കൊച്ചി: മലയാള സിനിമാരംഗത്തു ലഹരിമരുന്ന് ഉപയോഗം വ്യാപകമെന്നും സെറ്റുകളിലും കാരവനുകളിലും ഉള്‍പ്പെടെ പരിശോധന വേണമെന്നും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. പുതുതലമുറയില്‍ പലരും ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നതായി അവര്‍ വ്യക്തമാക്കി.
‘നിര്‍മാതാക്കള്‍ അന്വേഷണത്തോടു പൂര്‍ണമായി സഹകരിക്കും. വന്‍തോതില്‍ ലഹരിമരുന്ന് പിടിക്കുമ്പോള്‍ സിനിമാ ബന്ധമുണ്ടെന്നു പറഞ്ഞു കേള്‍ക്കാറുണ്ടെങ്കിലും പൊലീസ് നടപടി സ്വീകരിക്കാറില്ല. ഇനിയും ഇങ്ങനെ മുന്നോട്ടുപോകാനാവില്ല’ ഷെയ്ന് നിഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത യോഗത്തിനു ശേഷം അസോസിയേഷന് പ്രസിഡന്റ് എം. രഞ്ജിത്, സെക്രട്ടറി ആന്റോ ജോസഫ്, നിര്‍വാഹക സമിതിയംഗം സിയാദ് കോക്കര്‍ എന്നിവര്‍ വ്യക്തമാക്കി
”സിനിമയിലെ എല്ലാ ചെറുപ്പക്കാരും ലഹരി ഉപയോഗിക്കുന്നവരല്ല. ഉപയോഗിക്കുന്നവര്‍ മാത്രം ഈ തുറന്നുപറച്ചിലില്‍ വിഷമിച്ചാല്‍ മതി. ഇതൊക്കെ ഉപയോഗിക്കുന്നവര്‍ ഓരോ രീതിയിലാണു പ്രതികരിക്കുന്നത്. ഞങ്ങളായിട്ട് ആരുടെയും പേരു പറയുന്നില്ല. എല്ലാ സെറ്റിലും പരിശോധന നടക്കട്ടെ. ചെറുപ്പക്കാര്‍ക്കിടയില്‍ അച്ചടക്കമില്ലായ്മ വ്യാപകമാണ്. ഇത്തരക്കാര്‍ക്ക് അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യില്‍ പോലും അംഗത്വമെടുക്കാന്‍ മടിയാണ്. കൃത്യമായ പെരുമാറ്റച്ചട്ടമുള്ളതിനാലാണിത്. ഞങ്ങള്‍ ‘അമ്മ’യ്ക്കു പരാതി നല്‍കുമ്പോഴാണ് പലരും അതില്‍ അംഗമല്ലെന്ന് അറിയുന്നത്” ഭാരവാഹികള്‍ പറഞ്ഞു.
ഷെയ്നിനെതിരെ പരാതികളുടെ കൂമ്പാരമാണെന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു. ‘വെയിലി’ന്റെ നിര്‍മാതാവുമായി ഉണ്ടായ പ്രശ്നം ഒത്തുതീര്‍പ്പാക്കിയെങ്കിലും ഷെയ്ന് വ്യവസ്ഥകള്‍ പാലിച്ചില്ലെന്നും അവര്‍ ആരോപിക്കുന്നു. ‘കുര്‍ബാനി’ അഭിനയിച്ചുതീര്‍ത്ത ശേഷം ‘വെയിലി’ന്റെ ഷൂട്ടിങ്ങിനെത്താനായിരുന്നു ധാരണ. എന്നാല്‍ ‘കുര്‍ബാനി’ തീര്‍ക്കാതെ ‘വെയിലി’ന്റെ സെറ്റിലെത്തി. അവിടെയും പ്രശ്നങ്ങളുണ്ടാക്കി. അമ്മയെ സെറ്റിലേക്കു വിളിച്ചുവരുത്തേണ്ടി വന്നതിനെത്തുടര്‍ന്നു പോയ ഷെയ്ന് പിന്നീട് വന്നില്ലെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു.
Discussion about this post