തിരുവനന്തപുരം: സുല്‍ത്താന്‍ബത്തേരിയില്‍ വിദ്യാര്‍ഥിനി പാമ്പുകടിയേറ്റു മരിച്ച സംഭവത്തില്‍ സ്‌കൂളിലെ പിടിഎയെ വിമര്‍ശിച്ച് മന്ത്രി ജി. സുധാകരന്‍. സ്‌കൂളിലെ പിടിഎയ്ക്ക് എന്തായിരുന്നു പണിയെന്ന് അദ്ദേഹം ചോദിച്ചു.
പിടിഎയുടെ ജോലിയാണ് ക്ലാസ് മുറികളിലെ മാളങ്ങള്‍ അടയ്ക്കേണ്ടത്. വിദ്യാഭ്യാസ വകുപ്പോ എന്‍ജിനിയറോ വന്ന് നോക്കേണ്ട കാര്യമൊന്നുമല്ല ഇത്. സ്‌കൂള്‍ പിടിഎയ്ക്ക് മറ്റെന്തായിരുന്നു അവിടെ ജോലിയെന്നും മന്ത്രി ചോദിച്ചു.
സംഭവത്തില്‍ പ്രതിഷേധിച്ച് സ്‌കൂള്‍ തല്ലിത്തകര്‍ത്തത് തെറ്റായ നടപടിയാണ്. ചെറുപ്പക്കാരായ പത്തുപതിനഞ്ചു പേര്‍ വന്ന് അക്രമാസക്തമായി സ്‌കൂള്‍ തല്ലിത്തകര്‍ക്കുകയായിരുന്നു. കുട്ടി മരിച്ചതിനു കാരണം സ്‌കൂള്‍ ആണ് എന്ന മട്ടിലാണ് അവര്‍ പെരുമാറിയതെന്നും സുധാകരന്‍ ആരോപിച്ചു.
അധ്യാപകര്‍ക്ക് ക്ലാസില്‍ ചെരിപ്പിട്ട് കയറാം എന്നാല്‍ തങ്ങള്‍ ചെരിപ്പിട്ടാല്‍ അടിക്കുമെന്ന് കുട്ടികള്‍ വെളിപ്പെടുത്തിയിരുന്നു. സ്‌കൂളിനെതിരെ വിദ്യാര്‍ഥികള്‍ വിമര്‍ശനവുമായി മാധ്യമങ്ങളെ സമീപിച്ചിരുന്നു.
ക്ലാസിലെ പൊത്തില്‍ നിന്നും പാമ്പുകടിയേറ്റാണ് ഷഹ് ല ഷെറിന്‍ എന്ന വിദ്യാര്‍ഥിനി മരിച്ചത്. പാമ്പുകടിയേറ്റതായി ഷഹ് ലയും സഹപാഠികളും പലതവണ പറഞ്ഞിട്ടും അര മണിക്കൂറിന് ശേഷം പിതാവ് എത്തിയ ശേഷമാണ് കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയത്.
Discussion about this post