ഭോപ്പാല്‍: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് മധ്യപ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ ലക്ഷ്മണ് സിംഗ് രംഗത്ത്. ”പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്റ് പാസ്സാക്കിക്കഴിഞ്ഞു. എല്ലാ പാര്‍ട്ടികളും അക്കാര്യത്തില്‍ അഭിപ്രായവും പറഞ്ഞു കഴിഞ്ഞു. ഈ വിഷയത്തില്‍ ഇനിയുളള പ്രതികരണങ്ങളും പ്രസ്താവനകളും അര്‍ത്ഥശൂന്യമാണ്. നമുക്ക് നിയമത്തെ അംഗീകരിച്ച് മുന്നോട്ട് പോകാം” എന്നാണ് ലക്ഷ്മണ് സിംഗ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം പൗരത്വ നിയമ ഭേദഗതിക്ക് എതിരെ ശക്തമായ നിലപാട് എടുത്തിരിക്കുന്ന സാഹചര്യത്തില്‍ മുതിര്‍ന്ന നേതാവ് വിപരീത നിലപാട് മുന്നോട്ട് വെക്കുന്നത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. മധ്യപ്രദേശ് മുഖ്യമന്ത്രിയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമായ കമല്‍ നാഥ് നേരത്തെ പൗരത്വ നിയമത്തിന് എതിരെ നിലപാട് വ്യക്തമാക്കിയിരുന്നു.
പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് എഐസിസി എന്ത് നിലപാടാണോ സ്വീകരിക്കുന്നത് അതായിരിക്കും മധ്യപ്രദേശ് സര്‍ക്കാരിന്റെയും നിലപാട് എന്നാണ് കമല്‍നാഥ് ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കിയത്. വിഭാഗീയ സ്വഭാവമുളള നിയമങ്ങളെ കോണ്‍ഗ്രസ് ഒരിക്കലും പിന്തുണയ്ക്കില്ലെന്നും യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുളള ശ്രമമാണ് പൗരത്വ ഭേദഗതി നിയമമെന്നും കമല്‍ നാഥ് പ്രതികരിച്ചിരുന്നു.
ഈ നിലപാടിന് കടകവിരുദ്ധമാണ് ലക്ഷ്മണ് സിംഗിന്റെ പ്രസ്താവന. ഇതാദ്യമായല്ല ലക്ഷ്മണ് സിംഗ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി പ്രതികരിക്കുന്നത്. നേരത്തെ രാഹുല്‍ ഗാന്ധിയെ ലക്ഷ്യം വെച്ച് കൊണ്ടും ലക്ഷ്മണ് സിംഗ് വിമര്‍ശനം ഉന്നയിച്ചിരുന്നു. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തി പത്ത് ദിവസത്തിനകം കാര്‍ഷിക കടങ്ങള്‍ എഴുതിത്തളളാത്തതിന് രാഹുല്‍ ഗാന്ധി സംസ്ഥാനത്തെ കര്‍ഷകരോട് മാപ്പ് പറയണമെന്ന് ലക്ഷ്മണ് സിംഗ് ആവശ്യപ്പെട്ടിരുന്നു.
അഞ്ച് തവണ എംപിയായിട്ടുളള ലക്ഷ്മണ് സിംഗ് മുന്‍ മുഖ്യമന്ത്രി ദിഗ്വിജയ് സിംഗിന്റെ സഹോദരന് കൂടിയാണ്. കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി ലക്ഷ്മണ് സിംഗ് പല തവണ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. രാഹുല്‍ ഗാന്ധി അധികാരം വിഭജിച്ച് നല്‍കണമെന്നും ഡൽഹിയിലെ നേതൃത്വത്തിന് ചുറ്റും കൂടി നില്ക്കുന്ന ആളുകള്‍ക്ക് ഒരു വിവരവും ഇല്ലെന്നും ഇങ്ങനെ പോയാല്‍ കോണ്‍ഗ്രസ് പ്രതിസന്ധിയിലാകുമെന്നും ലക്ഷ്മണ് സിംഗ് തുറന്നടിച്ചിരുന്നു.
Discussion about this post