്‍നിന്ന് പുറത്തുപോയവരാണ് ഇന്ത്യന്‍ നാഷണല്‍ ലീഗ് ഉണ്ടാക്കിയത്. പാര്‍ട്ടിയുടെ പേരില്‍ മുസ്ലിം എന്നുണ്ടോ ഇല്ലയോ എന്ന് മാത്രം നോക്കി വര്‍ഗീയത നിശ്ചയിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് ഐ.എന്‍.എല്‍. ഇങ്ങനെയുള്ള ഐ.എന്‍.എല്ലിനേയും മദനിയുടെ പി.ഡി.പി.യേയുമൊക്കെ പരസ്യമായി പിന്തുണച്ചും അവരില്‍നിന്ന് എം.എല്‍.എ.മാരെ വരെ സൃഷ്ടിച്ചും മുസ്ലിം വര്‍ഗ്ഗീയതയെ വളര്‍ത്തിയത് മതേതരത്വത്തിന്റെ പേരില്‍ മേനി നടിക്കുന്ന സി.പി.എമ്മാണ് എന്നത് കാണാതിരുന്നുകൂടാ.
ഇതിനര്‍ത്ഥം മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടി വിമര്‍ശ്ശനാതീതമാണെന്നല്ല. അധികാര രാഷ്ട്രീയം കയ്യാളുന്ന മറ്റ് ഏതൊരു രാഷ്ട്രീയ പാര്‍ട്ടിയിലുമെന്ന പോലെ അഴിമതി, സ്വജന പക്ഷപാതം, വരേണ്യ വര്‍ഗ്ഗ താത്പര്യം, ചില ഭരണാധികാരികളുടെ കാര്യക്ഷമതാക്കുറവ് എന്നിവയൊക്കെ ലീഗിനെതിരെയും ആര്‍ക്കും ഉന്നയിക്കാം. എന്നാല്‍ ഇന്നത്തെ കേരളത്തിലെ പല വിമര്‍ശനങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത് പലപ്പോഴും ലീഗ് വിമര്‍ശ്ശനമെന്നത് മനസ്സിന്റെ അബോധതലത്തിലുള്ള മുസ്ലിം വിരുദ്ധതയുടെ ഭാഗമായി ഉയരുന്ന വിമര്‍ശ്ശനമാണെന്നുള്ളതാണ്. പച്ച സാരി, പച്ച ബോര്‍ഡ്, നോമ്പ് കാലത്തെ മലപ്പുറത്തെ ഉച്ചഭക്ഷണ നിഷേധം തുടങ്ങിയവയൊക്കെ യാതൊരു ക്രോസ് ചെക്കിംഗുപോലുമില്ലാതെ വിശ്വസിക്കാന്‍ കേരളത്തിലെ പൊതുബോധത്തിനു കഴിയുന്നു എന്നത് എത്രത്തോളം സംഘ് പരിവാറിന്റെ ആശയപരമായ ഹിന്ദുത്വവല്‍ക്കരണത്താല്‍ കേരളീയ സമൂഹം സ്വാധീനിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ തെളിവാണ്.
മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായ വിഷയം, പര്‍ദ്ദയുടെ അടിച്ചേല്‍പ്പിക്കല്‍, മതഗ്രന്ഥങ്ങളുടെ അപ്രമാദിത്തം, ഖിലാഫത്തിന്റെ ഉദാത്തവല്‍ക്കരണം, ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കുള്ള പിന്തുണ, ചുംബന സമരം എന്നിവയിലൊക്കെ ഇസ്ലാമിസ്റ്റ് സംഘടനകള്‍ സൃഷ്ടിച്ചെടുത്ത പൊതുബോധങ്ങള്‍ക്ക് എതിരെ ശക്തമായ നിലപാട് തന്നെയാണ് എന്റെ ഭാഗത്തു നിന്നുണ്ടായിരുന്നത്. ‘വി.ടി.ബല്‍റാം തൃത്താലയിലെ വോട്ട് ബാങ്കില്‍ കണ്ണുനട്ട് മുസ്ലിങ്ങള്‍ക്കെതിരെ വിമര്‍ശ്ശനം നടത്താന്‍ ധൈര്യപ്പെടില്ല’ എന്ന് ഏകപക്ഷീയമായി വിധി എഴുതാന്‍ തിരക്കുകൂട്ടുന്നവര്‍ക്ക് ഇതൊന്നും ശ്രദ്ധയില്‍പ്പെടില്ലായിരിക്കും. ഞാന്‍ അംഗമായ മുന്നണിയിലെ ഘടകകക്ഷിക്കെതിരെ രാഷ്ട്രീയ എതിരാളികളാഗ്രഹിക്കുന്ന ഭാഷയില്‍ത്തന്നെ തൊട്ടതിനും പിടിച്ചതിനുമൊക്കെ നിരന്തരം വിമര്‍ശ്ശനമുന്നയിച്ചുകൊണ്ട് എന്റെ ധാര്‍മ്മികതയും നിഷ്പക്ഷതയും തെളിയിക്കണം എന്നാണു വിമര്‍ശ്ശകരുടെ ആവശ്യം. എന്നാല്‍ ആര്‍.എസ്.പി.യുടേയോ ജനതാദളിന്റേയോ മന്ത്രിമാര്‍ക്കെതിരെ ഞാനെന്തുകൊണ്ട് വിമര്‍ശ്ശനമുന്നയിക്കുന്നില്ല എന്ന ചോദ്യം പോലും ഉയരുന്നില്ല എന്നുമോര്‍ക്കണം. സര്‍വ്വതന്ത്ര സ്വതന്ത്രന്‍ അല്ലാത്ത ഏതൊരു രാഷ്ട്രീയ പ്രവര്‍ത്തകനും ജനപ്രതിനിധിക്കും ബാധകമായ എല്ലാ സ്വയം നിയന്ത്രണങ്ങളും ഞാനും പാലിച്ചേ പറ്റൂ.
ചുരുക്കത്തില്‍ എന്തുകൊണ്ട് ആര്‍.എസ്.എസിന്റെ ഹിന്ദുരാഷ്ട്രവാദത്തെ എതിര്‍ക്കുന്ന അതേ അളവിലും കാഠിന്യത്തിലും ഇസ്ലാമിക മതരാഷ്ട്രവാദത്തെ എതിര്‍ക്കുന്നില്ല എന്നതാണു ഞാനടക്കം പലരും സ്ഥിരമായി നേരിട്ടുകൊണ്ടിരിക്കുന്ന ചോദ്യം. എഴുത്തുകാരന്‍ സക്കറിയയാണെന്ന് തോന്നുന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ചോദ്യത്തിനു കൃത്യമായ ഉത്തരം നല്‍കിയിട്ടുണ്ട്. ഏത് തരം വര്‍ഗീയതയും അല്‍പ്പബുദ്ധികളുടെ വികലമായ ചിന്തയുടെ പ്രതിഫലനമാണെങ്കിലും മാഗ്‌നിറ്റിയൂഡിലും ഇമ്പാക്റ്റിലും രണ്ടും തമ്മിലുള്ള വ്യത്യാസം തന്നെയാണ് പ്രധാനം. ന്യൂനപക്ഷ വര്‍ഗ്ഗീയതക്ക് പരമാവധി ഭീകരവാദമാവാനേ കഴിയൂ. അവര്‍ക്ക് വേണമെങ്കില്‍ ബോംബ് പൊട്ടിക്കാം, ബസ് കത്തിക്കാം, കൈ വെട്ടാം. പക്ഷേ അപ്പോഴും അതിനെ ശക്തമായി അടിച്ചമര്‍ത്താന്‍ നമുക്ക് മതേതര ഭരണകൂടത്തിന്റെ ഔദ്യോഗിക സംവിധാനങ്ങളുണ്ട്; പോലീസുണ്ട്, പട്ടാളമുണ്ട്, ഇന്റലിജന്‍സ് സംവിധാനങ്ങളുണ്ട്, നിയമങ്ങളുണ്ട്, മാധ്യമങ്ങളുണ്ട്, സര്‍വ്വോപരി അതിനെതിരായ പൊതുബോധമുണ്ട്. എന്നാല്‍ ഭൂരിപക്ഷം വര്‍ഗ്ഗീയതക്ക് അടിപ്പെട്ടാല്‍ അത് ഫാഷിസമായി മാറും. ജനാധിപത്യ സ്ഥാപനങ്ങളെല്ലാം അവര്‍ കയ്യടക്കും, തെരഞ്ഞെടുപ്പുകളില്‍ അവര്‍ അനായാസം ജയിക്കും, നിയമങ്ങള്‍ അവര്‍ക്കിഷ്ടമുള്ള രീതിയില്‍ നിര്‍മ്മിക്കും, പോലീസും പട്ടാളവും ചിലപ്പോള്‍ കോടതികളും വരെ അവര്‍ക്കിഷ്ടമുള്ള രീതിയില്‍ വരച്ച വരയില്‍ നിര്‍ത്തും, മാധ്യമങ്ങളും പൊതുബോധവും അവരുടെ ചിന്താധാരയോട് ചേര്‍ന്ന് നില്‍ക്കും, അവരെ വിമര്‍ശ്ശിക്കുന്നത് രാജ്യദ്രോഹമായി മുദ്രകുത്തപ്പെടും. മറ്റുതരത്തില്‍പ്പറഞ്ഞാല്‍ ന്യൂനപക്ഷ തീവ്രവാദി ഒന്നിനുപുറമേ മറ്റൊന്നായി സ്‌ഫോടനക്കേസുകളില്‍ ആരോപിതനായി ആയുഷ്‌ക്കാലം ജയിലില്‍ കിടക്കും, ഭൂരിപക്ഷ തീവ്രവാദി കൂട്ടക്കൊലകളുടെ പാപക്കറകള്‍ ഫോട്ടോഷോപ്പിലിട്ട് മായ്ച്ചുകളഞ്ഞ് വികസനനായകന്റെ പ്രതിഛായയുമണിഞ്ഞ് ഇന്ത്യന്‍ പ്രധാനമന്ത്രിക്കസേരയിലേക്ക് അനായാസം നടന്നടുക്കും.
അതുകൊണ്ടാണ് ഇന്ത്യന്‍ ഫാഷിസത്തിന്റെ മൂര്‍ത്തരൂപമായ ആര്‍ എസ് എസിനെ നിരന്തരമായി വിമര്‍ശ്ശിക്കേണ്ടത് മതേതര ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഏതൊരു യഥാര്‍ത്ഥ ഇന്ത്യക്കാരന്റേയും കടമയായി മാറുന്നത്. അരുവിക്കരയില്‍ തെളിഞ്ഞതുപോലെ ഒരു മണ്ഡലത്തില്‍ ആയിരം വോട്ടുപോലും തികച്ചുപിടിക്കാന്‍ കഴിയാതെ ‘നോട്ട’ക്കും പുറകിലായ ഇസ്ലാമിക വര്‍ഗ്ഗീയ സംഘടനകളെ ഇന്ത്യ ഭരിക്കുന്ന ഹിന്ദുത്വ വര്‍ഗ്ഗീയതക്കൊപ്പം തൂക്കമൊപ്പിക്കാന്‍ അതേ അളവില്‍ വിമര്‍ശ്ശിക്കണമെന്ന് വാശി പിടിക്കുന്ന സംഘാക്കള്‍ ഒന്നുകില്‍ കഥയറിയാതെ ആട്ടം കാണുകയാണ്, അല്ലെങ്കില്‍ ആര്‍ എസ് എസിനെ വിമര്‍ശ്ശനങ്ങളില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ വെമ്പല്‍ കൊള്ളുകയാണ്.
Discussion about this post