ലക്നൗ :ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരെ ഉത്തര്‍പ്രദേശില്‍ അക്രമം അഴിച്ചുവിട്ട് സമരക്കാര്‍. പൊതുമുതല്‍ നശിപ്പിച്ചു, കടകളും, വാഹനങ്ങളും തകര്‍ത്ത് പ്രതിഷേധത്തിന്റെ പേരില്‍ വലിയ അക്രമമാണ് ചിലര്‍ അഴിച്ചുവിടുന്നത്. സമാധാനപരമായ റാലികള്‍ക്ക് പോലിസ് അനുമതി നല്കിയ ഇടങ്ങളില്‍ പോലും അക്രമം അഴിച്ചുവിടുകയാണ് സമരക്കാര്‍ ചെയ്യുന്നത്. വഴിയാത്രക്കാരെയും, വാഹനങ്ങളെയും അക്രമിക്കുന്ന നിരവധി സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ഇതിനിടെ യുപിയില്‍ അക്രമങ്ങള്‍ക്കിടെ മരിച്ചവരുടെ എണ്ണം 12ആയി. മീററ്റില്‍ മൂന്നുപേരും ബിജ്നോറില് രണ്ടുപേരും സാംബല്‍, ഫിറോസാബാദ്, കാണ്‍പൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തരും കൊല്ലപ്പെട്ടതായി യുപി ഡിജിപി ഒ പി സിങ് അറിയിച്ചു. വാരാണസിയില്‍ ഇന്നലെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് എട്ടുവയസ്സുള്ള കുട്ടി മരിച്ചു. ഇതോടെ രാജ്യത്താകെ മരിച്ചവരുടെ എണ്ണം 17 ആയി.
കൊല്ലപ്പെട്ട ഒരാളും പൊലീസ് വെടിവെപ്പ് മൂലമല്ലെന്ന് യുപി ഡിജിപി അവകാശപ്പെട്ടു. കല്ലേറിലും സംഘര്‍ഷങ്ങളിലും 50 പൊലീസുകാര്‍ക്ക് പരിക്കേറ്റതായും അദ്ദേഹം അറിയിച്ചു. പ്രതിഷേധം രൂക്ഷമായതോടെ സംസ്ഥാനത്തെ 21 ജില്ലകളില്‍ ഇന്റര്‍നെറ്റിന് നിയന്ത്രണം ഏര്‍പ്പെടുത്തി. സംസ്ഥാനത്ത് 3305 പേരെ അറസ്റ്റ് ചെയ്യുകയും, 200 പേരെ കരുതല്‍ തടങ്കലില്‍ വെക്കുകയും ചെയ്തിരുന്നു.
Discussion about this post