കുവൈത്ത്: ഇന്ത്യക്കാരുള്‍പ്പെടെ 700 തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കാനൊരുങ്ങി കുവൈത്ത്. കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് ആണ് പൊതുമാപ്പ് നല്‍കികൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. ആഭ്യന്തരമന്ത്രാലയത്തിലെ തെറ്റുതിരുത്തല്‍, ശിക്ഷനടപ്പാക്കല്‍ വിഭാഗം മേധാവി മേജര്‍ ജനറല്‍ ഫറാജ് അല്‍ സ അബിയാണ് ഇക്കാര്യം അറിയിച്ചത്.
പൊതുമാപ്പിന് അര്‍ഹരായ തടവുകാരെ മോചിപ്പിക്കുകയോ ശിക്ഷാകാലാവധി പകുതിയായോ മൂന്നിലൊന്നോ ആയി കുറയ്ക്കുകയോ ചെയ്യും. രാജ്യസുരക്ഷ, ഭീകരവാദം തുടങ്ങിയ കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ടവര്‍ ഒഴികെയുള്ള തടവുകാര്‍ക്കാണ് പൊതുമാപ്പ് ആനുകൂല്യം ലഭിക്കുക. ആഭ്യന്തരമന്ത്രാലയം അണ്ടര്‍സെക്രട്ടറി ലെഫ്റ്റനന്റ് ജനറല്‍ ഇസാം അല്‍ നിഹാമിന്റെ അധ്യക്ഷതയില്‍ അവന്യൂസ് മാളില്‍ നടന്ന പ്രദര്‍ശനമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തടവുകാര്‍ നിര്‍മിച്ച കരകൗശലവസ്തുക്കളുടെ പ്രദര്‍ശനമേളയ്ക്ക് ഒട്ടേറെ സന്ദര്‍ശകരെത്തി. തടവുകാരുടെ വിവിധ മേഖലകളിലുള്ള നൈപുണി കണ്ടെത്തി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുകയെന്നതാണ് ലക്ഷ്യം. ജയില്‍മോചിതരാകുന്ന പ്രവാസി തടവുകാരെ ഉടന്‍ തന്നെ സ്വന്തംരാജ്യങ്ങളിലേക്ക് കയറ്റി അയക്കുമെന്നും ഫറാജ് അല്‍ സ അബി പറഞ്ഞു.
Discussion about this post