മുംബൈ: മുംബൈ സ്ഫോടന പരമ്പരക്കേസ് തലയില്‍ കെട്ടിവെച്ച് ‘നിരപരാധി’യായ യാക്കൂബ് മേമനെ തൂക്കിലേറ്റിയതിന് പകരം വീട്ടുമെന്ന് ദാവൂദ് ഇബ്രാഹിമിന്റെ അനുയായി ഛോട്ടാ ഷക്കീല്‍. സഹോദരന് ചെയ്ത അപരാധത്തിനാണ് യാക്കൂബിനെ കൊന്നത്. ദാവൂദും താനും കീഴടങ്ങിയിരുന്നെങ്കില്‍ ഈ ഗതി തന്നെ ഉണ്ടാകുമായിരുന്നെന്നും ഷക്കീല്‍ പറഞ്ഞു. ഇനിയൊരിക്കലും ഇന്ത്യന്‍ സര്‍ക്കാരിനെ വിശ്വസിക്കില്ല. ഇന്ത്യയില്‍ തിരിച്ചെത്തുകയുമില്ല. ഈ നഷ്ടത്തിന് പകരം വീട്ടുമെന്ന് ഷക്കീല്‍ ആവര്‍ത്തിച്ചു.യാക്കൂബിന്റെ വധശിക്ഷയെ ‘നിയമപരമായ കൊലപാതകം’ എന്നാണ് ഛോട്ടാ ഷക്കീല്‍ വിശേഷിപ്പിച്ചത്. വളരെ രോഷാകുലനായാണ് ഛോട്ടാ ഷക്കീല്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്.
ജൂലൈ 30 വ്യാഴാഴ്ച രാവിലെ ഏഴോടെയാണ് നാഗ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ യാക്കൂബ് മേമനെ തൂക്കിലേറ്റിയത്. സുപ്രീംകോടതിയില്‍ പുലര്‍ച്ചെ ചീഫ്ജസ്റ്റിസ് എച്ച്.എല്‍. ദത്തു അധ്യക്ഷനായ ബെഞ്ചിന്റെ നേതൃത്വത്തില്‍ നാടകീയമായി നടന്ന വാദം കേള്‍ക്കലിലാണ് വധശിക്ഷയ്ക്കുള്ള ടാഡാ കോടതി വിധി നടപ്പാക്കാന്‍ അനുമതി ലഭിച്ചത്. രണ്ട് മണിക്കൂറിന് ശേഷം നാഗ്പുരില്‍ മേമനെ തൂക്കിലേറ്റി. മേമന് കുടുംബത്തിന്റെ അഭ്യര്‍ഥനപ്രകാരം അവര്‍ക്ക് വിട്ടുനല്‍കിയ മൃതദേഹം മുംബൈയിലെത്തിച്ചു.വ്യവസ്ഥകള്‍ക്കു വിധേയമായാണ് മറൈന്ലൈയ്നിലെ കബര്‍സ്ഥാനില്‍ അടക്കംചെയ്തത്.
1993 മാര്‍ച്ച് 12ന് മുംബൈ മഹാനഗരത്തെ നടുക്കിക്കൊണ്ട് 13 ഇടത്തായി നടന്ന സ്ഫോടനപരമ്പരയില്‍ 257 പേരാണ് മരിച്ചത്. ഈ കേസില്‍ വധശിക്ഷ വിധിച്ചത് ചോദ്യംചെയ്ത് മേമന് സമര്‍പ്പിച്ച രണ്ടാമത്തെ ദയാഹര്‍ജി രാഷ്ട്രപതി പ്രണബ് മുഖര്‍ജി ബുധനാഴ്ച തള്ളിയിരുന്നു. തുടര്‍ന്നാണ് സുപ്രീംകോടതി വാദം കേട്ടത്.ഇതിനു പിന്നാലെ 53ാം ജന്മദിനത്തില് മേമനെ തൂക്കിലേറ്റി. ഉയര്‍ന്ന സുരക്ഷാസന്നാഹങ്ങളാണ് വധശിക്ഷ നടപ്പാക്കുന്നതിന് മുന്നോടിയായി നാഗ്പുരിലും മുംബൈയിലും ഏര്‍പ്പെടുത്തിയിരുന്നത്.
Discussion about this post