ആലപ്പുഴ: എസ്ഡി കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മിലടിച്ച കേസില്‍ അറസ്റ്റിലായ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും ജോയിന്റ് സെക്രട്ടറിയും റിമാന്‍ഡില്‍. എസ്എഫ്ഐക്കാര്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ സഹപ്രവര്‍ത്തകന്റെ തലയ്ക്ക് പരിക്കേറ്റിരുന്നു. ഇരുവരെയും സംഘടനയില്‍ നിന്ന് പുറത്താക്കി. പുറത്താക്കിയ ജില്ലാ കമ്മിറ്റിയുടെ നിലപാടിനെതിരെ കോളേജ് യൂണിയന് ചെയര്മാന് രംഗത്തെത്തി. കുറ്റാക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് ജില്ലാകമ്മിറ്റിയുടേതെന്ന വിമര്‍ശനമാണ് കോളേജ് യൂണിയന് ചെയര്മാന് ഉന്നയിച്ചത്.
എസ്ഡി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് അംഗമായ സല്‍മാന്റെ തലയ്ക്കാണ് അടിയേറ്റത്. യൂണിയന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുടെ തുടര്‍ച്ചയായാണ് സംഘര്‍ഷം ഉണ്ടായത്. കഴിഞ്ഞ ദിവസം എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു.
യൂണിറ്റ് സെക്രട്ടറി അജയ് ചക്രവര്‍ത്തി, ജോയിന്റ് സെക്രട്ടറി അഭിജിത്ത് എന്നിവര്‍ക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിരുന്നു. ഇന്നലെ രാത്രിയോടെ അറസ്റ്റിലായ പ്രതികളെ കോളേജില്‍ എത്തിച്ച് തെളിവെടുത്തു. യൂണിറ്റ് കമ്മിറ്റിയില്‍ ഏരിയാ കമ്മിറ്റി അനാവശ്യ ഇടപെടല്‍ നടത്തുന്നുവെന്നാണ് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയുടെ ആരോപണം. മര്‍ദ്ദനമേറ്റ സല്മാന് അടക്കമുള്ള ഒരു വിഭാഗം എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയെ വകവയ്ക്കാതെ ഏരിയാ കമ്മിറ്റിയുടെ അജണ്ടകള്‍ നടപ്പാക്കുന്നുവെന്നാണ് ആരോപണം.
ഏറെ നാളായി എസ്ഡി കോളേജ് യൂണിറ്റും എസ്എഫ്ഐ ഏരിയാ കമ്മിറ്റിയും തമ്മില്‍ കടുത്ത അഭിപായ ഭിന്നതയുണ്ട്. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സിപിഎം നേതാക്കള്‍ ഇടപെട്ട് നടത്തിയ ചര്‍ച്ചകളും പരാജയപ്പെട്ടിരുന്നു. എസ്എഫ്ഐ ജില്ലാ കമ്മിറ്റിക്കെതിരെ കടുത്ത നിലപാട് തുടരാനാണ് എസ്ഡി കോളേജ് യൂണിറ്റ് ഭാരവാഹികളുടെ തീരുമാനം.
Discussion about this post