തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയെ അതിക്രമിച്ചതിന് അറസ്റ്റിലായ പ്രസ് ക്ലബ് സെക്രട്ടറിയെ തല്‍സ്ഥാനത്തു നിന്നും നീക്കാത്തതില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ബിആര്‍പി ഭാസ്കര്‍. പ്രസ് ക്ലബ് സെക്രട്ടറിയെ തല്‍സ്ഥാനത്തുനിന്ന് നീക്കാത്തതില്‍ പ്രതിഷേധിച്ച് അദ്ദേഹം തന്റെ പ്രസ് ക്ലബ് വിശിഷ്ടാംഗത്വം മടക്കിനല്‍കി. ഇന്നലെ രാത്രി ഇമെയില്‍ വഴിയാണ് അംഗത്വം ഉപേക്ഷിക്കുന്ന കാര്യം അദ്ദേഹം പ്രസ് ക്ലബ് ഭാരവാഹികളെ അറിയിച്ചത്.
മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ചു കയറി സദാചാര ഗുണ്ടായിസം നടത്തിയ കേസില്‍ അറസ്റ്റിലായ പ്രസ്ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണനെ സെക്രട്ടറി സ്ഥാനത്തുന്ന് ഒഴിവാക്കാത്ത നേതൃനിരയുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ തന്റെ വിശിഷ്ടാംഗത്വം വേണ്ടെന്ന തീരുമാനത്തിലേക്ക് അദ്ദേഹമെത്തിയത്.
വീട്ടില്‍ കയറി സദാചാര ഗുണ്ടായിസം കാണിച്ചെന്ന മാധ്യമപ്രവര്‍ത്തകയുടെ പരാതിയിലാണ് എം.രാധാകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടില്‍ അതിക്രമിച്ചു കയറല്‍, ഭീഷണിപ്പെടുത്തല്‍, തടഞ്ഞു വയ്ക്കല്‍ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രസ് ക്ലബ്ബില്‍ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിനൊടുവിലായിരുന്നു അറസ്റ്റ്. രാധാകൃഷ്ണനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Discussion about this post