ചെന്നൈ: വിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി. ഷിമ്രോൺ ഹെറ്റ്മയറിന്റെയും ഷായ് ഹോപ്പിന്റെയും സെഞ്ചുറി കരുത്തിലാണ് വിൻഡീസ് ഇന്ത്യയെ കീഴടക്കിയത്.
ഇന്ത്യ ഉയർത്തിയ 289 റൺസ് വിജയലക്ഷ്യം 13 പന്തുകൾ ശേഷിക്കെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ വെസ്റ്റ് ഇൻഡീസ് അനായാസം മറികടന്നു. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ വിന്‍ഡീസ് 1-0ന് മുന്നിലെത്തി.
തുടക്കത്തിൽ തന്നെ വിൻഡീസ് ഓപ്പണർ സുനിൽ അംബ്രിസിനെ (9) വീഴ്ത്തി ചഹാർ ഇന്ത്യയ്ക്കു പ്രതീക്ഷ നൽകിയെങ്കിലും ഹെറ്റ്മയറും ഹോപ്പും ചേർന്നു ഇത് തല്ലിക്കെടുത്തി. 106 പന്തിൽ 11 ഫോറും ഏഴു സിക്സും സഹിതം 139 റൺസെടുത്താണ് ഹെറ്റ്മയർ പുറത്തായത്. ഹെറ്റ്മയർ വീണപ്പോൾ സ്കോർ 229ൽ എത്തിയിരുന്നു.
നിക്കോളാസ് പുരാനെ കൂട്ടുപിടിച്ച് ഹോപ്പ് വിൻഡീസിനെ വിജയത്തിലെത്തിച്ചു. 151 പന്തിൽ ഏഴു ഫോറും ഒരു സിക്സും സഹിതം 102 റൺസുമായി ഹോപ്പ് പുറത്താകാതെ നിന്നു. നിക്കോളാസ് പുരാൻ 23 പന്തിൽ നാലു ഫോർ സഹിതം 29 റൺസുമായി പുറത്താകാതെ നിന്നു.
നേരത്തെ ശ്രേയസ് അയ്യരുടെയും ഋഷഭ് പന്തിന്റെയും അർധ സെഞ്ചുറിയുടെ ബലത്തിലാണ് ഇന്ത്യ 288 റൺസ് നേടിയത്. അയ്യർ 88 പന്തിൽ 70 റണ്‍സും ഋഷഭ് പന്ത് 69 പന്തിൽ 71 റണ്‍സും നേടി. ഇരുവരും ചേർന്ന് 114 റണ്‍സാണ് അടിച്ചുകൂട്ടിയത്.
Discussion about this post