കൊച്ചി: നിശാപാര്‍ട്ടിക്കിടെ ലഹരിമരുന്നുമായി ചലച്ചിത്ര പ്രവര്‍ത്തകര്‍ അറസ്റ്റിലായ കേസിലെ മുഖ്യകണ്ണി നൈജീരിയ സ്വദേശി ഒക്കാവോ ഷിഗോസി കോളിന്‍സിന്റെ മൊഴികള്‍ പൊലീസ് മുക്കിയെന്ന് റിപ്പോര്‍ട്ട്. മലയാള സിനിമയിലെ 4 ന്യൂജെന്‍ നടന്മാരും 2 സംവിധായകരും 2 യുവനിര്‍മാതാക്കളും തന്റെ ഇടപാടുകാരാണ് എന്നായിരുന്നു പ്രതി ഒക്കാവോയുടെ വെളിപ്പെടുത്തല്‍. ഒക്കാവോയുടെ ഈ വെളിപ്പെടുത്തല്‍ എന്നാല്‍ പോലീസ് മുക്കുകയായിരുന്നുവെന്ന് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
2015 ജനുവരി 31നു രാത്രി നടന്ന ലഹരിപ്പാര്‍ട്ടിക്കിടെയാണ് ചലച്ചിത്ര പ്രവര്‍ത്തകര്‍ അറസ്റ്റിലായത്. ഗോവയില്‍ നിന്നു കൊച്ചിയിലേക്കു ലഹരി എത്തിച്ചിരുന്നത് ഒക്കാവോയാണ്.
അറസ്റ്റിലായ സിനിമാ പ്രവര്‍ത്തകരുടെ രക്തസാംപിളില്‍ തിരിമറി നടന്നതായും ആരോപണം ഉയര്‍ന്നു. നിശാപാര്‍ട്ടി നടന്ന കടവന്ത്രയിലെ അപ്പാര്‍ട്മെന്റില്‍ കണ്ടെത്തിയ പൊടി കൊക്കെയ്നാണെന്നു പരിശോധനയില്‍ തെളിഞ്ഞിരുന്നു. എന്നാല്‍ പ്രതികളുടെ ശരീരസ്രവങ്ങളുടെ ഫലത്തില്‍ ലഹരിയുടെ അംശം കണ്ടെത്തിയില്ല.
ആദ്യ ഘട്ടത്തില്‍ ആഫ്രിക്കന്‍ ഭാഷയായ ‘യോറുബ’യില്‍ മാത്രം സംസാരിച്ച് ഒക്കാവോ പൊലീസിന്റെ ചോദ്യം ചെയ്യലിനെ പ്രതിരോധിച്ചു. പിന്നീട് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ഇംഗ്ലിഷ് കലര്‍ന്ന സങ്കരഭാഷയില്‍ മൊഴി നല്‍കിയത്.
കേസ് റജിസ്റ്റര്‍ ചെയ്തു 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഇതുവരെ സാക്ഷി വിസ്താരം പൂര്‍ത്തിയായിട്ടില്ല. വിസ്താരത്തിനിടയില്‍ പ്രതി ഒക്കാവോ കോളിന്‍സ് കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുമെന്ന ആശങ്കയാണ് ഇയാളെ കോടതിയില്‍ നിന്നു പരമാവധി അകറ്റി നിര്‍ത്താന്‍ ശ്രമിക്കുന്നതെന്ന് ആരോപണമുണ്ട്.
പ്രതികളെ കൃത്യമായി ഹാജരാക്കാത്തതിനു പൊലീസിനെയും ജയില്‍ അധികൃതരെയും കോടതി വിമര്‍ശിച്ചിരുന്നു.
Discussion about this post