കൊൽക്കത്ത ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഐതിഹാസിക ജയം. ഇന്ത്യൻ പേസാക്രമണത്തിനു മുന്നിൽ തകർന്നടിഞ്ഞ ബംഗ്ലദേശിനെ ഇന്നിങ്സിനും 46 റൺസിനുമാണ് ഇന്ത്യ തകർത്തത്. 241 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങി രണ്ടാമതും ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലദേശ് 41.1 ഓവറിൽ 195 റൺസിന് എല്ലാവരും പുറത്തായി. ഇതോടെ രണ്ടു മത്സരങ്ങളടങ്ങിയ പരമ്പരയും ഇന്ത്യ തൂത്തുവാരി. ഇൻഡോറിൽ നടന്ന ഒന്നാം ടെസ്റ്റിൽ ഇന്നിങ്സിനും 130 റൺസിനുമാണ് ഇന്ത്യ ജയിച്ചത്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ തുടർച്ചയായ ഏഴാം വിജയമെന്ന റെക്കോർഡാണ് ഇന്ത്യ സ്വന്തമാക്കിയത്. തുടർച്ചയായ നാലാം ഇന്നിങ്സ് ജയവും മറ്റൊരു റെക്കോർഡാണ്.
രണ്ടാം ഇന്നിങ്സിൽ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ച ഉമേഷ് യാദവാണ് മൂന്നാം ദിനം ബംഗ്ലദേശിന്റെ അന്തകനായത്. ഇന്നു വീണ മൂന്നു വിക്കറ്റുകളും ഉമേഷ് യാദവ് പോക്കറ്റിലാക്കി. 14.1 ഓവറിൽ 53 റൺസ് വഴങ്ങിയാണ് ഉമേഷ് യാദവ് അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ചത്.
ഇഷാന്ത് ശർമ 13 ഓവറിൽ 56 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. ഒന്നാം ഇന്നിങ്സിൽ അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഇഷാന്തിന് തലനാരിഴയ്ക്കാണ് ടെസ്റ്റിലെ രണ്ടാമത്തെ 10 വിക്കറ്റ് നേട്ടം നഷ്ടമായത്.
Discussion about this post