പതിനൊന്നാമത് ബ്രിക്സ് ഉച്ചക്കോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രസീലിലേക്ക് പുറപ്പെട്ടു. ലോകത്തെ അഞ്ച് പ്രധാന സമ്പദ് വ്യവസ്ഥകൾ തമ്മിലുളള ബന്ധം ശക്തിപ്പെടുത്തുന്നതിലായിരിക്കും പ്രധാനമായും നരേന്ദ്രമോദി ശ്രദ്ധ കേന്ദ്രീകരിക്കുക. ശാസ്ത്രം ,സാങ്കേതിക വിദ്യ,ഡിജിറ്റൽ സമ്പദ് വ്യവസഥ, എന്നിവയും, തീവ്രവാദത്തിനെതിരെയുളള സഹകരണത്തിനും ഇന്ത്യ ഊന്നൽ നൽകും.
നൂതന ഭാവിയിലേക്കുളള സാമ്പത്തിക വളർച്ച എന്ന പ്രമേയത്തിലാണ് ഈ വർഷം ഉച്ചക്കോടി സംഘടിപ്പിക്കുന്നത്. ബ്രസീൽ, ഇന്ത്യ, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുളള പ്രതിനിധികൾ പങ്കെടുക്കുന്ന ബ്രിക്സിൽ സാന്നിധ്യമറിയിക്കാൻ ഇന്ത്യയിൽ നിന്നുളള ബിസിനസ് സംരംഭകരും ബ്രസീലിൽ എത്തുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ബ്രസീലിയയിലെത്തിയ ശേഷം പ്രധാനമന്ത്രി നിരവധി ഉഭയകക്ഷി ചർച്ചകളിൽ പങ്കെടുക്കും. ബ്രിക്സ് ബിസിനസ് ഫോറത്തിന്റെ സമാപന ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കും.മറ്റ് ബ്രിക്സ് രാജ്യങ്ങളിലെ നേതാക്കളുമായി ഉഭയക്ഷി ചർച്ചകൾ നടത്താൻ ബ്രിക്സ് ഉച്ചക്കോടി അവസരം നൽകുമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
തന്ത്ര പ്രധാനമായ പങ്കാളിത്തം വർധിപ്പിക്കുന്നതിനുളള വഴികൾ ചർച്ച ചെയ്യാൻ ബ്രസീൽ പ്രസിഡന്റ് ബോൾ സോനാരോയെ കാണും. പ്രതിരോധം, സുരക്ഷ ,വ്യാപാരം, കൃഷി,ഊർജ്ജം, ബഹിരാകാശ മേഖലകൾ ഉൾപ്പടെയുളള കാര്യങ്ങൾ ചർച്ചയാകുമെന്നും മോദി കൂട്ടിച്ചേർത്തു. ബ്രിക്സ് സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് മറ്റ് നേതാക്കളുമായി ചർച്ചകൾ നടത്താൻ ഞാൻ ആഗ്രഹിക്കുന്നു. ബിസിനസ്സും, വ്യവസായവും ഈ ബന്ധങ്ങളിൽ പ്രധാന പങ്ക് വഹിക്കും. ഞാൻ ബ്രിക്സ് ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്യും, ബ്രിക്സ് ബിസിനസ് കൗൺസിലുമായി സംവദിക്കുകയും ചെയ്യുമെന്ന് മോദി പറഞ്ഞു.
Discussion about this post