തിരുവനന്തപുരം: സുല്‍ത്താന്‍ ബത്തേരിയിലെ സര്‍ക്കാര്‍ സ്കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി പാമ്പ് കടിയേറ്റു മരിച്ച സംഭവത്തില്‍ പിടിഎയെ കുറ്റപ്പെടുത്തിയ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സംഭവത്തിന്റെ ഉത്തരവാദിത്തം പിടിഎക്കെന്നു പറയാനാകില്ലെന്നും എല്ലാ വശങ്ങളും പരിശോധിച്ചു കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും കാനം പറഞ്ഞു.
വിദ്യാര്‍ത്ഥി മരിച്ചതുമായി ബന്ധപ്പെട്ട് പിടിഎയെ പഴിചാരി ജി. സുധാകരന് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സ്കൂളിലെ മാളങ്ങള്‍ അടയ്ക്കുക എന്നത് പിടിഎയുടെ പണിയാണെന്നും കുട്ടി മരിച്ചതിന് സ്കൂള്‍ തല്ലി തകര്‍ത്തത് തെറ്റാണെന്നും ആയിരുന്നു മന്ത്രിയുടെ വാദം. ‘സ്കൂള്‍ പിടിഎയ്ക്ക് എന്തായിരുന്നു പണി. പിടിഎയുടെ പ്രസിഡന്റ് സ്ഥലത്തെ പ്രമാണിയാണ്. സ്കൂളിലെ മാളങ്ങള്‍ അടയ്ക്കുക എന്നത് അയാളുടെ ജോലിയാണ്. വിദ്യാഭ്യാസ മന്ത്രി ഇങ്ങനെയുള്ള കാര്യങ്ങള്‍ നോക്കേണ്ടതില്ല. പ്രതിവിധികള്‍ കണ്ടുപിടിക്കുന്നതിനു പകരം നല്ല ജനലുകളും കതകുകളും തല്ലിപ്പൊളിക്കുകയല്ല വേണ്ടത’്- സുധാകരന് വ്യാഴാഴ്ച പറഞ്ഞു. കുട്ടിയുടെ മരണത്തിനു കാരണം സ്കൂളാണ് എന്ന രീതിയിലാണു നാട്ടുകാര്‍ പെരുമാറിയതെയെന്നും മന്ത്രി പറഞ്ഞു.
സുല്‍ത്താന്‍ ബത്തേരി സര്‍ക്കാര്‍ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ ഷഹ് ല ഷെറിനാണ് ക്ലാസില്‍ വച്ച് പാമ്പു കടിയേറ്റു മരിച്ചത്. ക്ലാസിന്റെ ചുമരിനോട് ചേര്‍ന്നുള്ള പൊത്തില്‍ പതിയിരുന്ന പാമ്പ് കുട്ടിയെ കടിക്കുകയായിരുന്നു.
Discussion about this post