കുട്ടിയെ ഇടിച്ചിട്ടശേഷം വഴിയില്‍ ഉപേക്ഷിച്ച കാർ കസ്റ്റഡിയിൽ. മലപ്പുറം പുത്തനത്താണി സ്വദേശി അഷറഫിന്റേതാണ് കാറെന്ന് തിരിച്ചറിഞ്ഞു. ചിറ്റൂര്‍ നല്ലേപ്പിള്ളി സുദേവന്റെ മകന് സുജിത്താണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചിനായിരുന്നു അപകടം.
ഇടിച്ച കാറില്‍ തന്നെ ആശുപത്രിയിലേക്കു പോകും വഴി ഈ കാറില്‍ നിന്ന് കുട്ടിയെ ഇറക്കിവിട്ടായിരുന്നു ക്രൂരത. കുട്ടി ഒരു മണിക്കൂറിനകം മരിച്ചു. റോഡരികിൽ നിൽക്കുകയായിരുന്ന സുജിത്തിനെ കാർ ഇടിച്ചു വീഴ്ത്തുകയായിരുന്നുവെന്നു സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. റോഡിലേക്കു തെറിച്ചുവീണ കുട്ടിയെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ഇടയ്ക്കു വച്ചു ടയർ പഞ്ചറായെന്നു പറഞ്ഞു കുട്ടിയെയും തന്നെയും ഇറക്കി കാർ യാത്രക്കാർ സ്ഥലം വിടുകയായിരുന്നെന്നു കൂടെ പോയ പരമൻ എന്നയാൾ പറഞ്ഞു.
6 കിലോമീറ്റർ അകലെയുള്ള നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിലേക്കു പോകാനാണു പറഞ്ഞതെങ്കിലും ചെവിക്കൊള്ളാതെ ഡ്രൈവർ പാലക്കാട് ഭാഗത്തേക്കാണു പോയതെന്നു പരമൻ പറഞ്ഞു.
Discussion about this post