ഡൽഹി: പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചുള്ള ബോധവത്കരണ പരിപാടിയുടെ ഭാഗമായി അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സിഖ് അഭയാർത്ഥികളെ സന്ദർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപിയുടെ ഗൃഹസമ്പർക്ക പരിപാടിയുടെ ഭാഗമായി ഡൽഹിയിലെ അമർ കോളനിയിലെത്തിയപ്പോഴായിരുന്നു അദ്ദേഹം സിഖ് അഭയാർത്ഥികളെ സന്ദർശിച്ചത്. ലജ്പത് നഗറിലെത്തിയ അമിത് ഷാ അവിടെയുള്ള പ്രവർത്തകർക്കൊപ്പം വീടുകളിൽ കയറി പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് വിശദീകരിക്കുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു.
ബിജെപി വർക്കിംഗ് പ്രസിഡന്റ് ജെ പി നദ്ദ ഗാസിയാബാദിലും രാജ്യരക്ഷാ വകുപ്പ് മന്ത്രി രാജ്നാഥ് സിംഗ് ലഖ്നൗവിലും ഗൃഹസമ്പർക്കം നടത്തി. ലഖ്നൗവിലെ തന്റെ മണ്ഡലത്തിൽ കലാപകാരികൾ നടത്തിയ അക്രമങ്ങളെക്കുറിച്ച് അദ്ദേഹം നേരിട്ട് വിലയിരുത്തൽ നടത്തി. കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി നാഗ്പൂരിലും സദാനന്ദ ഗൗഡ ബംഗലൂരുവിലും നിർമ്മല സീതാരാമൻ ജയ്പുരിലും ഗൃഹസമ്പർക്കങ്ങൾ നടത്തി.
മറ്റ് മന്ത്രിമാരായ രവി ശങ്കർ പ്രസാദും സ്മൃതി ഇറാനിയും പിയൂഷ് ഗോയലും രമേശ് പൊഖ്രിയാലും ധർമേന്ദ്ര പ്രധാനും വിവിധയിടങ്ങളിൽ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോൺഗ്രസ്സും മറ്റ് പ്രതിപക്ഷ പാർട്ടികളും നടത്തുന്ന പ്രചാരണങ്ങളെ പൊതുജന മദ്ധ്യത്തിൽ തുറന്നു കാട്ടാൻ കഴിഞ്ഞതായി നേതാക്കൾ പ്രതികരിച്ചു.
പ്രീണന രാഷ്ട്രീയം കളിക്കുന്ന കോൺഗ്രസ്സ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അവർ അക്രമികളെ പ്രോത്സാഹിപ്പിക്കുകയാണെന്നും നിർമ്മല സീതാരാമൻ ജയ്പൂരിൽ പറഞ്ഞു. യുവാക്കൾക്ക് പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് എന്ത് ആശയക്കുഴപ്പമുണ്ടായാലും സർക്കാർ അത് പരിഹരിക്കുമെന്നും എന്നാൽ മനപ്പൂർവ്വം കുഴപ്പങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നവരോട് ഒരു തരത്തിലും സന്ധി ചെയ്യില്ലെന്നും കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് വ്യക്തമാക്കി. ഇന്ത്യ പ്രതിഷേധിക്കാൻ അവകാശമുള്ള ജനാധിപത്യ രാഷ്ട്രമാണെന്നും എന്നാൽ ദേശീയ സുരക്ഷയുടെ കാര്യത്തിൽ ഒരു ഒത്തുതീർപ്പും സാദ്ധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ബിജെപി നടത്തുന്ന ഗൃഹസമ്പർക്ക പരിപാടിക്ക് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. വലിയ സ്വീകാര്യതയും മികച്ച പ്രതികരണവുമാണ് രാജ്യവ്യാപകമായി പരിപാടിക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.
Discussion about this post