തിരുവനന്തപുരം: മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ നല്‍കിയ പരാതിയില്‍ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടു. സംസ്ഥാന മുന്‍ വിജിലന്‍സ് കമ്മിഷണറും ഡി.ജി.പി. കേഡറിലുള്ള ഉദ്യോഗസ്ഥനുമായ ജേക്കബ് തോമസ് ഉള്‍പ്പെടെ മൂന്നംഗസംഘമാണ് ക്രമക്കേട് അന്വേഷിക്കുക. ശ്രീ ചിത്രയുടെ ഭരണസമിതിയംഗം കൂടിയാണ് ടി.പി സെന്‍കുമാര്‍.
ശ്രീചിത്രയില്‍ ഡയറക്ടറുടെ ഏകാധിപത്യമാണെന്നും ഈ നിലയില്‍ സ്ഥാപനത്തിനു മുന്നോട്ടുപോകാനാകില്ലെന്നുമാണ് സെന്‍കുമാര്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള സ്ഥാപനമാണ് ശ്രീ ചിത്ര. സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളും ഭരണസമിതിയില്‍ അംഗങ്ങളാണ്. സംസ്ഥാനസര്‍ക്കാരുമായി ഇടഞ്ഞ് നില്‍ക്കുന്ന സെന്‍കുമാറിന്റെ പരാതിയില്‍ സംസ്ഥാനസര്‍ക്കാരുമായി ഏറ്റുമുട്ടിനില്‍ക്കുന്ന ജേക്കബ് തോമസ് ഉള്‍പ്പെട്ട സംഘത്തെ അന്വേഷണത്തിനു നിയോഗിച്ചത് ശ്രദ്ധേയമാണ്.
ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് മുന്‍ ഡയറക്ടര്‍ ഡോ. ഗോവര്‍ധന്‍ മേത്ത, നിംഹാന്‍സ് ഡയറക്ടറും വൈസ് ചാന്‍സലറുമായ ഡോ. ബി.എന്‍. ഗംഗാധരന്‍ എന്നിവരാണ് മറ്റംഗങ്ങള്‍. ജനുവരി 31നകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് അണ്ടര്‍ സെക്രട്ടറി ടി. ലളിത്കുമാര്‍ സിങ്ങിന്റെ ഉത്തരവില്‍ നിര്‍ദേശിക്കുന്നു.
നാലും അഞ്ചും പേറ്റന്റ് ഉള്ളവര്‍ക്കുപോലും ശ്രീചിത്രയില്‍ ജോലികിട്ടില്ല. അവരെ തഴഞ്ഞ് താഴ്ന്ന യോഗ്യതയുള്ളവരെ എടുക്കും, നിയമനത്തില്‍ സ്വജനപക്ഷപാതം. പട്ടികജാതിവര്‍ഗ സംവരണം പാലിക്കാറില്ല. തിരഞ്ഞെടുപ്പുസമിതിയില്‍ ആ വിഭാഗത്തില്‍നിന്നുള്ളവര്‍ വേണമെന്നുണ്ടെങ്കിലും അവര്‍ക്ക് അഭിമുഖത്തില്‍ മാര്‍ക്കിടാനുള്ള അധികാരം നല്‍കാറില്ല. നിസ്സാരകാര്യങ്ങള്‍ക്കുപോലും ഡോക്ടര്‍മാര്‍ക്ക് മെമ്മോ നല്‍കും. പലര്‍ക്കും ശസ്ത്രക്രിയ നടത്താന്‍ ഒരുങ്ങുമ്പോഴാകും മെമ്മോ കിട്ടുക. ഇത് മനസ്സാന്നിധ്യം നഷ്ടമാക്കും,ഇഷ്ടമില്ലാത്തവരുടെ സ്ഥാനക്കയറ്റം തടയും. ഇതിനെതിരേ പരാതിനല്‍കാനുള്ള സംവിധാനമില്ല, രാത്രി ഒന്‍പതുമണിവരെ ഒ.പി. നടത്താന്‍ ഡോക്ടര്‍മാര്‍ തയ്യാറാണെങ്കിലും നാലുമണിയായി അത് പരിമിതപ്പെടുത്തിയത് രോഗികള്‍ക്ക് ബുദ്ധിമുട്ടായി, ഇപ്പോഴുള്ള സാമ്പത്തിക പ്രതിസന്ധി അനാവശ്യ തസ്തികകള്‍ സൃഷ്ടിച്ചതിനാലാണ് എന്നിങ്ങനെ നീളുന്നു സെന്‍കുമാറിന്റെ പരാതിയിലെ ഉള്ളടക്കം.
Discussion about this post