പാര്‍ലമെന്റ് പാസാക്കി, രാഷ്ട്രപതി ഒപ്പു വച്ച സിഎഎ യ്‌ക്കെതിരെ പ്രമേയം പാസാക്കിയ കേരള സര്‍ക്കാരിന്റെ നടപടിയ്ക്ക് മറ്റ് പ്രതിപക്ഷ സംസ്ഥാന നിയമസഭകളുടെ പിന്തുണ ഉണ്ടാവില്ല. കേരളത്തിന് പിറകെ മറ്റ് സംസ്ഥാനങ്ങളും പ്രമേയം നിയമസഭയില്‍ അവതരിപ്പിക്കുമെന്ന അഭ്യൂഹങ്ങള്‍ ഇടത് കേന്ദ്രങ്ങള്‍ പരത്തിയിരുന്നു. പിണറായി സര്‍ക്കാര്‍ പുതിയ തുടക്കമിട്ടു എന്നൊക്കെയായിരുന്നു പ്രചരണം. എന്നാല്‍ ഇടത് സര്‍ക്കാര്‍ ചെയ്തത് അബദ്ധമാണെന്ന പൊതു നിലപാടാണ് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സ്വീകരിക്കുന്നത്.
കേരളത്തില്‍ പാസാക്കിയ പ്രമേയത്തെ പിന്തുണച്ച് തമിഴ്‌നാട്ടിലെ സിപിഎം സഖ്യകക്ഷിയായ ഡിഎംകെ രംഗത്തെത്തിയിരുന്നു. ഇത്തരമൊരു പ്രമേയം തമിഴ്‌നാട് നിയമസഭയും ചര്‍ച്ച ചെയ്യണമെന്ന ആവശ്യം സ്റ്റാലിന്‍ മുന്നോട്ട് വച്ചു. എന്നാല്‍ പൗരത്വ ഭേദഗതിയെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പിന്തുണച്ച എന്‍ഡിഎ സഖ്യകക്ഷിയായ എഐഎഡിഎംകെ ഭരിക്കുന്ന സംസ്ഥാനത്ത് അത്തരമൊരു പ്രമേയം അവതരിപ്പിക്കാന്‍ സാധ്യതയില്ല.
പൗരത്വ ഭേദഗതിക്കെതിരെ ഡല്‍ഹി ഭരിക്കുന്ന എഎപിയും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഡല്‍ഹി നിയമസഭയും കേരളം പാസാക്കിയത് പോലുള്ള ഒരു പ്രമേയം അവതരിപ്പിക്കാനുള്ള സാധ്യത നിരാകരിക്കുകയാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സിഎഎയ്ക്ക് എതിരായി ശക്തമായ സമരങ്ങള്‍ പോലും നടക്കുന്നില്ല എന്നതാണ് അവസ്ഥ. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് മുസ്ലിം മതസംഘടനകളെ രംഗത്തിറക്കി അക്രമസമരങ്ങള്‍ അരങ്ങേറുന്നത്. ആന്ധ്രപ്രദേശ്, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ സിഎഎയോട് അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. പല കക്ഷികള്‍ക്ക് ദേശീയ പൗരത്വ രജിസ്ട്രര്‍ ദേശവ്യാപകമായി നടപ്പാക്കുന്നതിനോട് എതിര്‍പ്പുണ്ടെങ്കിലും സിഎഎയോട് അനുഭാവ സമീപനമാണ് ഉള്ളത്.
സുപ്രിം കോടതി പരിഗണിക്കുന്ന, പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ, രാഷ്ട്രപതി ഒപ്പുവച്ച നിയമത്തെ ഒരു നിയമസഭ എതിര്‍ത്ത് പ്രമേയം പാസാക്കുന്നത് ഫെഡറല്‍ തത്വത്തിന്റെ ലംഘനമാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഭരണഘടനാ വിരുദ്ധമായ പ്രമേയം എന്നാണ് പലരും എല്‍ഡിഎഫ്-യുഡിഎഫ് പിന്തുണയോടെ പാസാക്കിയ പ്രമേയത്തെ വിലയിരുത്തുന്നത്. ചട്ടലംഘനം ചൂണ്ടിക്കാട്ടി ഇടത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിയമനടപടികള്‍ക്കും തുടക്കമായിട്ടുണ്ട്. കേരളത്തിലെ സര്‍ക്കാര്‍ കാണിച്ചത് പോലുള്ള അബദ്ധം കാണിക്കാനില്ല എന്ന നിലപാടിലാണ് പ്രതിപക്ഷം ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍. കേരളത്തിലെ മുസ്ലിം വോട്ട് ബാങ്കിനെ കൂടെ നിര്‍ത്താനുള്ള എല്‍ഡിഎഫ്-യൂഡിഎഫ് കക്ഷികളുടെ തമ്മില്‍ തല്ലാണ് കേരളത്തെ ഇത്തരമൊരു നിലപാടിലേക്ക് നയിച്ചതെന്നാണ് വിമര്‍ശനം.
പൗരത്വ വിഷയത്തില്‍ സംസ്ഥാനത്തിന് യാതൊരു പങ്കുമില്ലെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രമേയത്തെ തള്ളിയിരുന്നു. നിയമം നടപ്പാക്കാതിരിക്കാന്‍ കേരളത്തിന് കഴിയില്ലെന്നും, മറിച്ചുള്ള പ്രചരണം നുണയാണെന്നും കേന്ദ്രമന്ത്രിമാരും വ്യക്തമാക്കി.












Discussion about this post